തിരുവനന്തപുരം: പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് എലപ്പുള്ളി ഗ്രാമപഞ്ചായത്തില്‍ 600 കോടി നിക്ഷേപത്തില്‍ ഒരു വന്‍കിട മദ്യനിര്‍മാണ കമ്പനിക്ക് എക്‌സൈസ് വകുപ്പ് അനുമതി നല്‍കിയ തീരുമാനം വന്‍ വിവാദത്തിലായിരിക്കുകയാണല്ലോ. എക്‌സൈസ് മന്ത്രി എംബി രാജേഷിൻ്റെ സ്വന്തം ജില്ലയില്‍ കമ്പനിക്ക് നിര്‍മാണ അനുമതി നല്‍കിയതിനെതിരെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം തെരുവിലിറങ്ങി കഴിഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
600 കോടി രൂപ മുടക്കുമുതലില്‍ നാലുഘട്ടമായി 500 കിലോ ലിറ്റര്‍ ശേഷിയുള്ള എഥനോള്‍ പ്ലാൻ്റ്, മള്‍ട്ടി ഫീഡ് ഡിസ്റ്റിലേഷന്‍ യൂണിറ്റ്, ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ യൂണിറ്റ്, ബ്രൂവറി, മാള്‍ട്ട് സ്‌പിരിറ്റ് പ്ലാൻ്റ്, ബ്രാണ്ടി-വൈനറി പ്ലാൻ്റ് എന്നിവയുള്‍പ്പെട്ട സംയോജിത മദ്യ നിര്‍മാണ യൂണിറ്റ് സ്ഥാപിക്കാന്‍ മധ്യപ്രദേശ് ആസ്ഥാനമായ ഒയാസിസ് കമ്പനിക്ക് അനുമതി നല്‍കിയതിനതിരെ എലപ്പുള്ളി പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസ് ഭരണ സമിതി പ്രമേയം പാസാക്കിയതോടെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായിരിക്കുകയാണ്. വിവാദമായ മദ്യ നിര്‍മാണ ലൈസന്‍സ് നല്‍കിയ പശ്ചാത്തലത്തില്‍ കേരളത്തിലെ മദ്യ നിര്‍മാണ മേഖലയെക്കുറിച്ച് സമഗ്രമായ അന്വേഷണം.
കേരളത്തില്‍ സ്‌പിരിറ്റ് നിര്‍മാണമുണ്ടോ?
യഥേഷ്‌ടം മദ്യം ലഭ്യമായ കേരളത്തില്‍ മദ്യം നിര്‍മിക്കാന്‍ അത്യന്താപേക്ഷിതമായ സ്‌പിരിറ്റ് നിർമാണമില്ല എന്നതാണ് സത്യം. എന്നാല്‍ കേരളത്തില്‍ മദ്യം നിര്‍മിക്കാന്‍ ഒരു മാസം 80 ലക്ഷം ലിറ്റര്‍ സ്‌പിരിറ്റ് വേണം. അതെങ്ങനെയെന്ന് നോക്കാം.
കേരളത്തില്‍ ഒരു മാസം 20 ലക്ഷം കെയ്‌സ് മദ്യമാണ് ശരാശരി വില്‍പന നടത്തുന്നത്. ഒരു കെയ്‌സ് എന്നാല്‍ 12 കുപ്പി ഫുള്‍ ബോട്ടില്‍ മദ്യം. ഫുള്‍ ബോട്ടില്‍ എന്നാല്‍ 750 മില്ലി ലിറ്റര്‍. അങ്ങനെ ഒരു കെയ്‌സില്‍ 9 ലിറ്റര്‍ മദ്യം. ഒരു കെയ്‌സ് മദ്യം നിര്‍മിക്കാന്‍ വേണ്ടത് 4 ലിറ്റര്‍ സ്‌പിരിറ്റ്. അപ്പോള്‍ കേരളത്തില്‍ ഒരു മാസം വില്‍ക്കുന്ന 20 ലക്ഷം കെയ്‌സ് മദ്യം നിര്‍മിക്കാന്‍ ഒരു കെയ്‌സിനു 4 ലിറ്റര്‍ വെച്ച് ഒരു മാസം വേണ്ടത് 80 ലക്ഷം ലിറ്റര്‍ സ്‌പിരിറ്റ്. ഇത്രയും 80 ലക്ഷം ലിറ്റര്‍ സ്‌പിരിറ്റും സംസ്ഥാനത്ത് പുറത്തു നിന്നാണ് കൊണ്ടു വരുന്നത്.
കേരളത്തില്‍ ലൈസന്‍സുള്ളത് 18 മദ്യകമ്പനികള്‍ക്ക്
1995 ന് ശേഷം കേരളത്തില്‍ പുതുതയായി ഒരു മദ്യക്കമ്പനിക്ക് പോലും ലൈസന്‍സ് നല്‍കിയിട്ടില്ലെന്നതാണ് ഏറ്റവും രസകരമായ ഒരു വസ്‌തുത. എകെ ആൻ്റണി കേരളത്തിൻ്റെ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് 1995ല്‍ മദ്യ കമ്പനികള്‍ക്ക് ഇനിമേൽ പുതുതായി ലൈസന്‍സ് നല്‍കേണ്ട എന്ന തീരുമാനത്തിലേക്ക് എത്തുന്നത്. ഇത്തരത്തില്‍ അന്നത്തെ യുഡിഎഫ് സര്‍ക്കാര്‍ തീരുമാനമെടുക്കുമ്പോള്‍ കേരളത്തില്‍ ലൈസന്‍സുള്ള മദ്യക്കമ്പനികളുടെ എണ്ണം 18 ആയിരുന്നു.
അത്രയും ലൈസന്‍സുകളാണ് ഇപ്പോഴും കേരളത്തില്‍ ഉള്ളത്. ഇതിലൊരു ലൈസന്‍സും ഡിസ്‌റ്റിലറി ലൈസന്‍സ് അല്ല. എല്ലാ ലൈസന്‍സുകളും ബ്ലെന്‍ഡിംഗ് ആന്‍ഡ് ബോട്ടിലിംഗിനുള്ളതാണ്. ഡിസ്റ്റിലറി ലൈസന്‍സാണ് സ്‌പിരിറ്റ് നിര്‍മാണ ലൈസന്‍സ്. ബ്ലെന്‍ഡിംഗ് ആന്‍ഡ് ബോട്ടിലിംഗ് എന്നതു കൊണ്ട് അര്‍ഥമാക്കുന്നത് പുറത്ത് നിന്നും സ്‌പിരിറ്റ് സംസ്ഥാനത്തെത്തിച്ച് മദ്യമാക്കി മാറ്റി കുപ്പികളില്‍ നിറച്ച് ബിവറേജസ് കോര്‍പ്പറേഷന് വില്‍പന നടത്തുന്നതിനെയാണ്. ഈ ലൈസന്‍സുളള കമ്പനികളാണ് 18 എണ്ണവും.
ഇതില്‍ രണ്ടെണ്ണം ബിയർ നിര്‍മിക്കുന്ന ബ്രൂവറികളാണ്. ലൈസന്‍സുള്ള 18 കമ്പനികളില്‍ ചേര്‍ത്തലയിലെയും പാലക്കാട്ടെയും മക്‌ഡോവല്‍ കമ്പനി നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല. ചാലക്കുടിയില്‍ പ്രവര്‍ത്തിക്കുന്ന കാള്‍സ്, പാലക്കാട് പ്രവര്‍ത്തിക്കുന്ന യുണൈറ്റഡ് ബിവറീസ് അഥവാ കിംഗ്‌ഫിഷര്‍(കെഎഫ്) എന്നിവയാണ് ബ്രൂവറികൾ.
കേരളത്തില്‍ ലൈസന്‍സുള്ള കമ്പനികള്‍
കമ്പനിയുടെ പേര് | പ്രതിമാസ നിർമാണ ശേഷി |
നോർമാന്‍ഡി | 1.5 ലക്ഷം കെയ്‌സുകള്‍ |
കെഎസ് ഡിസ്‌റ്റിലറീസ് | 2 ലക്ഷം കെയ്‌സുകള്‍ |
യുണൈറ്റഡ് ഡിസ്‌റ്റിലറീസ് | 2.5 ലക്ഷം കെയ്‌സുകള്‍ |
എസ് ഡി എഫ് | 3 ലക്ഷം കെയ്‌സുകള്‍ |
അമൃത് | 1.2 ലക്ഷം കെയ്‌സുകള്‍ |
യെംപീ | 2.5 ലക്ഷം കെയ്‌സുകള്‍ |
കെഎപിഎല്‍ | 2 ലക്ഷം കെയ്‌സുകള്‍ |
എലൈറ്റ് | 2.5 ലക്ഷം കെയ്‌സുകള്‍ |
കെഎവൈസീ | 1.5 ലക്ഷം കെയ്‌സുകള്‍ |
പോള്‍സണ്‍ | 2.5 ലക്ഷം കെയ്‌സുകള്‍ |
ദേവികുളം | 3 ലക്ഷം കെയ്‌സുകള്‍ |
കാസനോവ | 1 ലക്ഷം കെയ്‌സുകള്‍ |
സെവന്‍ സീസ് | 3.5 ലക്ഷം കെയ്‌സുകള്‍ |
സൗത്ത് ട്രാവന്‍കൂര്‍ | 1.2 ലക്ഷം കെയ്‌സുകള്‍ |
ഇംപീരിയല്‍ | 3 ലക്ഷം കെയ്‌സുകള്‍ |
ഇന്‍ഡോ സ്‌കോട്ടിഷ് | 0.75 ലക്ഷം കെയ്‌സുകള്‍ |
ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് | 2.5 ലക്ഷം കെയ്‌സുകള്‍ |
കേരളത്തില്‍ സ്‌പിരിറ്റ് വരുന്ന വഴി
കേരളത്തില്‍ മദ്യം ഉത്പാദിപ്പിക്കുന്നതിനാവശ്യമായ സ്‌പിരിറ്റ് നിര്‍മിക്കുന്ന ഡിസ്റ്റിലറികള്‍ ഒന്നുമില്ലെന്ന് പറഞ്ഞല്ലോ. അപ്പോള്‍ കേരളത്തില്‍ ആവശ്യമായ മദ്യ നിര്‍മാണത്തിനാവശ്യമയ സ്‌പിരിറ്റ് കൊണ്ടുവരുന്നത് പ്രധാനമായും മഹാരാഷ്ട്ര, മധ്യപ്രദേശ്, പഞ്ചാബ്, കര്‍ണാടക, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നാണ്. ഒരു മാസം ഏകദേശം 80 ലക്ഷം ലിറ്റര്‍ സ്‌പിരിറ്റ് ഇത്രയും സംസ്ഥാനങ്ങളിലെ ഡിസ്‌റ്റിലറികളില്‍ നിന്നാണ് സംസ്ഥാനത്തെത്തിക്കുന്നത്. ഇതിനെ മദ്യമാക്കി മാറ്റി കുപ്പികളില്‍ നിറച്ച് വില്‍പന നടത്തുന്നതിനുള്ള ലൈസന്‍സാണ് കേരളത്തിലെ 18 കമ്പനികള്‍ക്കുള്ളത്.
ഒയാസിസിനെക്കുറിച്ച് കേരളത്തിലെ മദ്യ വിതരണക്കാര്‍ പറയുന്നത്
മധ്യപ്രദേശിലെ ധാര്‍ ആസ്ഥാനമായ മദ്യക്കമ്പനിയാണ് ഒയാസീസ് ഡിസ്‌റ്റിലറീസ് ലിമിറ്റഡ്. ഇന്ത്യയിലെ വന്‍കിട സ്‌പിരിറ്റ് നിര്‍മാതാക്കളില്‍ പ്രധാനികളാണ്. കേരളത്തില്‍ ബിവറേജസ് കോര്‍പ്പറേഷനിലൂടെ വില്‍പന നടത്തുന്ന റോയല്‍ ആംസ് എന്ന ബ്രാന്‍ഡി ഈ കമ്പനിയുടേതാണ്. കേരളത്തില്‍ നിലവില്‍ നേടിയ ലൈസന്‍സ് അനുസരിച്ച് ഒയാസിസിന് 30 ലക്ഷം ലിറ്റര്‍ സ്‌പിരിറ്റ് പ്രതിമാസം നിര്‍മിക്കാന്‍ കഴിയും.
ഇതിൻ്റെ 30 ശതമാനം സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജവാന്‍ മദ്യ നിര്‍മാതാക്കളായ ട്രാവന്‍കൂര്‍ ഷുഗേഴ്‌സിന് നല്‍കുമെന്നാണ് മദ്യ നിര്‍മാതാക്കള്‍ പറയുന്നത്. മാത്രമല്ല സംസ്ഥാനത്ത് നിന്ന് മദ്യ നിര്‍മാണത്തിനാവശ്യമായ സ്‌പിരിറ്റ് ലഭ്യമാകുന്നതോടെ മദ്യ നിര്‍മാണ ചെലവ് കുറയുകയും വ്യവസായം കൂടുതല്‍ ലാഭകരമാകുകയും ചെയ്യുമെന്ന് പേര് വെളിപ്പെടുത്താന്‍ ആഗ്രഹമില്ലാത്ത ഒരു മദ്യവ്യാപാരി ഇടിവി ഭാരതിനോട് പറഞ്ഞു.
അരലിറ്റര്‍ മദ്യം ബെവ്‌കോ ഔട്ട്ലെറ്റില്‍ നല്‍കുന്നത് 36 രൂപയ്ക്ക്
മദ്യ ഉപഭോക്താക്കള്‍ 400 മുതല്‍ 500 രൂപവരെ നല്‍കി വാങ്ങി ഉപയോഗിക്കുന്ന അര ലിറ്റര്‍ ബോട്ടില്‍ മദ്യം നിര്‍മാതാക്കള്‍ ബെവ്‌കോ വെയര്‍ഹൗസില്‍ എത്തിച്ച് നല്‍കുന്നത് വെറും 36 രൂപയ്ക്കാണെന്ന് എത്രപേര്‍ക്കറിയാം. അതായത് അരലിറ്ററിൻ്റഎ ഒരു കെയ്‌സ് മദ്യത്തിൻ്റെ യഥാര്‍ഥ വില വെറും 650 രൂപയാണ്. അതായത് അര ലിറ്ററിൻ്റെ 18 കുപ്പി മദ്യത്തിൻ്റെ വിലയാണ് വെറും 650 രൂപ.
ഇതിന് 400 ശതമാനത്തിലധികം നികുതി ചുമത്തി 400 മുതല്‍ 500 വരെ രൂപയ്ക്കാണ് ബെവ്‌കോ വില്‍പന നടത്തുന്നത്. ഇവിടെയാണ് മദ്യ ഉപഭോക്താക്കളെ സര്‍ക്കാര്‍ അമിതമായി ചൂഷണം ചെയ്യുന്നതിൻ്റെ ചിത്രം വ്യക്തമാകുന്നത്. ഇത് കേരളത്തിലെ മാത്രം സ്ഥിതിയല്ല. ഏറിയും കുറഞ്ഞും മിക്കവാറും എല്ലാ സംസ്ഥാനങ്ങളിലും ഇതു തന്നെയാണ് സ്ഥിതി.