തിരുവനന്തപുരം: സംസ്ഥാനത്ത് താപനിലയില്‍ വന്‍ വര്‍ധന. ചൊവ്വയും ബുധനും ഒറ്റപ്പെട്ടയിടങ്ങളില്‍ രണ്ട് മുതല്‍ മൂന്ന് ഡിഗ്രി വരെ താപനില ഉയര്‍ന്നേക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ഉയര്‍ന്ന താപനിലയും അന്തരീക്ഷത്തിലെ ഈര്‍പ്പവും കാരണം അസ്വസ്ഥതകളുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.
കണ്ണൂരില്‍ ചൂട് 19 ന് 32 വരെ എത്തിയ ശേഷം 35 ഡിഗ്രിയിലേക്കുയര്‍ന്നു. കുറഞ്ഞ താപനില 24 ഡിഗ്രിയില്‍ തുടരുകയാണ്. കഴിഞ്ഞയാഴ്‌ചത്തെ 26 ഡിഗ്രിയില്‍ നിന്നാണ് കുറഞ്ഞ താപനില വീണ്ടും താഴ്‌ന്നത്. കോഴിക്കോട്ട് ഉയര്‍ന്ന താപനില 32.8 ഡിഗ്രിയാണ്. കഴിഞ്ഞ ഒരാഴ്‌ചയ്‌ക്കിടെ കോഴിക്കോട്ട് താപനില കുറഞ്ഞു വരികയാണ്. ജനുവരി 15 ന് 36 ഡിഗ്രിയായിരുന്ന താപനിലയാണ് 32.8 ഡിഗ്രിയിലെത്തിയത്. കുറഞ്ഞതാപനില 26 ഡിഗ്രിയില്‍ തുടരുകയാണ്.
കൊച്ചിയില്‍ താപനില മാറ്റമില്ലാതെ തുടരുകയാണ്. കൂടിയ താപനില 32.2 ഡിഗ്രി, കുറഞ്ഞത് 25 ഡിഗ്രി. എന്നാൽ തൃശൂരില്‍ താപനില ഉയരുകയാണ്. 34.5 ഡിഗ്രിയാണ് ഇന്ന് കൂടിയ താപനില. ജനുവരി പതിനഞ്ചിന് 32 ഡിഗ്രിയായിരുന്നു. കുറഞ്ഞ താപനിലയിലും ഇടിവ് ദൃശ്യമാണ്. 26 ഡിഗ്രിയായിരുന്ന കുറഞ്ഞ താപനില 24.1 ലെത്തി.
പാലക്കാട്ട് ചൂട് കൂടുകയാണ്. രണ്ടു ദിവസം മുമ്പ് 30 ഡിഗ്രിയായിരുന്ന ഉയര്‍ന്ന താപനില ഇന്ന് 33 ലെത്തി. കുറഞ്ഞ താപനിലയും 23.9 ഡിഗ്രിയില്‍ നില്‍ക്കുകയാണ്. കോട്ടയത്ത് ഉഷ്‌ണം ഏറിയും കുറഞ്ഞുമിരിക്കുകയാണ്. ഞായറാഴ്‌ച 33.1 ഡിഗ്രിയായിരുന്നത് ഇന്നലെ 34.6 ലെത്തി. കുറഞ്ഞ താപനിലയില്‍ വലിയ മാറ്റമില്ല. 21.8 ഡിഗ്രി.
പുനലൂരില്‍ ചൂട് ശരാശരിക്ക് മുകളിലേക്ക് പോയിട്ടില്ല. കഴിഞ്ഞയാഴ്‌ച ഉയര്‍ന്ന താപനില 34 ഡിഗ്രിയായിരുന്നത് ഇന്ന് 34 ഡിഗ്രിയോടടുത്ത് നില്‍ക്കുന്നു. കുറഞ്ഞ ചൂട് ഇന്ന് 22 ഡിഗ്രിയാണ്. തിരുവനന്തപുരത്തും ചൂട് ചെറിയ തോതില്‍ ഉയരുകയാണ്. ഞായറാഴ്‌ച കൂടിയ ചൂട് 30.8 ഡിഗ്രിയായിരുന്നത് ഇന്നലെ 33.8 ഡിഗ്രിയിലെത്തി. കുറഞ്ഞ താപനില 24.4 ഡിഗ്രിയാണ്. കുറഞ്ഞ താപനിലശരാശരിയേക്കാള്‍ രണ്ടു ഡിഗ്രിയോളം കൂടുതലാണ് തിരുവനന്തപുരത്ത്.
പ്രധാന ജാഗ്രതാ നിര്‍ദേശങ്ങള്‍:
- രാവിലെ 11 മുതല്‍ വൈകിട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.
- പരമാവധി ശുദ്ധജലം കുടിക്കുക, ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക
- നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതളപാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കുക
- അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്‌ത്രങ്ങള്‍ ധരിക്കുക
- പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക, കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നന്നായിരിക്കും.
- പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക.
Also Read: എക്കാലത്തെയും ചൂടേറിയ വര്‍ഷമായി 2024; മറികടന്നത് പാരിസ് ഉടമ്പടിയിലെ പരിധി