തെന്നിന്ത്യൻ സൂപ്പർതാരം അല്ലു അർജുൻ നായകനായി ഇന്ന് (ഡിസംബർ 5) ആഗോളതലത്തിൽ റിലീസിനെത്തിയ പുഷ്‌പ 2 ൻ്റെ വ്യാജൻ ഇൻ്റർനെറ്റിൽ. തെലുഗു തമിഴ് ഹിന്ദി ഭാഷകളിലാണ് സിനിമയുടെ വ്യാജപ്രിൻ്റ് പുറത്തിറങ്ങിയത്. ഇന്ന് ഉച്ചയോട് കൂടി ചിത്രത്തിൻ്റെ വ്യാജൻ ഇൻ്റർനെറ്റിൽ പ്രചരിക്കുകയായിരുന്നു. കുപ്രസിദ്ധ വെബ്സൈറ്റായ തമിഴ് ബ്ലാസ്‌റ്റേഴ്‌സാണ് ചിത്രത്തിൻ്റെ വ്യാജ പതിപ്പ് ഇൻ്റർനെറ്റിൽ അപ്‌ലോഡ് ചെയ്‌തത്. ഇതിനോടകം 80,000ത്തിൽ അധികം ഡൗൺലോഡുകൾ നടന്നു കഴിഞ്ഞിരിക്കുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വ്യാജ പ്രിൻ്റുകൾ കൈവശം വെയ്ക്കുന്നതും പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇന്ത്യൻ സിനിമയുടെ അടിവേരറുക്കുന്ന സമീപനമാണ് വർഷങ്ങളായി തമിഴ് റോക്കേഴ്‌സ് എന്ന കുപ്രസിദ്ധ വെബ്സൈറ്റ് സ്വീകരിച്ചിട്ടുള്ളത്. രണ്ട് മാസങ്ങൾക്ക് മുമ്പ് ഈ വെബ്സൈറ്റിൻ്റെ കണ്ണികളായ രണ്ടു പേരെ കേരളാ പൊലീസ് അറസ്റ്റ് ചെയ്‌തിരുന്നു. ദൃശ്യ ശ്രവ്യ നിലവാരം ഒട്ടും ഇല്ലാത്ത ഇത്തരം പ്രിൻ്റുകൾക്ക് സിനിമയുടെ യഥാർഥ ആസ്വാദന തലം പ്രേക്ഷകർക്ക് പകർന്ന് നൽകാൻ കഴിയില്ല.
എങ്കിലും അര ലക്ഷത്തിലധികം ആളുകൾ ഈ വ്യാജ പ്രിൻ്റുകൾ ഡൗൺലോഡ് ചെയ്‌ത് കാണുന്നു എന്നുള്ളത് അപകടകരമായ വസ്‌തുതയാണ്. വ്യാജ പ്രിൻ്റ് ഇൻ്റർനെറ്റിൽ പ്രത്യക്ഷപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പുഷ്‌പ ടുവിൻ്റെ അണിയറ പ്രവർത്തകർ ഇതുവരെയും പ്രതികരിച്ചിട്ടില്ല. കുപ്രസിദ്ധ പൈറസി വെബ്സൈറ്റായ തമിഴ് റോക്കേഴ്‌സ് ഒരു വർഷം മുൻപാണ് തമിഴ് ബ്ലാസ്റ്റേഴ്‌സ് എന്ന പേരിൽ ഇൻ്റർനെറ്റിൽ വീണ്ടും സജീവമായത്.