വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ദുരിതബാധിതര്‍ക്ക് കൈത്താങ്ങായി നടന്‍ പൃഥ്വിരാജ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് 25 ലക്ഷം രൂപയാണ് പൃഥ്വിരാജ് സംഭാവന നല്‍കിയത്.
താരങ്ങളടക്കം നിരവധി പേരാണ് ദുരിതാശ്വാസ നിധിയിലേയ്‌ക്ക് ഇതിനോടകം തന്നെ ധനസഹായം നല്‍കിയത്. നേരത്തെ മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, നസ്രിയ നസീം, ടൊവിനോ തോമസ്, ആസിഫ് അലി, സൗബിന്‍ ഷാഹിര്‍, മഞ്ജു വാര്യര്‍, ജോജു ജോര്‍ജ്, നവ്യാ നായര്‍ തുടങ്ങീ താരങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് സഹായങ്ങള്‍ നല്‍കിയിരുന്നു.
ദുരന്തഭൂമിയില്‍ നേരിട്ടെത്തിയ മോഹന്‍ലാല്‍, തന്‍റെ മാതാപിതാക്കളുടെ പേരില്‍ തുടങ്ങിയ വിശ്വശാന്തി ഫൗണ്ടേഷന്‍ മൂന്ന് കോടി രൂപ നല്‍കുമെന്ന് പ്രഖ്യാപിച്ചു. ഉരുള്‍പൊട്ടലില്‍ നശിച്ചു പോയ സ്‌കൂള്‍ പുനര്‍നിര്‍മിക്കുമെന്നും താരം പറഞ്ഞിരുന്നു. മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖര്‍ സല്‍മാന്‍ 15 ലക്ഷം രൂപയുമാണ് നല്‍കിയത്.
മലയാളത്തിന് പുറമെ തമിഴ്, തെലുഗു സിനിമ താരങ്ങളും ഒറ്റക്കെട്ടായി സഹായത്തിന് എത്തിയിരുന്നു. പ്രഭാസ് രണ്ട് കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്‌ക്ക് നല്‍കിയത്. ഒരു കോടി രൂപയാണ് രാം ചരണും ചിരഞ്ജീവിയും ചേര്‍ന്ന് നല്‍കിയത്. കാര്‍ത്തിയും, സൂര്യയും ജ്യോതികയും ചേര്‍ന്ന് നല്‍കിയത് 50 ലക്ഷം രൂപയാണ്. കമല്‍ ഹാസന്‍ 25 ലക്ഷം രൂപയും, അല്ലു അര്‍ജുന്‍ 25 ലക്ഷവും, വിക്രം 20 ലക്ഷം രൂപയും രശ്‌മിക മന്ദാന 10 ലക്ഷവും നല്‍കി.
തമിഴ്‌നാട് സര്‍ക്കാരിന്‍റെ ധനസഹായവും കേരളത്തിന് ലഭിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് കോടി രൂപയാണ് തമിഴ്‌നാട് സര്‍ക്കാര്‍ കേരളത്തിന് നല്‍കിയത്. അതേസമയം വയനാടിനായി ഇനിയും ആവശ്യങ്ങള്‍ ഉണ്ടെന്നും ദുരിതാശ്വാസ നിധിയിലേയ്‌ക്ക് തുടര്‍ന്നും സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടിരുന്നു.
Also Read:വയനാടിന് കൈത്താങ്ങായി പ്രഭാസും; ദുരിതാശ്വാസ നിധിയിലേക്ക് 2 കോടി കൈമാറി - Prabhas Donate Two Crore To Wayanad