വമ്പൻ താരനിര അണിനിരക്കുന്ന 'കൽക്കി 2898 എഡി' സിനിമയുടെ പുതിയ റിലീസ് തീയതി പുറത്ത്. പ്രഭാസ് നായകനാകുന്ന ഈ സയൻസ് ഫിക്ഷൻ ചിത്രം ജൂൺ 27 ന് ആഗോളവ്യാപകമായി റിലീസ് ചെയ്യും. നേരത്തെ മേയ് 9 ന് ചിത്രം ബിഗ് സ്‌ക്രീനുകളിൽ എത്തുമെന്നാണ് നിർമാതാക്കൾ അറിയിച്ചിരുന്നത്. ഇപ്പോഴിതാ റിലീസ് തീയതിയിൽ മാറ്റം വരുത്തിയിരിക്കുകയാണ്.
ഇന്ത്യൻ സിനിമാലോകം ഒന്നടങ്കം കാത്തിരിക്കുന്ന 'കൽക്കി 2898 എഡി' ദേശീയ അവാർഡ് ജേതാവായ നാഗ് അശ്വിൻ ആണ് സംവിധാനം ചെയ്യുന്നത്. അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ, ദിഷ പടാനി എന്നിവരാണ് ഈ സിനിമയിൽ മറ്റ് സുപ്രധാന വേഷങ്ങളിൽ എത്തുന്നത്.
2898-ല്‍ ഭൂമിയില്‍ നടക്കുന്ന സംഭവങ്ങളെ ആസ്‌പദമാക്കിയുള്ളതാണ് 'കൽക്കി 2898 എഡി' എന്ന ഈ ഡിസ്റ്റോപ്പിയൻ ചിത്രമെന്നാണ് സൂചന. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ചിത്രമാകും കൽക്കി. എന്നാൽ ഒരു ടൈം ട്രാവല്‍ ചിത്രമല്ല ഇതെന്ന് സംഭാഷണ രചയിതാവായ സായ് മാധവ് ബുറ നേരത്തെ വ്യക്തമാക്കിയിരുന്നു.