ലൈംഗികാരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ താര സംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതില്‍ പ്രതികരിച്ച് നടി പാര്‍വതി തിരുവോത്ത്. ബര്‍ഖ ദത്തിന്‍റെ മോജോ സ്‌റ്റോറി എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പാര്‍വതിയുടെ പ്രതികരണം. ലൈംഗികാരോപണങ്ങളില്‍ ഉത്തരവാദിത്വത്തോടെ പ്രതികരിക്കേണ്ട അവസരത്തില്‍ ഭീരുക്കളെ പോലെ ഒഴിഞ്ഞുമാറിയെന്നാണ് പാര്‍വതി പറയുന്നത്.
'ആ വാർത്ത കേട്ട സമയത്ത് അവർ ഇത്ര ഭീരുക്കളാണോ എന്നാണ് ആദ്യം തോന്നിയത്. ഈ വിഷയങ്ങളിൽ ഉത്തരവാദിത്വത്തോടെ സംസാരിക്കാനുള്ള ഒരു സ്ഥാനത്താണ് അവർ ഇരുന്നിരുന്നത്. ഞങ്ങള്‍ സ്‌ത്രീകള്‍ ഇപ്പോള്‍ ചര്‍ച്ചകള്‍ നയിക്കുന്നു. സർക്കാരുമായി സംസാരിച്ച് ഈ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഒരു ചെറിയ നീക്കമെങ്കിലും അവർ നടത്തിയിരുന്നെങ്കിൽ അത് നന്നായിരുന്നു. ഈ എക്‌സിക്യൂട്ടീവ് കമ്മിറ്റി തന്നെയാണ് അന്ന് നടിയെ ആക്രമിച്ച സംഭവത്തിലെ പ്രതിയെ തിരികെ സംഘടനയിലേക്ക് തിരികെ സ്വാഗതം ചെയ്‌തത്.
അമ്മ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് എനിക്കറിയാം. ഞാനും അതിന്‍റെ ഭാഗമായിരുന്നു. അമ്മ സംഘടനയിൽ സർവാധികാരിയെ പോലെ, ഒരു എക്‌സിക്യൂട്ടീവ് കമ്മിറ്റി ഉണ്ടാകും. അവർക്ക് മുന്നിൽ ആർക്കും അഭിപ്രായം പറയാൻ സാധിക്കില്ലെന്ന് അമ്മ സംഘടനയിൽ പ്രവർത്തിച്ച ആളെന്ന രീതിയിൽ തനിക്കറിയാം. നമുക്ക് നമ്മുടെ ആവശ്യങ്ങളെ കുറിച്ച് സംസാരിക്കാന്‍ ഇവിടെ അവകാശം ഇല്ലേ? ഇനിയെങ്കിലും ഒരു മികച്ച നേതൃത്വം വന്നാൽ സംഘടന ശക്തിപ്പെടാൻ സാധ്യതയുണ്ട്. സ്ത്രീകൾക്ക് പരാതിയുണ്ടെങ്കിൽ മുന്നോട്ട് വരട്ടെ, എന്ന് പറഞ്ഞ് സർക്കാരും അശ്രദ്ധ കാണിക്കുന്ന സാഹചര്യമാണ് ഉള്ളത്.