പി പി കുഞ്ഞികൃഷ്‌ണൻ മാസ്റ്റർ ഇടിവി ഭാരതിനോട് പ്രേംലാലിന്‍റെ സംവിധാനത്തിൽ സിജു വിൽസൺ നായകനായി എത്തുന്ന ചിത്രമാണ് 'പഞ്ചവത്സര പദ്ധതി'. 'തൊണ്ടിമുതലും ദൃക്‌സാക്ഷിയും, കേശു ഈ വീടിന്‍റെ നാഥൻ' എന്നീ ചിത്രങ്ങൾക്കായി തൂലിക ചലിപ്പിച്ച സജീവ് പാഴൂരാണ് ഈ സിനിമയ്‌ക്ക് തിരക്കഥ ഒരുക്കുന്നത്. റിലീസിന് ഒരുങ്ങുന്ന 'പഞ്ചവത്സര പദ്ധതി'യിൽ കുഞ്ഞികൃഷ്‌ണൻ മാസ്റ്ററും പ്രധാന വേഷത്തിലുണ്ട്. സിനിമയെക്കുറിച്ചും തന്‍റെ അഭിനയ ജീവിതത്തെക്കുറിച്ചും ഇടിവി ഭാരതിനോട് മനസ് തുറക്കുകയാണ് അദ്ദേഹം.
ഇന്നത്തെ രാഷ്‌ട്രീയ ചുറ്റുപാടിൽ ചർച്ച ചെയ്യപ്പെടേണ്ട ചിത്രങ്ങളിൽ ഒന്നാണ് 'പഞ്ചവത്സര പദ്ധതി' എന്നാണ് കുഞ്ഞികൃഷ്‌ണൻ മാസ്റ്ററുടെ അഭിപ്രായം. കലമ്പാസുരൻ എന്ന മിത്തോളജിക്കൽ കഥാപാത്രം കൂടിയുണ്ട് ഈ ചിത്രത്തിൽ. ഈ സാങ്കൽപ്പിക കഥാപാത്രം സിനിമയ്‌ക്ക് മാറ്റുകൂട്ടുന്നു.
പേര് സൂചിപ്പിക്കുന്ന പോലെ തന്നെ ലക്ഷ്യബോധമുള്ള പദ്ധതികളാണ് ഈ സിനിമയ്‌ക്ക് ആധാരം. 'പത്തൊമ്പതാം നൂറ്റാണ്ട്' എന്ന ചിത്രത്തിന് ശേഷം സിജു വിൽസൺ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രമാണിത്. വയനാട്ടിൽ, ഏറ്റവും ചൂടുള്ള കാലാവസ്ഥയിലായിരുന്നു സിനിമയുടെ ചിത്രീകരണമെന്നും കുഞ്ഞികൃഷ്‌ണൻ മാസ്റ്റർ പറഞ്ഞു.
തണൽ പോലുമില്ലാതെ പാറക്കൂട്ടങ്ങൾ നിറഞ്ഞുനിൽക്കുന്ന പ്രദേശങ്ങളിൽ ഒന്നായിരുന്നു സിനിമയുടെ ലൊക്കേഷൻ. മലയോര മേഖലയായതുകൊണ്ടുതന്നെ പലപ്പോഴും പുലിയിറങ്ങുന്ന പ്രദേശം കൂടിയാണത്. പുലി അടക്കമുള്ള വന്യജീവികളെ ഭയന്നാണ് ഓരോ ദിവസവും ചിത്രീകരണം മുന്നോട്ടുകൊണ്ടുപോയത്.
ലൊക്കേഷനിൽ പല ഭാഗങ്ങളിലും ആഴമുള്ള പ്രദേശങ്ങളുണ്ട്. ആരെങ്കിലും ഒരാൾ വീണുപോയാൽ പൊടി പോലും തിരികെ കിട്ടില്ല. അത്തരം പ്രതിസന്ധികളിൽ വലിയൊരു സംഘത്തെ കൃത്യമായി മാനേജ് ചെയ്‌ത് ചിത്രീകരണം പൂർത്തിയാക്കുക എന്നുള്ളത് വലിയ കടമ്പയായിരുന്നു. ഈ സിനിമയുടെ ചിത്രീകരണ സമയത്താണ് കേരളത്തിലെ വിവിധ മലയോര മേഖലകളിൽ വ്യാപകമായി വന്യജീവി ആക്രമണം ഉണ്ടായത്.
അതേസമയം തന്‍റെ കാഴ്‌ചപ്പാടുകൾ സമൂഹത്തോട് പങ്കുവയ്‌ക്കുന്നതിലും രാഷ്‌ട്രീയം പറയുന്നതിലും ഒരിക്കലും ഭയം തോന്നിയിട്ടില്ലെന്നും കുഞ്ഞികൃഷ്‌ണൻ മാസ്റ്റർ പറഞ്ഞു. ഒരു കലാകാരൻ എന്നുള്ള മേൽവിലാസം അതിനൊരു വിലങ്ങുതടി ആവുകയില്ല. അധ്യാപകനായി ജോലി ചെയ്യുമ്പോഴാണ് സിനിമാഭിനയത്തിലേക്ക് കടന്നുവരുന്നത്. ജീവിതത്തിൽ ഒരിക്കലും ഒരു സിനിമാനടൻ ആകുമെന്ന് വിചാരിച്ച ആളല്ല.
പക്ഷേ 'ന്നാ താൻ കേസുകൊട്' എന്ന ചിത്രത്തിലെ മജിസ്‌ട്രേറ്റിന്‍റെ വേഷം ജീവിതം മാറ്റിമറിച്ചു. ആ കഥാപാത്രത്തിന്‍റെ ചേഷ്‌ടകൾ ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. വാദം കേൾക്കുന്നതിനിടെ മരുന്ന് കഴിക്കുന്നു, പ്രാവിനെ ഓടിക്കുന്നു അങ്ങനെയുള്ള ഇതുവരെ ആരും കണ്ടിട്ടില്ലാത്ത തരത്തിലുള്ള ആംഗ്യങ്ങൾ ഒക്കെ സംവിധായകൻ രതീഷ് പൊതുവാൾ പറഞ്ഞുതന്നതാണ്.
ഒരു അഭിനേതാവ് എന്നുള്ള രീതിയിൽ നിരീക്ഷണ ബോധം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിൽ കാസർകോട് ഭാഷ സംസാരിക്കുന്നു എന്നതുകൊണ്ട് മറ്റ് സ്ലാങ്ങുകൾ വഴങ്ങില്ല എന്നില്ല. ഇനി ഇറങ്ങാനിരിക്കുന്ന പല സിനിമകളിലും പല നാടുകളിലെ ശൈലികളിൽ സംസാരിക്കുന്നുണ്ട്. പ്രിയദർശൻ അടക്കമുള്ള സംവിധായകർ അവരുടെ ചിത്രങ്ങളിലേക്ക് തന്നെ പരിഗണിക്കുന്നുണ്ട്. അഭിനയത്തെ ഗൗരവമായി കാണണമെന്ന ബോധ്യമുണ്ടെന്നും കുഞ്ഞികൃഷ്‌ണൻ മാസ്റ്റർ പറഞ്ഞുനിർത്തി.
ALSO READ:തിയേറ്ററുകളിൽ കലമ്പാസുര ദർശനം; സിജു വിൽസന്‍റെ 'പഞ്ചവത്സരപദ്ധതി' റിലീസിന്