സംവിധായകൻ ഡിജോ ജോസ് ആന്‍റണിയും മലയാളികളുടെ പ്രിയതാരം നിവിൻ പോളിയും ആദ്യമായി കൈകോർക്കുന്ന ചിത്രമാണ് 'മലയാളി ഫ്രം ഇന്ത്യ'. മാജിക് ഫ്രെയിംസിന്‍റെ ബാനറിൽ ലിസ്റ്റിൽ സ്റ്റീഫൻ നിർമിച്ചിരിക്കുന്ന ഈ ചിത്രം മെയ് ഒന്നിന് തിയേറ്ററുകളിലെത്തും. ഇപ്പോഴിതാ ഈ സിനിമയിലെ പുതിയ ഗാനമാണ് ഏവരുടെയും ശ്രദ്ധയാകർഷിക്കുന്നത്.
മലയാളികളുടെയും ഒപ്പം കോരളത്തിന്‍റെയും സവിശേഷതകളെ വിളിച്ചുപറയുന്ന ഒരു പാട്ടാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. 'വേൾഡ് മലയാളി ആന്തം' (World Malayalee Anthem) എന്ന പേരിൽ എത്തിയ ഗാനം മികച്ച പ്രതികരണം നേടുകയാണ്. ജെയ്‌ക്‌സ് ബിജോയ്‌യാണ് സംഗീതസംവിധാനം. ഗാനം ആലപിച്ചിരിക്കുന്നത് അസൽ കോലാറാണ്.
ഈ ചിത്രത്തിലെ നേരത്തെ പുറത്തിറങ്ങിയ 'കൃഷ്‌ണ' സോങ്ങും ശ്രദ്ധ നേടിയിരുന്നു. ചിത്രത്തിന്‍റെ തിരക്കഥാകൃത്ത് കൂടിയായ ഷാരിസ് മുഹമ്മദും സുഹൈൽ കോയയും ചേർന്നാണ് ഈ ഗാനത്തിന്‍റ വരികൾ രചിച്ചത്. അക്ഷയ് ഉണ്ണികൃഷ്‌ണൻ, ജെയ്‌ക്‌സ് ബിജോയ് എന്നിവർ ചേർന്നായിരുന്നു ആലാപനം.
നിവിൻ പോളിയുടെ കരിയറിലെ തന്നെ ബിഗ് ബജറ്റ് ചിത്രമാണ് 'മലയാളി ഫ്രം ഇന്ത്യ'. സൂപ്പർ ഹിറ്റ് ചിത്രം 'ജനഗണമന'യ്‌ക്ക് ശേഷം ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന സിനിമയാണിത്. 'ജനഗണമന'യ്‌ക്ക് ശേഷം ഡിജോ ജോസും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട് 'മലയാളി ഫ്രം ഇന്ത്യ'യ്‌ക്ക്. 'ജനഗണമന'ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മുഹമ്മദ് തന്നെയാണ് ഈ ചിത്രത്തിന്‍റെയും തിരക്കഥയ്‌ക്ക് പിന്നിൽ.