ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രം 'മലയാളി ഫ്രം ഇന്ത്യ' ഇന്ന് മുതൽ തിയേറ്ററുകളിൽ. ധ്യാൻ ശ്രീനിവാസൻ, അനശ്വര രാജൻ തുടങ്ങിയവർ മറ്റ് പ്രധാന താരങ്ങളായെത്തുന്ന ഈ ചിത്രം ലിസ്റ്റിന്‍ സ്റ്റീഫന്‍റെ മാജിക്ക് ഫ്രെയിംസാണ് നിർമിച്ചിരിക്കുന്നത്.
തന്‍റെ ഓർമയിൽ ആദ്യമായാണ് ഒരു മലയാള സിനിമ ബുധനാഴ്‌ച റിലീസ് ചെയ്യുന്നതെന്ന് സംവിധായകൻ ഡിജോ ജോസ് പറഞ്ഞു. 'ജനഗണമന'യ്‌ക്ക് ശേഷം തിരക്കഥാകൃത്ത് ഷാരിസ് മുഹമ്മദ് 'മലയാളി ഫ്രം ഇന്ത്യ'യുടെ ആശയം ആദ്യം ചർച്ച ചെയ്‌തത് ലിസ്റ്റിന്‍ സ്റ്റീഫനുമായിട്ട് ആയിരുന്നു. കഥയിലെ കേന്ദ്ര കഥാപാത്രമായ ഗോപിയെക്കുറിച്ചും അയാളെ ചുറ്റിപ്പറ്റി നടക്കുന്ന സംഭവങ്ങളെ കുറിച്ചും കേട്ടപ്പോൾ ഇതിൽ ഒരു കൃത്യമായ സിനിമയുണ്ടെന്ന് ബോധ്യമായി. എല്ലാവരും കരുതും പോലെ കോമഡിക്ക് മാത്രം പ്രാധാന്യം നൽകിയിട്ടുള്ള ചിത്രം അല്ല ഇതെന്നും പ്രൊമോഷനിടെ അണിയറ പ്രവർത്തകർ വ്യക്തമാക്കി.
നിവിൻ പോളി എന്ന അഭിനേതാവിനെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്താൻ സാധിച്ച സിനിമ കൂടിയാണിത്. അദ്ദേഹത്തിന്‍റെ 360 ഡിഗ്രി പ്രകടനമാണ് ചിത്രത്തിൽ ഉള്ളത്. മലയാള സിനിമയ്‌ക്ക് ഭാഷയുടെ അതിർവരമ്പുകൾ കടന്നും പ്രേക്ഷകർ ഉണ്ടെങ്കിലും ചിത്രം മറ്റ് ഭാഷകളിലേക്ക് ഡബ്ബ് ചെയ്യാൻ ഉദ്ദേശിക്കുന്നില്ല എന്ന് കഥാകൃത്ത് ഷാരിസ് മുഹമ്മദ് വ്യക്തമാക്കി.