കേരളം

kerala

ETV Bharat / entertainment

തെരുവില്‍ നിന്നും തിരശ്ശീലയിലേക്ക്, ബസ്‌കിങ് ചെയ്‌ത സംഗീത സംവിധായകന്‍; അനുഭവങ്ങള്‍ പങ്കിട്ട് നിഖില്‍ അനില്‍കുമാര്‍

ചെറുപ്പത്തിലെ സംഗീതത്തോട് അഭിനിവേശം. ആഗ്രഹം മികച്ചൊരു സൗണ്ട് ഡിസൈനർ ആകണം എന്നത്. തെരുവിൽ പാട്ടു പാടിയും ഗിറ്റാർ വായിച്ചും മലയാള സിനിമ സംഗീത ലോകത്തേക്ക് നടന്ന് കയറിയ നിഖിൽ അനിൽകുമാർ.

By ETV Bharat Entertainment Team

Published : 5 hours ago

Updated : 5 hours ago

NIKHIL ANILKUMAR  BUSKING  ബസ്‌കിങ്  നിഖില്‍ അനില്‍കുമാര്‍
Nikhil Anilkumar (ETV Bharat)

ബസ്‌കിങ് എന്ന പ്രയോഗത്തെ കുറിച്ചുള്ള ധാരണ നമ്മൾ മലയാളികളിൽ എത്ര പേർക്കുണ്ട്? വിദേശ രാജ്യങ്ങളിലെ തെരുവുകളിൽ സർവസാധാരണമായി അരങ്ങേറുന്ന ഒരു പരിപാടിയാണ് ബസ്‌കിങ്. അതായത് തെരുവുകളിൽ പാട്ടു പാടിയോ സംഗീത ഉപകരണങ്ങൾ വായിച്ചോ കാഴ്‌ച്ചക്കാരുടെ ശ്രദ്ധയാകർഷിക്കുന്ന പരിപാടി.

തങ്ങളുടെ കലാവാസന ലോകത്തിന് മുന്നിൽ തുറന്നു കാട്ടുന്നതിനൊപ്പം നല്ല വരുമാനം കൂടിയാണ് ഇത്തരത്തിൽ ബസ്‌കിങ് ചെയ്യുന്ന കലാകാരന്‍മാരുടെ പ്രധാന ലക്ഷ്യം. കലാപ്രകടനത്തിൽ മതി മറക്കുന്നവർ കലാകാരന് നല്ല തുക സംഭാവന നല്‍കും.
നടൻ ജയറാമും മകൻ കാളിദാസും വിദേശ രാജ്യങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഇത്തരത്തിൽ ബസ്‌കിങ് ചെയ്യാറുണ്ടെന്ന് ചില അഭിമുഖങ്ങളില്‍ തുറന്നു പറഞ്ഞിരുന്നു.

Nikhil Anilkumar (ETV Bharat)

തെരുവിൽ പാട്ടു പാടിയോ സംഗീത ഉപകരണം വായിച്ചോ കാഴ്‌ച്ചക്കാരിൽ നിന്ന് പണം നേടുന്ന ബസ്‌കിങ് എന്ന സമ്പ്രദായത്തിന് നമ്മുടെ നാട്ടിൽ വികലമായ കാഴ്‌ച്ചപ്പാടാണുള്ളത്. എന്നാൽ ഇത്തരത്തിൽ തെരുവിൽ പാട്ടു പാടിയും ഗിറ്റാർ വായിച്ചും നിഖിൽ അനിൽകുമാർ എന്ന ചെറുപ്പക്കാരൻ നടന്നു കയറിയത് മലയാള സിനിമ സംഗീത ലോകത്തേയ്‌ക്കാണ്.

തിരുവനന്തപുരം കവടിയാർ സ്വദേശിയാണ് നിഖിൽ അനിൽകുമാർ. ചെറുപ്പത്തിലെ സംഗീതത്തോട് അഭിനിവേശം ഉണ്ടായിരുന്ന നിഖിലിന് മികച്ചൊരു സൗണ്ട് ഡിസൈനർ ആകാനായിരുന്നു ആഗ്രഹം. ബിരുദ പഠനം കഴിഞ്ഞ് ചെന്നൈയിൽ സൗണ്ട് ഡിസൈനിംഗ് കോഴ്‌സിന് ചേരണം. അതിനിടെ ചെറിയ പോക്കറ്റ് മണി ഉണ്ടാക്കണമെന്ന ഉദ്ദേശശുദ്ധിയോട് കൂടിയാണ് ബസ്‌കിങ് എന്ന ആശയത്തിന് പിന്നാലെ യാത്ര ചെയ്‌തത്. തിരുവനന്തപുരം മാനവീയം വീഥിയിൽ നിന്ന് തുടങ്ങിയ യാത്ര കേരളത്തിൽ അങ്ങോളം ഇങ്ങോളം എത്തിച്ചേർന്നു.

Nikhil Anilkumar (ETV Bharat)

കയ്യിൽ ഒരു ഗിറ്റാറുമായി മനസ്സിൽ തോന്നിയ വരികൾക്ക് സ്വന്തമായി ഈണം നൽകി നിഖിൽ തെരുവുകളിൽ അവതരിപ്പിച്ചു. നിഖിലിന്‍റെ ശബ്‌ദ സൗകുമാര്യവും പാട്ടുകളിലെ ആകർഷണീയതയും സായാഹ്‌നങ്ങളിൽ അയാൾക്ക് ചുറ്റും കാഴ്‌ച്ചക്കാരെയും കേൾവിക്കാരെയും കൂട്ടി. വ്യത്യസ്‌ത മനോഭാവങ്ങൾ ഉള്ള വ്യത്യസ്‌ത ചിന്താഗതികളുള്ള വേറിട്ട ലക്ഷ്യങ്ങൾക്ക് യാത്ര ചെയ്യുന്നവർ ഒരു നിമിഷം നിഖിലിന്‍റെ സംഗീതത്തിൽ മതിമറന്ന് ഒരുമിച്ചു കൂടി. രണ്ട് മൂന്ന് മണിക്കൂർ തെരുവുകളിൽ കലാപ്രകടനം നടത്തുമ്പോൾ 3000 രൂപയിൽ അധികം വരുമാനം ലഭിക്കുമെന്ന് നിഖിൽ തുറന്നു പറഞ്ഞു.

Nikhil Anilkumar (ETV Bharat)

ഒരിക്കല്‍ ഫോർട്ട് കൊച്ചിയിലെ ഒരു കഫെയിൽ സംഗീതത്തിൽ മുഴുകി ഇരിക്കവെ കേൾവിക്കാരനായി ഷാനു കാക്കൂർ എന്നൊരു നവാഗത സംവിധായകൻ എത്തിച്ചേർന്നു. നിഖിലിന്‍റെ പ്രകടനത്തിൽ ആകൃഷ്‌ടനായ സംവിധായകൻ അദ്ദേഹം സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രത്തിലേക്ക് സംഗീത സംവിധായകനായി ക്ഷണിച്ചു.

ബിബിൻ ജോർജിനെ നായകനായി ഷാനു കാക്കൂർ, ഷാഫി എപ്പിക്കാട് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന 'കൂടല്‍' എന്ന ചിത്രത്തിലാണ് നിഖിലിന് അവസരം ലഭിച്ചത്. സിനിമയില്‍ ഒരു ചെറിയ വേഷം നിഖിൽ അഭിനയിക്കുകയും ചെയ്‌തു. സംഗീത സംവിധായകന്‍ ഗോപി സുന്ദറിനോടൊപ്പം അദ്ദേഹത്തിന്‍റെ ചില ചിത്രങ്ങളിൽ പ്രോഗ്രാമർ ആയും നിഖിൽ പ്രവർത്തിച്ചിട്ടുണ്ട്.

Nikhil Anilkumar (ETV Bharat)

നിഖിലിന് തന്‍റെ സുഹൃത്തുക്കളില്‍ നിന്നും മികച്ച പിന്തുണയാണ് ലഭിക്കുന്നത്. തിരുവനന്തപുരം ഒഴികെയുള്ള പ്രദേശങ്ങളിൽ ബസ്ക്കിങിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നതെന്ന് നിഖില്‍ പറഞ്ഞു. തിരുവനന്തപുരം ജില്ലയിൽ പൊലീസ് പലപ്പോഴും പ്രശ്‌നങ്ങൾ ഉണ്ടാക്കാറുണ്ട്. കൂട്ടത്തിന് മുന്നിൽ പാട്ടു പാടിക്കൊണ്ട് നിൽക്കുമ്പോൾ അപമാനിക്കുന്ന തരത്തിലൊക്കെ പൊലീസ് ചിലപ്പോൾ പെരുമാറും. കൊച്ചിയും മലബാർ മേഖലയും ഒക്കെ കലാകാരന്‍മാര്‍ക്ക് മികച്ച പിന്തുണ നൽകുന്നുവെന്നും നിഖില്‍ പറയുന്നു.

എആർ റഹ്‌മാനെ ഇഷ്‌ടമുള്ള ഈ സംഗീതജ്ഞൻ വലിയ സ്വപ്‌നങ്ങൾക്ക് പിന്നാലെയുള്ള യാത്രയിലാണ്. തമിഴ് മലയാളം ഗാനങ്ങളാണ് നിഖില്‍ പലപ്പോഴും ആലപിക്കാറ്. കേൾക്കാൻ ഇമ്പമുള്ള വരികൾക്കും ശബ്‌ദത്തിനും തെരുവുകളിൽ ആരാധകര്‍ ഏറെയാണ്.

Also Read: "ഒരു ഭര്‍ത്താവിന് ഭാര്യക്ക് നല്‍കാന്‍ കഴിയുന്ന മികച്ച ഗിഫ്റ്റാണ് ബോഗയ്ന്‍വില്ല", മനസു തുറന്ന് ജ്യോതിര്‍മയി

Last Updated : 5 hours ago

ABOUT THE AUTHOR

...view details