1999 ല്‍ രാജ്യത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കാണ്ഡഹാര്‍ വിമാനം റാഞ്ചല്‍. പാകിസ്ഥാന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഹര്‍കത് ഉല്‍ മുജാഹിദീന്‍ എന്ന ഭീകര സംഘടനയാണ് ഇന്ത്യന്‍ എയര്‍ലൈന്‍സ് വിമാനം റാഞ്ചിയത്. ഈ സംഭവത്തെ ആസ്‌പദമാക്കി പുറത്തിറങ്ങിയ നെറ്റ്ഫ്ലിക്‌സ് സീരീസായ 'ഐസി 814: ദി കാണ്ഡഹാര്‍ ഹൈജാക്ക്' ഇപ്പോള്‍ വിവാദമാവുകയാണ്.
ഹൈജാക്കര്‍മാര്‍ക്ക് ഭോലെ, ശങ്കര്‍ എന്നീ ഹിന്ദു പേരുകളാണ് സീരിസില്‍ നല്‍കിയത്. എന്നാല്‍ സീരിസില്‍ യഥാര്‍ഥ പേരുകള്‍ ഉപയോഗിച്ചില്ലെന്നതായിരുന്നു വിവാദങ്ങള്‍ക്ക് കാരണമായത്. ഹിന്ദു മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തിയെന്നും സീരിസിന്‍റെ പ്രദര്‍ശനം തടയണം എന്നുമാണ് ആവശ്യം. വിമര്‍ശനം ഉയര്‍ന്നതോടെ ഒടിടി ഫ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സിന്‍റെ കണ്ടന്‍റ് മേധാവി മോനിക ഷെര്‍ഗില്ലിനെ കേന്ദ്രസര്‍ക്കാര്‍ വിളിപ്പിച്ചിരുന്നു.
ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്‌കാസ്റ്റിങ് സെക്രട്ടറി സഞ്ജയ് ജാജുവുമായി നടത്തിയ കൂടിക്കാഴ്‌ചയ്ക്ക് ശേഷമാണ് നെറ്റ്ഫ്ലിക്‌സ് ഓപ്പണിങ് ക്രെഡിറ്റുകള്‍ അപ്ഡേറ്റ് ചെയ്‌തത്. കോഡ് പേരുകള്‍ക്ക് പകരം എല്ലാ ഹൈജാക്കര്‍മാരുടെയും യഥാര്‍ഥ പേരുകളാണ് പുതുക്കി ഉള്‍പ്പെടുത്തിയത്.