എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം 'ദളപതി 69' എന്ന ചിത്രം പൂര്‍ത്തിയാകുന്നതോടെ സിനിമ ജീവിതത്തോട് വിടപറഞ്ഞ് പൂര്‍ണമായും രാഷ്‌ട്രീയത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി നടന്‍ വിജയ്. എന്നാല്‍ വിജയ് സിനിമ ജീവിതം അവസാനിപ്പിക്കുകയാണെന്ന വാര്‍ത്ത ആരാധകരെ തെല്ലൊന്നുമല്ല വിഷമിപ്പിച്ചത്. ഇപ്പോഴിതാ വിജയ് അഭിനയം നിര്‍ത്തുന്നുവെന്ന വാര്‍ത്ത തന്നെ ഏറെ വിഷമിപ്പിച്ചുവെന്ന് പറയുകയാണ് മലയാളിയുടെ ക്യൂട്ട് താരം നസ്രിയ നസീം.
സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച ഒരു കുറിപ്പിലൂടെയാണ് തന്‍റെ വിഷമം താരം പങ്കുവച്ചത്. "ഇതിഹാസം. അജിത്ത് സാറിന്‍റെ കടുത്ത ആരാധികയായിട്ടും ദളപതി 69 വിജയ് സാറിന്‍റെ അവസാന ചിത്രമായിരിക്കുമെന്നത് ഏറെ വിഷമിപ്പിക്കുന്നു. ആ ഇതിഹാസത്തിന്‍റെ അവസാന പ്രകടനം എന്നത് ശരിക്കും ഒരേസമയം സന്തോഷവും വേദനയുണ്ടാക്കുന്നു". നസ്രിയ കുറിച്ചു.
മികച്ച സിനിമകള്‍ നിര്‍മിച്ച വെങ്കിട്ട് കെ നാരായണനാണ് കെവി എന്‍ പ്രൊഡക്ഷന്‍റെ പേരില്‍ ചിത്രം നിര്‍മിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍കെയുമാണ് സഹനിര്‍മാണം.ഈ വര്‍ഷം ഒക്‌ടോബറില്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രം 2025 ഒക്‌ടോബറില്‍ തിയേറ്ററുകളില്‍ എത്തും. മറ്റൊരു ബ്ലോക്ബസ്‌റ്റര്‍ ചിത്രമായിരിക്കും 'ദളപതി 69' എന്ന് അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നു. ആരാധകര്‍ക്ക് ആവേശം നല്‍കുന്ന പ്രഖ്യാപനങ്ങള്‍ ഉടന്‍ ഉണ്ടാകുമെന്നും മറ്റു താരങ്ങളെക്കുറിച്ചും അണിയറ പ്രവര്‍ത്തകരെ കുറിച്ചും വിവരങ്ങള്‍ ഉടന്‍ പങ്കുവയ്ക്കുമെന്നും കെവിഎന്‍ പ്രൊഡക്ഷന്‍സ് അറിയിച്ചു. അനിരുദ്ധാണ് ചിത്രത്തിന് സംഗീതം പകരുന്നത്.