വിശേഷങ്ങള്‍ പങ്കുവച്ച് മുജീബ് ടി എമും വിഹാലും എറണാകുളം : നവാഗതനായ മുജീബ് ടി എം സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് അഞ്ചാം വേദം. വിഹാൽ നായകനാകുന്ന ചിത്രത്തിൽ സുനു ലക്ഷ്‌മിയാണ് നായികയായി എത്തുന്നത്. ചിത്രത്തിന്‍റെ വിശേഷങ്ങൾ പങ്കുവച്ച് സംവിധായകൻ മുജീബ് ടി എം, നായകൻ വിഹാൽ എന്നിവർ ഇടിവി ഭാരതി നൊപ്പം ചേർന്നു.
അഞ്ചാം വേദം സത്യത്തിൽ ഒരു പ്രണയകഥയാണെന്ന് പറഞ്ഞു കൊണ്ടാണ് സംവിധായകൻ മുജീബ് സംസാരിച്ചു തുടങ്ങിയത്. അവിവാഹിതനായ ഒരു ചെറുപ്പക്കാരന് വിവാഹബന്ധം വേർപെടുത്തിയ ഒരു സ്ത്രീയോട് തോന്നുന്ന പ്രണയത്തിലൂടെയാണ് കഥാരംഭം. ഒപ്പം കഥാസന്ദർഭം ഒരു മർഡർ മിസ്റ്റർ കൂടി കൈകാര്യം ചെയ്യുമ്പോൾ സിനിമയുടെ മട്ടും ഭാവവും മാറും.
മത രാഷ്ട്രീയ വെറി മറന്ന് മനുഷ്യൻ മനുഷ്യനെ സ്നേഹിക്കുക എന്നൊരു സന്ദേശം കൂടി ചിത്രം പറഞ്ഞുവയ്ക്കുന്നു. ഇത്തരം ആശയങ്ങൾ കൈകാര്യം ചെയ്യുന്നതുകൊണ്ടാണ് ചിത്രത്തിന് അഞ്ചാം വേദം എന്ന് പേര് നൽകാനും കാരണമായത്. സമൂഹത്തിൽ അധികം ചർച്ച ചെയ്യാത്ത മുസ്ലിം മത വിഭാഗങ്ങൾക്കിടയിലുള്ള ഫസൽ എന്ന ആശയത്തെക്കുറിച്ച് ചിത്രം ആഴത്തിൽ സംസാരിക്കുന്നുണ്ട്.
ധാരാളം മുൻനിര താരങ്ങൾക്ക് വേണ്ടി താൻ ഒരുപാട് നാൾ കാത്തിരുന്നു എന്നും ഒടുവിൽ തന്നിലെ സംവിധായകനെ ഉൾക്കൊള്ളാൻ ആകാത്തവർക്ക് പിന്നാലെ സമയം കളയാതെ പുതുമുഖങ്ങളെ വച്ച് ചിത്രം സംവിധാനം ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. അങ്ങനെയാണ് വിഹാലിനെ കേന്ദ്ര കഥാപാത്രമായി കാസ്റ്റ് ചെയ്യാൻ തീരുമാനിച്ചത്.
12 വർഷത്തെ അടങ്ങാത്ത മോഹത്തിന്‍റേയും കഠിനാധ്വാനത്തിന്‍റേയും ഫലമായിരുന്നു ചിത്രത്തിലെ കേന്ദ്ര കഥാപാത്രം എന്നായിരുന്നു നടൻ വിഹാലിന്‍റെ തുറന്നുപറച്ചിൽ. പ്രധാന വേഷത്തിൽ എത്തുന്ന ആദ്യ ചലച്ചിത്രം. സംവിധായകന് തന്‍റെ അച്ഛനുമായുള്ള സൗഹൃദവും ഗുണപ്പെട്ടു. മുജീബ് എന്ന പോസിറ്റിവിറ്റി നിറഞ്ഞ ഒരു മനുഷ്യനെ തന്‍റെ ജീവിതത്തിൽ കണ്ടിട്ടില്ലെന്ന് വിഹാൽ പറഞ്ഞു.
അദ്ദേഹത്തിന്‍റെ സപ്പോർട്ട് കഥാപാത്രത്തെ മെച്ചപ്പെടുത്തുന്നതിന് തന്നെ സഹായിച്ചു. സിനിമയിൽ തന്‍റെ കഥാപാത്രത്തിന്‍റെ അച്ഛൻ മരിക്കുന്ന ഒരു രംഗമുണ്ട്. ആ ഇമോഷണൽ രംഗം അഭിനയിച്ചു ഫലിപ്പിക്കാൻ താൻ വല്ലാതെ കഷ്‌ടപ്പെട്ടു.
സംവിധായകൻ നൽകിയ പിൻബലത്തിലാണ് ആ രംഗം മനോഹരമായി പൂർത്തിയാക്കാൻ സാധിച്ചത്. ചിത്രത്തിൽ സത്താർ എന്ന ഇടതുപക്ഷ ചിന്താഗതിയുള്ള മുസ്ലിം യുവാവായാണ് വേഷമിടുന്നത്. ചിത്രത്തിലെ ആശയവും പ്രകടനവും പ്രേക്ഷകർക്ക് ഇഷ്‌ടപ്പെട്ട് വലിയ വിജയമാകും എന്ന് തന്നെയാണ് പ്രതീക്ഷ.