കേരളം

kerala

ETV Bharat / entertainment

ഒടിടി പ്രേക്ഷകര്‍ തുണയ്‌ക്കുമോ മോഹന്‍ലാല്‍ ചിത്രത്തെ? ബറോസ് ഹോട്ട്‌സ്‌റ്റാറില്‍ - BARROZ OTT RELEASE

ഡിസംബര്‍ 25ന് തിയേറ്ററുകളില്‍ എത്തിയ ബറോസ് ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിച്ചു. തിയേറ്ററുകളിലെത്തി ഒരു മാസം തികയും മുമ്പേ ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയാണ്. തിയേറ്ററില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാനാവാത്ത ചിത്രത്തെ ഒടിടി പ്രേക്ഷകര്‍ ഏറ്റെടുക്കുമോ?

BARROZ IN DISNEY PLUS HOTSTAR  BARROZ  ബറോസ് ഹോട്ട്‌സ്‌റ്റാറില്‍  മോഹന്‍ലാല്‍
Barroz OTT release (ETV Bharat)

By ETV Bharat Entertainment Team

Published : Jan 22, 2025, 3:32 PM IST

മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്‌ത 'ബറോസ്' ഒടിടിയില്‍. ഡിസംബര്‍ 25ന് ക്രിസ്‌മസ് റിലീസായി തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും മികച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല. തിയേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രത്തെ ഒടിടി പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്നാണ് പ്രതീക്ഷ.

ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെ ഇന്ന് (ജനുവരി 22) മുതല്‍ 'ബറോസ്' സ്‌ട്രീമിംഗ് ആരംഭിച്ചു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലായാണ് ചിത്രം സ്‌ട്രീമിംഗ് നടത്തുന്നത്. തിയേറ്ററുകളിലെത്തി ഒരു മാസം തികയും മുമ്പ് തന്നെ ചിത്രം ഒടിടിയില്‍ എത്തിയിരിക്കുകയാണ്.

അതേസമയം അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് 'ബറോസ്' തിയേറ്ററുകളിലെത്തിയത്. 2019ലായിരുന്നു സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം. 2021 മാര്‍ച്ച് 24ന് ചിത്രം ഔദ്യോഗികമായി ലോഞ്ച് ചെയ്‌തു.

പോർച്ചുഗൽ നാടോടി കഥകളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഫാന്‍റസി സ്വഭാവമുള്ള ചിത്രം ത്രീഡിയിലാണ് ഒരുക്കിയിരിക്കുന്നത് എന്നതും ശ്രദ്ധേയം. കുട്ടികളെ മുന്നില്‍ കണ്ട് ഒരുക്കിയ ചിത്രം കൂടിയാണിത്.

400 വർഷമായി വാസ്‌കോഡ ഗാമയുടെ അമൂല്യ നിധി സംരക്ഷിക്കുന്ന 'ബറോസ്', അതിന്‍റെ യഥാര്‍ഥ അവകാശിക്ക് നിധി കൈമാറാന്‍ ശ്രമിക്കുന്നതാണ് ചിത്രപശ്ചാത്തലം. 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധായകന്‍ ജിജോയുടെ കഥയെ ആസ്‌പദമാക്കിയാണ് മോഹന്‍ലാല്‍ 'ബറോസ്' ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും മോഹന്‍ലാല്‍ തന്നെയാണ്.

ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് സിനിമയുടെ നിർമ്മാണം. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ഒരുങ്ങിയ ഏറ്റവും വലിയ ചിത്രം കൂടിയാണ് 'ബറോസ്'. അതുകൊണ്ട് തന്നെ 'ബറോസ്' ഇന്ത്യൻ സിനിമയ്ക്ക് വലിയ മുതൽക്കൂട്ടാകും എന്നായിരുന്നു അണിയറപ്രവര്‍ത്തകരുടെയും ആരാധകരുടെയും പ്രതീക്ഷ.

എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്ത് 'ബറോസി'ന്‍റെ കളക്ഷനില്‍ വര്‍ദ്ധനവ് ഉണ്ടായില്ല. ബിഗ് ബജറ്റില്‍ ഒരുങ്ങിയ ചിത്രം 17.48 കോടി രൂപയാണ് ആകെ നേടിയത്. വലിയ സാങ്കേതിക മികവില്‍ എത്തിയ സിനിമയ്‌ക്ക് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല എന്നത് സത്യമാണ്.

ഹോളിവുഡ് സംഗീത സംവിധായകന്‍ മാര്‍ക്ക് കിലിയന്‍ ആണ് 'ബറോസി'ന് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ ടികെ രാജീവ് കുമാര്‍ സഹ സംവിധായകനുമാണ്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. പ്രശസ്‌ത ചിത്രസംയോജകരിൽ ഒരാളായ ഡോണ്‍ മാക്‌സ്‌ ആണ് 'ബറോസി'ന്‍റെ എഡിറ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത്.

Also Read: മോഹൻലാൽ സംവിധാനത്തിലും സൂപ്പർ.. ബാറോസ് 3D ഹോളിവുഡ് ലെവൽ.. എഡിറ്റർ ഡോൺ മാക്‌സ് പറയുന്നു - DON MAX ABOUT BARROZ 3D TRAILER

ABOUT THE AUTHOR

...view details