മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമാണ് 'ബറോസ്'. ഡിസംബര്‍ 25ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് തിയേറ്ററില്‍ നിന്നും മികച്ച സ്വീകാര്യത ലഭിച്ചിരുന്നില്ല. സമ്മിശ്ര പ്രതികരണം ലഭിച്ച ചിത്രം ഒരു മാസം തികയും മുമ്പേ ഒടിടിയില്‍ എത്തുകയാണ്.
തിയേറ്ററുകളിലെത്തി 23-ാം ദിനത്തിലാണ് സിനിമയുടെ ഒടിടി പ്രഖ്യാപനം ഉണ്ടാകുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്‌റ്റാറിലൂടെയാകും ചിത്രം സ്‌ട്രീമിംഗ് നടത്തുക. എന്നാല്‍ സിനിമയുടെ ഒടിടി റിലീസ് തീയതി അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടില്ല.
അതേസമയം അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. 2019ലായിരുന്നു 'ബറോസി'ന്‍റെ ഔദ്യോഗിക പ്രഖ്യാപനം. 2021 മാര്‍ച്ച് 24നായിരുന്നു സിനിമയുടെ ഒഫീഷ്യല്‍ ലോഞ്ച്.
പോർച്ചുഗൽ നാടോടി കഥകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. ഫാന്‍റസി സ്വഭാവമുള്ള ചിത്രം ത്രീഡിയിലാണ് ഒരുക്കിയിരിക്കുന്നത്. കുട്ടികളെ മുന്നില്‍ കണ്ട് ഒരുക്കിയ ചിത്രം കൂടിയാണിത്.
400 വർഷമായി വാസ്‌കോഡ ഗാമയുടെ അമൂല്യ നിധി സംരക്ഷിക്കുന്ന 'ബറോസ്', അതിന്‍റെ യഥാര്‍ഥ അവകാശിക്ക് നിധി കൈമാറാന്‍ ശ്രമിക്കുന്നതാണ് ചിത്രപശ്ചാത്തലം. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധായകന്‍ ജിജോയുടെ കഥയെ ആസ്‌പദമാക്കിയാണ് മോഹന്‍ലാല്‍ 'ബറോസ്' ഒരുക്കിയത്. സിനിമയില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും മോഹന്‍ലാല്‍ തന്നെയാണ്.
ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് സിനിമയുടെ നിർമ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ഒരുങ്ങിയ ഏറ്റവും വലിയ ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ ബറോസ് ഇന്ത്യൻ സിനിമയ്ക്ക് വലിയ മുതൽക്കൂട്ടാകും എന്നായിരുന്നു പ്രതീക്ഷ.
എന്നാല്‍ പ്രതീക്ഷകള്‍ക്കൊത്ത് സിനിമയുടെ കളക്ഷനില്‍ വര്‍ദ്ധനവ് ഉണ്ടായില്ല. വന്‍ ബജറ്റില്‍ ഒരുങ്ങിയ ചിത്രം 17.48 കോടി രൂപയാണ് ആകെ നേടിയത്. വലിയ സാങ്കേതിക മികവില്‍ എത്തിയ ചിത്രത്തിന് പ്രേക്ഷകരെ ആകര്‍ഷിക്കാന്‍ കഴിഞ്ഞില്ല.
ഹോളിവുഡ് സംഗീത സംവിധായകന്‍ മാര്‍ക്ക് കിലിയന്‍ ആണ് സിനിമയ്‌ക്ക് വേണ്ടി പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്. സംവിധായകന്‍ ടികെ രാജീവ് കുമാര്‍ സഹ സംവിധായകനാണ്. സന്തോഷ് ശിവനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.
Also Read: മോഹൻലാൽ സംവിധാനത്തിലും സൂപ്പർ.. ബാറോസ് 3D ഹോളിവുഡ് ലെവൽ.. എഡിറ്റർ ഡോൺ മാക്‌സ് പറയുന്നു - DON MAX ABOUT BARROZ 3D TRAILER