വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ജോര്‍ജ് കുട്ടിയും കുടുംബവും തിരിച്ചുവരുന്നു..? മലയാള സിനിമയുടെ ഗതിമാറ്റിയ ചിത്രമാണ് 2013ല്‍ റിലീസായ 'ദൃശ്യം'. മലയാളികള്‍ അതുവരെ കണ്ടുശീലിച്ച ത്രില്ലറുകളില്‍ നിന്നും വളരെ വ്യത്യസ്‌തമായൊരു ദൃശ്യവിരുന്നാണ് മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ചിത്രം 'ദൃശ്യം' സമ്മാനിച്ചത്.
ഏഴ് ഭാഷകളില്‍ റിലീസ് ചെയ്‌ത 'ദൃശ്യം' മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റായിരുന്നു. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷമെത്തിയ 'ദൃശ്യം' രണ്ടാം ഭാഗവും പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. 'ദൃശ്യം 2' എത്തിയതോടെ സിനിമയ്‌ക്ക് മൂന്നാം ഭാഗം ഉണ്ടാകുമോ എന്നായി പ്രേക്ഷകരുടെ ചോദ്യം. എന്നാലിപ്പോള്‍ 'ദൃശ്യം 3'യുമായി ബന്ധപ്പെട്ടൊരു വാര്‍ത്തയാണ് പുറത്തുവരുന്നത്.
'ദൃശ്യം 3'യുടെ തിരക്കഥ ലോക്കായെന്നും 2025ല്‍ ചിത്രീകരണം ആരംഭിക്കുമെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. 2025 ഡിസംബറില്‍ ചിത്രം റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. ഇതുസംബന്ധിച്ച് നിരവധി പോസ്‌റ്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
"2025ല്‍ ക്രിസ്‌മസ് റിലീസായി ദൃശ്യം 3 തിയേറ്ററുകളില്‍ എത്തിക്കാനാണ് പദ്ധതി. സ്‌ക്രീപ് ലോക്കായി. മലയാളത്തിനൊപ്പം ഹിന്ദിയിലും ചിത്രം ഒരുക്കും. ലാലേട്ടന്‍, ജീത്തു ജോസഫ് കോമ്പോ."- ഇപ്രകാരമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പോസ്‌റ്റുകളില്‍ ഒന്നില്‍ പരാമര്‍ശിച്ചിരിക്കുന്നത്.