ഹൈദരാബാദ്:ഓരോ ദിവസവും മാറുന്നതുപോലെ സമൂഹമാധ്യമങ്ങളിലെ ട്രെന്‍ഡുകളും മാറിക്കൊണ്ടിരിക്കുകയാണ്. ഇന്‍സ്‌റ്റഗ്രാം ആണ് ട്രെന്‍ഡുകളുടെ ഏറ്റവും വലിയ ഇടത്താവളം (Mohanlal Joins Instagram Trend).
ആഹാരം കഴിക്കണമെങ്കില്‍, പരീക്ഷയ്ക്ക് പഠിക്കണമെങ്കില്‍, ജോലിയ്ക്ക് പോകണമെങ്കില്‍ എന്നിങ്ങനെ എന്ത് ചെയ്യണമെങ്കിലും റീലിനടിയില്‍ തങ്ങളുടെ ഇഷട താരങ്ങള്‍ വന്ന് കമന്‍റ് ചെയ്യണം എന്നതാണ് നിലവില്‍ വൈറലായിക്കൊണ്ടിരിക്കുന്ന ട്രെന്‍ഡ്. തൊട്ടുപിന്നാലെ കമന്‍റ് ബോക്‌സില്‍ താരങ്ങളുടെ കമന്‍റും എത്തും. അങ്ങനെ ട്രെന്‍ഡിനൊപ്പം കമന്‍റുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം മോഹന്‍ ലാലും.
ആരോമല്‍ എന്ന യുവാവിന്‍റെ ഇന്‍സ്‌റ്റഗ്രാം വീഡിയോക്കാണ് മോഹന്‍ലാല്‍ കമന്‍റ് ഇട്ടിരിക്കുന്നത്. "ഈ വീഡിയോയില്‍ മോഹന്‍ലാല്‍ കമന്‍റ് ചെയ്യാതെ ഞാന്‍ ബിസ്‌ക്കറ്റ് കഴിക്കില്ല" എന്നായിരുന്നു ആരോമല്‍ തന്‍റെ സോഷ്യല്‍ മീഡിയയില്‍ പോസ്‌റ്റ് ഇട്ടത്. മേശയിൽ മൂന്ന് ബിസ്ക്കറ്റ് പാക്കറ്റ് വെച്ച് ചായക്കപ്പ് പിടിച്ചിരിക്കുന്ന ആരോമലടക്കം മൂന്നുപേരാണ് റീലിലുള്ളത്. റീൽ പങ്കുവെച്ചു മൂന്നാം ദിവസമാണ് മോഹൻലാലിൻ്റെ കമൻ്റ് എത്തിയത്. ‘കഴിക്ക് മോനെ… ഫ്രണ്ട്‌സിനും കൊടുക്കൂ’ എന്നായിരുന്നു കമന്‍റ്.
സൂപ്പർസ്‌റ്റാറിൻ്റെ കമൻ്റ് എത്തിയതോടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി. മറ്റ് സെലിബ്രിറ്റികളും റീലിന് കമൻ്റ് ചെയ്‌തിട്ടുണ്ട്. മോഹൻലാലിൻ്റെ കമൻ്റ് എത്തിയതോടെ, "അത് പൊളിച്ചു" എന്ന് മറ്റുള്ളവരും കമൻ്റ് ചെയ്‌തു. നിരവധി കമന്‍റുകളും ലൈക്കുകളും ഇതിനോടകം പോസ്‌റ്റിന് കിട്ടിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ ആരോമല്‍ പോസ്‌റ്റ് ചെയുന്ന റീലുകള്‍ക്കെല്ലാം വലിയ സ്വീകാര്യത ലഭിക്കാറുണ്ട്.
ഇതിന് മുമ്പും സമാന രീതിയിലുള്ള റീലുകളും താരങ്ങുടെ കമന്‍റുകളും വൈറലായിട്ടുണ്ട്. ’ഈ വീഡിയോയ്ക്ക് ടൊവിനോ തോമസ് കമന്‍റ് ചെയ്‌താലേ പഠിക്കൂ’ എന്ന ഒരു വിരുതന്‍റെ പോസ്‌റ്റിന് ‘പോയിരുന്ന് പഠിക്ക് മോനേ’ എന്നായിരുന്നു ടൊവിനോയുടെ മറുപടി. ബേസില്‍ ജോസഫ് കമന്‍റ് ചെയ്‌താല്‍ നാട്ടിലേക്ക് വരാം എന്ന് പോസ്‌റ്റിട്ട, വിദേശത്ത് ആറ് വര്‍ഷമായി ജോലി ചെയ്യുന്ന യുവാവിനുള്ള ബേസിലിന്‍റെ രസകരമായ മറുപടി ‘മകനേ മടങ്ങി വരൂ’ എന്നായിരുന്നു.
Also Read: 'റീൽ എനിമി റിയൽ ഫ്രണ്ട്': ലൊക്കേഷനിലെ സൗഹൃദ കാഴ്‌ച; മോഹന്‍ ലാല്‍ സിദ്ദിഖ് ഫോട്ടോ വൈറല്‍
മലയാളത്തില്‍ മാത്രമല്ല ഇത് ട്രെന്‍ഡായത്. ‘വിജയ് ദേവരകൊണ്ട വിഡിയോക്ക് കമന്‍റ് ചെയ്‌താല്‍ ഞങ്ങള്‍ പരീക്ഷയ്ക്ക് പഠിക്കാം‘ എന്ന പോസ്‌റ്റിന്, പരീക്ഷയില്‍ 90 ശതമാനം മാര്‍ക്ക് നേടിയാല്‍ ഞാന്‍ നിങ്ങളെ നേരിട്ട് വന്ന് കാണാം എന്ന് വിജയ് ദേവരകൊണ്ട കമന്‍റ് ചെയ്‌തിരുന്നു.