പ്രയാഗ്‌രാജ്: മകര സംക്രാന്തി ദിനത്തില്‍ മഹാ കുംഭമേളയിലേക്ക് ഒഴുകിയെത്തി ഭക്തജന സാഗരം. ഇന്നലെ (ജനുവരി 14) നടന്ന അമൃത് സ്‌നാനത്തിൽ ഏകദേശം നാല് കോടി ഭക്തർ പങ്കെടുത്തതായാണ് റിപ്പോര്‍ട്ട്. ഔദ്യോഗിക കണക്കുകൾ പ്രകാരം കുറഞ്ഞത് 3.5 കോടി ഭക്തര്‍ അമൃത് സ്‌നാനത്തില്‍ പങ്കെടുത്തു.
ഒരു ദിവസം ഒരു നഗരത്തില്‍ ഒത്തുകൂടുന്ന ഏറ്റവും കൂടുതൽ ആളുകളുടെ എണ്ണമെന്ന റെക്കോഡും മഹാ കുംഭമേളയ്ക്കാണ്. സർക്കാർ റിപ്പോർട്ടുകൾ പ്രകാരം രണ്ട് ദിവസത്തിനുള്ളിൽ 5.25 കോടിയിലധികം ഭക്തർ മഹാ കുംഭമേളയില്‍ പങ്കെടുത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
രണ്ട് കോടി ഭക്തരായിരിക്കും മകര സംക്രാന്തിക്ക് എത്തുക എന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനുള്ള പദ്ധതികളിൽ അടിയന്തര ക്രമീകരണങ്ങൾ ഈ സാഹചര്യത്തിൽ ആവശ്യമാണെന്ന് സംഘാടകര്‍ പറഞ്ഞു.
ഭക്തരുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി പ്രയാഗ്‌രാജ് ജങ്ഷൻ പോലുള്ള പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ പ്രവേശനം നിർത്തിവച്ചിരിക്കുകയാണ്. കുംഭമേള സ്പെഷ്യൽ ട്രെയിനുകളും ബസുകളും വഴി എത്തുന്ന ഭക്തരെ ലക്ഷ്യ സ്ഥാനങ്ങളിലേക്ക് എത്തിക്കാനും പ്രത്യേക ക്രമീകരണങ്ങൾ ഏര്‍പ്പാടാക്കിയിട്ടുണ്ട്. 100ല്‍ അധികം മേള സ്പെഷ്യൽ ട്രെയിനുകളും 500ല്‍ അധികം ബസുകളും ഇന്നലെ രാത്രി മുഴുവൻ വിന്യസിച്ചിരുന്നു.
വലിയ തിരക്ക് ഉണ്ടായിരുന്നിട്ടും സ്ഥിതി നിയന്ത്രണ വിധേയമായിരുന്നെന്ന് മഹാകുംഭ് നഗറിലെ ഡെപ്യൂട്ടി ഇൻസ്‌പെക്‌ടർ ജനറൽ (ഡിഐജി) വൈഭവ് കൃഷ്‌ണ പറഞ്ഞു. വലിയ സംഭവങ്ങളോ അപകടങ്ങളോ ഉണ്ടായില്ലെന്നും ഡിഐജി വ്യക്തമാക്കി.
ജനുവരി 29 ന് നടക്കുന്ന മൗനി അമാവാസി സ്‌നാനോത്സവത്തിൽ ഇതിലും വലിയ ജനക്കൂട്ടം ഉണ്ടാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ആറ് മുതൽ എട്ട് കോടി വരെ ഭക്തർ അന്ന് എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്.
അതേസമയം, യുപി സർക്കാരിന്‍റെ ക്രമീകരണങ്ങളെ എല്ലാവരും അഭിനന്ദിച്ചു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഭരണകൂടത്തെയും ഭക്തർ പ്രശംസിച്ചു. സ്‌ത്രീകൾക്ക് സ്‌നാനത്തിന് പ്രത്യേക സ്ഥലം ഒരുക്കിയതിനാൽ ക്രമീകരണങ്ങൾ മികച്ചതായിരുന്നുവെന്ന് അലിഗഡിൽ നിന്നുള്ള 15 വനിതാ തീർത്ഥാടകരുടെ സംഘം ഇടിവി ഭാരതിനോട് പറഞ്ഞു.