നടന വിസ്‌മയം മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' ഇന്ന് (ഡിസംബര്‍ 25) ക്രിസ്‌മസ് ദിനത്തില്‍ റിലീസായിരിക്കുകയാണ്. 47 വർഷത്തെ അഭിനയ ജീവിതത്തിനിടയിലാണ് മോഹൻലാൽ സിനിമ സംവിധായകന്‍റെ കുപ്പമായമണിഞ്ഞത്. അതുകൊണ്ട് തന്നെ സിനിമ പ്രേമികളും ആരാധകരും മോഹന്‍ലാലിന്‍റെ സഹപ്രവര്‍ത്തകരും ഒരുപോലെയാണ് ഈ ചിത്രത്തിനായി കാത്തിരുന്നത്.
ചിത്രത്തിന്‍റെ പ്രഖ്യാപനം മുതൽ പ്രതീക്ഷകളും വാനോളമായിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ ആദ്യ പ്രദർശനം കഴിയുമ്പോൾ മികച്ച അഭിപ്രായമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. പ്രേക്ഷക പ്രതികരണം എത്രത്തോളമാണെന്ന് നോക്കാം. മലയാളം ഇന്നോളം കണ്ടിട്ടില്ലാത്ത ത്രീഡിയെന്നാണ് സിനിമ കണ്ടവര്‍ മിക്കവരും അഭിപ്രായപ്പെടുന്നത്. ബറോസിൽ മോഹൻലാല്‍ പാടി എന്നതും ചിത്രത്തിന്‍റെ മറ്റൊരു ആകര്‍ഷണമാണ്. മനോഹരമായ ഗാനമാണ് ചിത്രത്തിലേത് എന്നാണ് ആരാധകരുടെ അഭിപ്രായം.
കുട്ടികളുടെ ഫാന്‍റസി വിഭാഗത്തില്‍പ്പെടുന്ന ബറോസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാല്‍ തന്നെയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്. ആശിര്‍വാദിന്‍റെ ഏറ്റവും വലിയ ചിത്രങ്ങളിലൊന്നാണ് ബറോസ്.
അതേസമയം 2024 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടുന്ന സിനിമയുടെ പട്ടികയിൽ ബറോസിന് മുന്നിലെത്താൻ സാധിക്കുമോയെന്നാണ് സിനിമാ പ്രേമികള്‍ ഉറ്റുനോക്കുന്നത്. ബറോസിന്‍റെ റിലീസ് പാൻ ഇന്ത്യ ചിത്രമായിട്ടാണ് എന്നതും പ്രത്യേകതയാണ്. കേരളത്തില്‍ മാത്രം അഡ്വാൻസായി ഒരു കോടി രൂപയില്‍ അധികം ബറോസ് നേടി. ലോകത്തിലെ ഏറ്റവും മികച്ച കലാകാരന്മാരും സംഗീതഞ്ജരുമാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.
ചിത്രത്തിന്‍റെ ട്രെയിലറിനും പ്രൊമോ ഗാനത്തിനുമൊക്കെ ഗംഭീര പ്രതികരണമാണ് കാഴ്‌ക്കാരില്‍ നിന്നും ലഭിച്ചത്. 19 കാരനായ സംഗീത വിസ്‌മയമായി അറിയപ്പെടുന്ന ലിഡിയന്‍ നാദസ്വരം ആണ് ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ പ്രധാന കഥാപാത്രമായ വൂഡോയുടെ ക്യാരക്‌ടര്‍ വീഡിയോ പുറത്തിറക്കിയിരുന്നു. ഇതിനും മികച്ച രീതിയിലുള്ള പ്രതികരണമാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്.