കേരളം

kerala

ETV Bharat / entertainment

ഫേസ്‌ബുക്ക് കവര്‍ പേജ് മാറ്റി മോഹന്‍ലാല്‍; പണം നേടാന്‍ അവസരം ഒരുക്കി ബറോസ് ആര്‍ട് മത്സരം - BARROZ NEW POSTER

ബറോസ് റിലീസിനൊരുങ്ങുമ്പോള്‍ ബറോസ് വിശേഷങ്ങള്‍ പങ്കുവച്ച് മോഹന്‍ലാല്‍. ബറോസിന്‍റെ പുതിയ പോസ്‌റ്റര്‍ തന്‍റെ എഫ്‌ബി കവര്‍ പേജാക്കി മാറ്റിയിരിക്കുകയാണ് താരം. കൂടാതെ ബറോസ് ആര്‍ട് മത്സരവും സംഘടിപ്പിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

BARROZ ART CONTEST  MOHANLAL FB COVER PAGE  മോഹന്‍ലാല്‍  ബറോസ്
Barroz (ETV Bharat)

By ETV Bharat Entertainment Team

Published : Dec 6, 2024, 1:05 PM IST

മോഹന്‍ലാലിന്‍റെ ആദ്യ സംവിധാന സംരംഭത്തില്‍ ഒരുങ്ങുന്ന 3ഡി ചിത്രമാണ് 'ബറോസ്'. മോഹന്‍ലാല്‍ ആദ്യമായി സംവിധാന കുപ്പായം അണിയുന്നു എന്നത് കൊണ്ട് തന്നെ പ്രഖ്യാപനം മുതല്‍ ചിത്രം മാധ്യമശ്രദ്ധ നേടിയിരുന്നു. സിനിമയുടെ ഓരോ അപ്‌ഡേറ്റുകളും ആരാധകര്‍ ആഘോഷമാക്കാറുണ്ട്.

ഇപ്പോഴിതാ 'ബറോസി'ന്‍റെ പുതിയ പോസ്‌റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് മോഹന്‍ലാല്‍. 'ബറോസ്' പോസ്‌റ്റര്‍ തന്‍റെ ഫേസ്‌ബുക്ക് പേജിന്‍റെ കവര്‍ ഫോട്ടോയാക്കിയും മാറ്റിയിരിക്കുകയാണ് താരം. പങ്കുവച്ച് നിമിഷ നേരം കൊണ്ട് തന്നെ പോസ്‌റ്റര്‍ വൈറലായി. രസകരമായ കമന്‍റുകളാണ് കമന്‍റ്‌ ബോക്‌സില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മോഹന്‍ലാലിനും 'ബറോസി'നും ആശംസകള്‍ അറിയിച്ച് കൊണ്ട് നിരവധി പേര്‍ കമന്‍റ്‌ ബോക്‌സ് നിറച്ചു. "മോഹൻലാൽ സാറിന്‍റെ ഡിസംബർ 25, തിയേറ്ററിൽ തിളങ്ങുന്ന ദിന രാത്രങ്ങൾ ആയി പ്രഭാപൂരിതമാവട്ടെ, ബാറോസ് കോളിളക്കം സൃഷ്‌ടിക്കട്ടെ, ഹൃദ്യമായ ആശംസകൾ" -ഇപ്രകാരമാണ് ഒരാള്‍ കുറിച്ചത്.

"ലാലേട്ടൻ ആദ്യമായി സംവിധാനം ചെയ്‌ത സിനിമ മലയാളം കണ്ട ഏറ്റവും വലിയ വിജയം ആകാൻ ബറോസിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു", "ദൈവം ഇനിയും നല്ല നല്ല ചിത്രങ്ങൾ സംവിധാനം ചെയ്യാനും അഭിനയിക്കാനും ആരോഗ്യവും ആയുസ്സും നൽകുമാറാകട്ടെ. ഈ ചിത്രം നല്ലൊരു വിജയമായി തീരട്ടെ എന്ന് ആശംസിക്കുന്നു", "കട്ട വെയിറ്റിംഗ് ലാലേട്ടാ..", "ലാലേട്ടന്‍റെ മാന്ത്രിക വിസ്‌മയം കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു...", "ലാലേട്ടന്‍റെ മാജിക്കല്‍ ഫിലിം കാണാൻ വെയിറ്റ് ചെയ്യുന്നു, എന്നുമെന്നും പുലരിയുടെ പ്രഭാവമാണ്, ഓർമ്മകൾ അവസാനിക്കുന്നില്ല തുടക്കമാണുതാനും" -ഇങ്ങനെ നീണ്ടു പോകുന്നു കമന്‍റുകള്‍.

അതേസമയം സിനിമയുടെ റിലീസിനോടനുബന്ധിച്ച് പ്രേക്ഷകര്‍ക്ക് കലാമത്സരവും ഒരുക്കിയിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഇക്കാര്യവും മോഹന്‍ലാല്‍ തന്നെയാണ് തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെ പങ്കുവച്ചിരിക്കുന്നത്.

വിജയികള്‍ക്ക് വലിയ സമ്മാനങ്ങളാണ് മോഹന്‍ലാലും ടീമും പ്രഖ്യാപിച്ചിരിക്കുന്നത്. നിങ്ങളുടെ സര്‍ഗാത്‌മകതയ്‌ക്ക് അവസരം: 'ബറോസ്' കലാമത്സരം എന്ന അടിക്കുറിപ്പോടു കൂടിയാണ് താരം പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്.

"ബറോസിന്‍റെ മോഹിപ്പിക്കുന്ന ലോകത്തേയ്‌ക്ക് കടന്നു വരൂ.. നിങ്ങളുടെ കലാസൃഷ്‌ടിയിലൂടെ ആ മാന്ത്രികതയ്‌ക്ക് ജീവന്‍ നല്‍കൂ.! ആവേശകരമായ സമ്മാനങ്ങളും പ്രത്യേക അവസരങ്ങളും നിങ്ങളെ കാത്തിരിക്കുന്നു.

സമ്മാനങ്ങൾ

  • ഗ്രാൻഡ് പ്രൈസ് : ₹1,00,000 + എന്നെ കാണാം, നിങ്ങളുടെ കലാസൃഷ്‌ടി അവതരിപ്പിക്കാം!
  • രണ്ടാം സമ്മാനം: ₹50,000 + നിങ്ങളുടെ കലാസൃഷ്‌ടിയിൽ എന്നിൽ നിന്നുള്ള ഒരു പ്രത്യേക ഓട്ടോഗ്രാഫ്!
  • മൂന്നാം സമ്മാനം: ₹25,000

എങ്ങനെ പങ്കെടുക്കാം:

  • #BarrozArtContest എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് നിങ്ങളുടെ എൻട്രികൾ അപ്‌ലോഡ് ചെയ്യുക.
  • ബറോസ് ആർട്ട് മത്സരം വിശദമായ നിബന്ധനകൾക്കും വ്യവസ്ഥകൾക്കും: ബയോയിലെ ലിങ്ക് പരിശോധിക്കുക.

മത്സര വിശദാംശങ്ങൾ

  • ആരംഭ തീയതി: ഡിസംബർ 6, 2024
  • സമർപ്പിക്കാനുള്ള അവസാന തീയതി: ഡിസംബർ 31, 2024
  • വിജയികളുടെ പ്രഖ്യാപനം: ജനുവരി 10, 2025

നിങ്ങളുടെ ഭാവന ഉയരട്ടെ, ബറോസിന്‍റെ മാന്ത്രികതയും നിഗൂഢതയും പിടിച്ചെടുക്കട്ടെ!" -ഇപ്രകാരമായിരുന്നു പോസ്‌റ്റ്.

അടുത്തിടെ 'ബറോസി'ൻ്റെ മറ്റൊരു പോസ്‌റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ചിത്രത്തിലെ വൂഡു എന്ന മാന്ത്രിക പാവയെ പരിചയപ്പെടുത്തുന്ന പോസ്‌റ്ററായിരുന്നു അത്. മോഹല്‍ലാലാണ് വൂഡുവിന്‍റെ പോസ്‌റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടത്. മലയാളത്തിലെ ഒരു പ്രമുഖ നടനാണ് വൂഡൂവിന് വേണ്ടി ശബ്‌ദം നൽകിയിരിക്കുന്നത്.

മോഹന്‍ലാല്‍ ആണ് ചിത്രത്തില്‍ ബറോസ് എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ക്രിസ്‌മസ് റിലീസായി ഡിസംബർ 25 നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ ആണ് 'ബറോസി'ന്‍റെ നിർമ്മാണം. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ഒരുങ്ങുന്ന ഏറ്റവും വലിയ ചിത്രം കൂടിയാണിത്. അതുകൊണ്ട് തന്നെ ചിത്രം ഇന്ത്യൻ സിനിമയ്ക്ക് വലിയ മുതൽക്കൂട്ടാകും എന്നാണ് പ്രതീക്ഷ.

Also Read: 'ബറോസിൻ്റെ വൂഡൂ'; ആരാധകര്‍ക്ക് പരിചയപ്പെടുത്തി മോഹൻലാൽ

ABOUT THE AUTHOR

...view details