'പാലാസ 1978' ന്‍റെ സംവിധായകൻ കരുണ കുമാർ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിക്കുന്ന 'മട്‌ക'യുടെ ഓപ്പണിങ് വീഡിയോ പുറത്തുവിട്ടു. ഒരു ഗ്രാമഫോണിൽ നായകൻ സംഗീതം പ്ലേ ചെയ്യുന്നതോടെ ആരംഭിക്കുന്ന ഈ ഒപ്പണിങ് വീഡിയോ വരുൺ തേജിന് ജന്മദിനാശംസകൾ നേർന്നുകൊണ്ടാണ് നിർമ്മാതാക്കൾ പുറത്തുവിട്ടത്(Varun Tej's Matka Opening Bracket). ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് വരുൺ തേജാണ്. എസ്ആർടി എന്‍റർടൈൻമെൻസിന്‍റെ ബാനറിൽ രജനി തല്ലൂരിയും വൈര എന്‍റർടൈൻമെൻസിന്‍റെ ബാനറിൽ ഡോ വിജേന്ദർ റെഡ്ഡി ടീഗലയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി എന്നീ ഭാഷകളിലായി പ്രദർശനത്തിനെത്തുന്ന ഈ ചിത്രം വരുൺ തേജിന്‍റെ ആദ്യ പാൻ ഇന്ത്യ സിനിമയാണ്.
ഹൈദരാബാദിലെ ഒരു കൂറ്റൻ സെറ്റിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമ വമ്പൻ ബജറ്റിലാണ് ഒരുങ്ങുന്നത്. രാജ്യത്തെ ഒന്നടങ്കം നടുക്കിയ ഒരു യഥാർത്ഥ സംഭവത്തെ ആസ്‌പദമാക്കിയുള്ളതാണ് 'മട്‌ക'യുടെ കഥ. 24 വർഷം നീണ്ടുനിൽക്കുന്ന കഥയായതിനാൽ നാല് വ്യത്യസ്‌ത ഗെറ്റപ്പുകളിലാണ് വരുൺ തേജ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. 1958നും 1982നും ഇടയിലാണ് കഥ നടക്കുന്നത്. 50കൾ മുതൽ 80കൾ വരെയുള്ള ചുറ്റുപാടുകൾ പുനഃസൃഷ്‌ടിക്കുന്നതിൽ സംവിധായകൻ കരുണ കുമാറിന് സാധിച്ചിട്ടുണ്ട്. 4 ഫൈറ്റ് മാസ്‌റ്റർമാർ മേൽനോട്ടം വഹിക്കുന്ന ഒന്നിലധികം ആക്ഷൻ സീക്വൻസുകളും ചിത്രത്തിലുണ്ടാകും.