എറണാകുളം: മഞ്ഞുമ്മല്‍ ബോയ്‌സ് സിനിമ നിര്‍മ്മാതാക്കൾക്കെതിരായ സാമ്പത്തിക ക്രമക്കേട് കേസില്‍ എൻഫോഴ്സ്മെൻ്റ് ഡയറക്ട്രേറ്റ് (ഇഡി) നടൻ സൗബിൻ ഷാഹിറിനെ ചോദ്യം ചെയ്‌തു. കൊച്ചിയിലെ ഇഡി ഓഫിസിലേക്ക് വിളിച്ച് വരുത്തിയാണ് കഴിഞ്ഞ ദിവസം നടനെ ചോദ്യം ചെയ്‌തത്. സൗബിൻ നൽകിയ മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യലിന് നോട്ടിസ് നൽകും.
സിനിമയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. നിർമ്മാതാവ് ഷോൺ ആൻ്റണിയെയും ഇഡി ചോദ്യം ചെയ്‌തിരുന്നു. ഇവരുടെ ഉടമസ്ഥതയിലുള്ള പറവ ഫിലിംസിൻ്റെ അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെ ഇഡി ശേഖരിച്ചിട്ടുണ്ട്.
നേരത്തെ മഞ്ഞുമ്മൽ ബോയിസ് നിർമ്മാതാക്കൾക്കെതിരെ സിനിമ നിർമ്മാണത്തിൽ പങ്കാളിയായ അരൂര്‍ സ്വദേശി സിറാജ് സമര്‍പ്പിച്ച ഹര്‍ജിയില്‍ എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി കേസ് എടുക്കാന്‍ പൊലീസിനോട് നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് ക്രിമിനൽ ഗൂഢാലോചന, വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ഷോൺ ആൻ്റണി, സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിൻ്റെ തുടർച്ചയായാണ് നിർമ്മാതാക്കൾക്കെതിരെ ഇഡി അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
ഏഴ് കോടി രൂപ മുടക്കിയിട്ടും ലാഭവിഹിതമോ മുടക്കുമുതലോ നല്‍കിയില്ലെന്ന് ആരോപിച്ച് സിറാജ് സിവിൽ നിയമപ്രകാരം നടപടി ആവശ്യപ്പെട്ട് നൽകിയ ഹർജിയിൽ നിർമ്മാതാക്കളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ എറണാകുളം സബ്കോടതി ഉത്തരവിട്ടിരുന്നു. മഞ്ഞുമ്മല്‍ ബോയ്‌സ് എന്ന സിനിമയുടെ നിര്‍മ്മാണ കമ്പനിയായ പറവ ഫിലിംസിന്‍റെയും പാര്‍ട്‌ണര്‍ ഷോണ്‍ ആന്‍റണിയുടെയും 40 കോടിയുടെ ബാങ്ക് അക്കൗണ്ടാണ് എറണാകുളം സബ്കോടതി മരവിപ്പിച്ചത്. സിറാജിന് 40 ശതമാനം ലാഭവിഹിതം നല്‍കാമെന്നാണ് പണം നല്‍കുമ്പോള്‍ പ്രധാന നിര്‍മ്മാതാക്കള്‍ അറിയിച്ചത്. എന്നാല്‍, പണം കൈപ്പറ്റിയ ശേഷം ലാഭമോ മുതല്‍മുടക്കോ നല്‍കാതെ കബളിപ്പിച്ചെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിരുന്നു.
രജ്യാന്തര തലത്തിൽ ഹിറ്റായ സിനിമ ഇതുവരെ 220 കോടി കലക്ഷന്‍ നേടിയെന്നും ഒടിടി പ്ലാറ്റ്ഫോമുകള്‍ വഴി 20 കോടിയോളം രൂപ നേടിയിട്ടുണ്ടെന്നും സിറാജിന്‍റെ ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച് നിര്‍മ്മാതാക്കളായ സൗബിന്‍ ഷാഹിര്‍, ബാബു ഷാഹിര്‍ എന്നിവര്‍ക്ക് കോടതി നോട്ടിസയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ക്രിമിനൽ നിയമ നടപടികളുമായി സിറാജ് മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചത്. നിലവിൽ നിർമ്മാതാക്കൾക്കെതിരെ സിവിൽ, ക്രിമിനൽ നിയമ പ്രകാരമുള്ള നടപടികൾ തുടരുന്നതിനിടയിലാണ് ഇഡിയും അന്വേഷണവും പുരോഗമിക്കുന്നത്.
Also Read:ഹെലികോപ്‌ടര്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടന്‍ ജോജു ജോര്‍ജിന് പരിക്ക്