കേരളം

kerala

ETV Bharat / entertainment

മഞ്ജുവാര്യരോട് എം ടിക്ക് തോന്നിയ 'ദയ'; 'ആ ഓര്‍മകളും വിരല്‍ത്തണുപ്പും എഴുത്തോലയും മതി ഒരായുസിലേക്ക്' - MANJU WARRIER REMEMBERING M T

കാണുമ്പോഴൊക്കെ വാത്സല്യം തന്നു, എംടിയെ ഓര്‍മ്മിച്ചുകൊണ്ട് മഞ്ജുവാര്യര്‍

MT VASUDEVAN NAIR  DAYA MOVIE  എംടി വാസുദേവന്‍ നായര്‍  മഞ്ജുവാര്യര്‍ ദയ സിനിമ
എം ടി വാസുദേവന്‍നായര്‍, മഞ്ജുവാര്യര്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Dec 26, 2024, 7:30 PM IST

മലയാളത്തിന്‍റെ വാക്കും വെളിച്ചവുമായി നിറഞ്ഞു നിന്ന അതുല്യ പ്രതിഭ എംടി വാസുദേവൻ നായരുടെ വിയോ​ഗത്തിൽ തേങ്ങുകയാണ് മലയാളികള്‍. നിരവധി പേരാണ് തങ്ങളുടെ പ്രിയ കഥാകാരനെ അവസാനമായി ഒന്ന് കാണാന്‍ കോഴിക്കോടെ വീട്ടില്‍ ഒഴുകിയെത്തിയത്. കൈക്കൂപ്പി നിറകണ്ണുകളോടെ അവര്‍ ആ പ്രതിഭയ്ക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു.

സിനിമാ സാംസ്കാരിക രാഷ്‌ട്രീയ രംഗത്തെ നിരവധി പേരാണ് എംടിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയത്. മലയാളത്തിന്‍റെ പ്രിയ താരം മോഹന്‍ലാല്‍ പുലര്‍ച്ചെ അഞ്ചുമണിക്ക് എംടിയുടെ കോഴിക്കോടെ സിതാരയില്‍ എത്തിയിരുന്നു.

സിനിമാ രംഗത്തെ ഒട്ടേറേ പേര്‍ എംടിക്ക് അനുശോചനം അറിയിച്ചിരുന്നു. ഇപ്പോഴിതാ ആ സാഹിത്യ പ്രതിഭയുടെ നിര്യാണത്തില്‍ അനുശോചിനം അറിയിച്ചിരിക്കുകയാണ് നടി മഞ്ജു വാര്യർ. എംടി സമ്മാനിച്ച എഴുത്തോലയെക്കുറിച്ച് ഓർമിച്ചു കൊണ്ടാണ് മഞ്ജു ഫെയ്‌സ് ബുക്കില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

ഒറ്റത്തവണയേ അദ്ദേഹത്തിന്‍റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. കാണുമ്പോഴൊക്കെ വാത്സല്യം തന്നു. ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചുവെന്നും മഞ്ജു വാര്യർ കുറിച്ചു. വേണു സംവിധാനം ചെയ്‌ത് 1998 ൽ പുറത്തിറങ്ങിയ 'ദയ' എന്ന ചിത്രത്തിലായിരുന്നു എംടിയ്ക്കൊപ്പം മഞ്ജു വാര്യർ പ്രവർത്തിച്ചത്.

മഞ്ജു വാര്യരുടെ കുറിപ്പിന്‍റെ പൂര്‍ണ രൂപം

എംടി സാര്‍ കടന്നുപോകുമ്പോള്‍ ഞാന്‍ ഒരു എഴുത്തോലയെക്കുറിച്ച് ഓര്‍ത്തുപോകുന്നു. ഒമ്പത് വര്‍ഷം മുമ്പ് തിരൂര്‍ തുഞ്ചന്‍പറമ്പില്‍ വിദ്യാരംഭം കലോത്സവം ഉദ്ഘാടനത്തിന് ചെന്നപ്പോള്‍ അദ്ദേഹം എനിക്ക് സമ്മാനിച്ചത്. അന്ന് ഞാന്‍ ആ വിരലുകളിലേക്കാണ് നോക്കിയത്. ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച വിരലുകള്‍. അവിടെ സംസാരിച്ചപ്പോള്‍ ജീവിച്ചിരിക്കുന്ന എഴുത്തച്ഛനെന്നല്ലാതെയുള്ള വിശേഷണം മനസ്സില്‍ വന്നില്ല.

ആധുനിക മലയാളത്തെ വിരല്‍ പിടിച്ചു നടത്തിയ എഴുത്തുകാരില്‍ പിതാവിന്‍റെ സ്ഥാനം തന്നെയാണ് എംടി സാറിന് എന്നുതന്നെ വിശ്വസിക്കുന്നു. ഒറ്റത്തവണയേ അദ്ദേഹത്തിന്റെ കഥാപാത്രമാകാന്‍ സാധിച്ചുള്ളൂ. പക്ഷേ എംടി സാര്‍ എനിക്ക് സമ്മാനിച്ച കഥാപാത്രത്തിന് ഏറ്റവും ആര്‍ദ്രതയേറിയ വികാരത്തിന്റെ പേരായിരുന്നു-ദയ! കാണുമ്പോഴൊക്കെ വാത്സല്യം തന്നു.

ഇടയ്‌ക്കൊക്കെ ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു. ആ ഓര്‍മകളും വിരല്‍ത്തണുപ്പ് ഇന്നും ബാക്കിനില്കുന്ന എഴുത്തോലയും മതി ഒരായുസ്സിലേക്ക്. നന്ദി സാര്‍, ദയാപരതയ്ക്കും മലയാളത്തെ മഹോന്നതമാക്കിയതിനും....

കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ (ഡിസംബർ 25) രാത്രി 10 മണിയോടെയാണ് എംടിയുടെ അന്ത്യം. ഈ മാസം 15 നാണ് അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ ഹൃദയാഘാതവും സംഭവിച്ചു.

കഴിഞ്ഞ നാല് ദിവസം ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയായിരുന്നു. ഇന്നലെ കിഡ്‌നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിലായതോടെ രാത്രി 10 മണിയോടെ മരണം സംഭവിച്ചു.

എംടിയുടെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചു. ഭൗതിക ശരീരം നടക്കാവ് കൊട്ടാരം റോഡിലെ വീടായ സിതാരയിൽ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. വൈകിട്ട് അഞ്ച് മണിക്ക് മാവൂർ റോഡ് ശ്‌മശാനത്തിലാണ് സംസ്‌കാരം.

Also Read:മലയാളത്തിന്‍റെ എം ടിക്ക് വിട നല്‍കി നാട്; സ്‌മൃതിപഥത്തില്‍ അന്ത്യനിദ്ര; കണ്ണീര്‍ പ്രണാമത്തോടെ കേരളം

ABOUT THE AUTHOR

...view details