തിരുവനന്തപുരം: നടി മിനു മുനീറിന്‍റെ ഗുരുതര ആരോപണത്തില്‍ പ്രതികരണവുമായി നടന്‍ മണിയന്‍പിള്ള രാജു രംഗത്ത്. ആരോപണങ്ങൾ ഇനിയും വരുമെന്നും അന്വേഷണം ആവശ്യമെന്നും മണിയന്‍പിള്ള രാജു പ്രതികരിച്ചു. ആരോപണങ്ങൾക്ക് പിന്നിൽ മറ്റു ഉദ്ദേശങ്ങൾ കാണുമെന്നും നടന്‍ വ്യക്തമാക്കി.
എനിക്ക് മിനുവിനെ അറിയാം. 'എൽസമ്മ എന്ന ആൺകുട്ടി' എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് മിനുവിനെ കണ്ടിട്ടുണ്ട്. തനിക്കെതിരായ ആരോപണം തെറ്റാണ്. ഞാന്‍ തെറ്റുകാരന്‍ ആണെങ്കില്‍ എന്നെയും ശിക്ഷിക്കണം.
ഡബ്ല്യുസിസിയുടെ ആവശ്യം നല്ലതാണ്, അന്വേഷണം വരണം. സിദ്ദീഖിന് എതിരെയുള്ള ആരോപണത്തിൽ അന്വേഷണം വേണം. എല്ലാ ആരോപണങ്ങളും സര്‍ക്കാര്‍ അന്വേഷിക്കട്ടെ എന്നും മണിയന്‍പിള്ള രാജു പ്രതികരിച്ചു.
അതേസമയം ഫേസ്‌ബുക്കിലൂടെയായിരുന്നു മിനു മുനീറിന്‍റെ പ്രതികരണം. 'മലയാള സിനിമയില്‍ എന്നെ വാക്കുകൾ കൊണ്ടും ശാരീരികമായും പീഡിപ്പിച്ചവരുടെ ഒരു നീണ്ട പട്ടിക ഇതാ' - എന്ന അടിക്കുറിപ്പോടു കൂടിയാണ് മിനി മുനീര്‍ പ്രമുഖരുടെ പേരുകള്‍ വെളിപ്പെടുത്തിയത്.
'മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, അഡ്വക്കേറ്റ് ചന്ദ്രശേഖർ, പ്രൊഡക്ഷൻ കൺട്രോളർ നോബിൾ, പ്രൊഡക്ഷൻ കൺട്രോളർ വിച്ചു -ഇവരാണ് മലയാള സിനിമയില്‍ എന്നെ വാക്കുകൾ കൊണ്ടും ശാരീരികമായും പീഡിപ്പിച്ചവര്‍.
2013ൽ ഒരു പ്രോജക്‌ടിന്‍റെ ഭാഗമായപ്പോഴാണ് മേൽപ്പറഞ്ഞ വ്യക്തികളിൽ നിന്ന് തനിക്ക് ശാരീരികവും മാനസികവുമായ പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്നത്. ഏതൊക്കെ തരത്തിലുള്ള ബുദ്ധിമുട്ടുകൾ സംഭവിച്ചിട്ടും സഹിച്ചും ക്ഷമിച്ചും ആ പ്രോജക്‌ടിന്‍റെ ഭാഗമായി തന്നെ തുടർന്നു. പക്ഷേ കാര്യങ്ങൾ പിന്നീട് അസഹനീയമായി മാറുകയായിരുന്നു.
അതിനെ തുടർന്ന് മനം മടുത്താണ് താൻ മലയാള സിനിമയിൽ തുടരാൻ ആഗ്രഹിക്കാതെ ചെന്നൈയിലേക്ക് താമസം വരെ മാറ്റിയത്. 'അഡ്‌ജെസ്‌റ്റുമെന്‍റുകള്‍ക്ക് വഴങ്ങാതെ മലയാള സിനിമ വിട്ട മിനു', എന്ന തലക്കെട്ടില്‍ കേരളകൗമുദി എന്‍റെയൊരു ആർട്ടിക്കിൾ പബ്ലിഷ് ചെയ്‌തിരുന്നു. ഞാൻ അനുഭവിച്ച മാനസിക സംഘർഷത്തിനും, ത്യാഗത്തിനും ഒക്കെ എനിക്കിപ്പോൾ നീതി ലഭിക്കേണ്ടതായിട്ടുണ്ട്.' -ഇപ്രകാരമായിരുന്നു മിനു മുനീറിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ്.
Also Read:മുകേഷ് മുതല്‍ ജയസൂര്യ വരെ; പ്രമുഖരുടെ പേരുകള്‍ പുറത്തുവിട്ട് മിനു മുനീര്‍ - Minu Muneer shocking revelations