മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തിയ മാസ് ആക്ഷൻ കോമഡി ചിത്രം 'ടർബോ' ആദ്യ ദിവസം മുതൽ സൗദിയിൽ റെക്കോഡുകൾ സൃഷ്‌ടിക്കുകയായിരുന്നു. ഇപ്പോഴിതാ സൗദിയിൽ ഏറ്റവും ഉയർന്ന കലക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോഡ് ടർബോ സ്വന്തമാക്കി. വെറും എട്ട് ദിവസം കൊണ്ടാണ് മുൻപന്തിയിൽ ഉണ്ടായിരുന്ന മഞ്ഞുമ്മൽ ബോയ്‌സിനെ ടർബോ പിന്നിലാക്കിയത്.
സൗദിയിൽ മാത്രമല്ല മറ്റ് രാജ്യങ്ങളിലും ടർബോയുടെ കുതിപ്പ് തുടരുകയാണ്. കേരളത്തിൽ നിന്ന് മാത്രമായി ഏകദേശം 30 കോടിയോളം രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. ആദ്യ ആഴ്‌ചയിലെ കുതിപ്പ് രണ്ടാം ആഴ്‌ചയിലും തുടരാൻ ടർബോയ്ക്ക് സാധിച്ചു.
എഴുപതോളം രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്‌തത്. സൗദി അറേബ്യയിൽ ഏറ്റവും വലിയ ആദ്യദിന കളക്ഷൻ നേടുന്ന മലയാള ചിത്രമെന്ന റെക്കോഡും ടർബോ സ്വന്തമാക്കിയിരുന്നു. യുഎഇ ബോക്‌സ് ഓഫീസിൽ വാർണർ ബ്രതേഴ്‌സ് ചിത്രം ഫ്യുരിയോസ അടക്കം മറ്റെല്ലാ ചിത്രങ്ങളെയും ബഹുദൂരം പിന്നിലാക്കിയാണ് കുതിക്കുന്നത്.
ആദ്യ ദിവസം മുതൽ ചിത്രം റെക്കോഡുകൾ തീർക്കുകയായിരുന്നു. ബ്രിട്ടനിൽ മമ്മൂട്ടിയുടെ ഏറ്റവും ഉയർന്ന ആദ്യ ആഴ്‌ച കളക്ഷനാണ് ടർബോയിലൂടെ നേടിയത്. ഒരു കോടി 60 ലക്ഷം രൂപയാണ് ആദ്യ ആഴ്‌ച ബ്രിട്ടനിൽ നിന്ന് സ്വന്തമാക്കിയത്. ഓസ്‌ട്രേലിയയിലും ടർബോ റെക്കോഡുകൾ തീർക്കുന്നു.
മമ്മൂട്ടി ചിത്രങ്ങളിൽ ഏറ്റവും ഉയർന്ന ആദ്യ ആഴ്‌ച കളക്ഷനും ടർബോയ്ക്ക് സ്വന്തം. 84 ലക്ഷം രൂപയാണ് ഓസ്‌ട്രേലിയയിൽ ആദ്യ ആഴ്‌ച പിന്നിടുമ്പോൾ ചിത്രം നേടിയിരിക്കുന്നത്. ഈ വർഷത്തെ ഏറ്റവും ഉയർന്ന കളക്ഷൻ ഇതോടെ ടർബോ സ്വന്തമാക്കിയിരിക്കുന്നത്.
ഒരാഴ്‌ച പിന്നിടുമ്പോഴും എക്‌സ്ട്രാ ഷോകൾ കൊണ്ട് ടർബോ നിറയുകയാണ്. രണ്ടാം ആഴ്‌ചയിലും ആ കുതിപ്പ് തുടരുന്നു. ചിത്രത്തിൻ്റെ ഡിസ്ട്രിബ്യൂഷൻ വേഫറർ ഫിലിംസും ഓവർസീസ് ഡിസ്ട്രിബ്യൂഷൻ ട്രൂത്ത് ഗ്ലോബൽ ഫിലിംസുമാണ്.
Also Read:സ്‌കൂളുകളിൽ ഇനി ഗർജനങ്ങളും ; 'ഗ്ർർർ' സ്പെഷ്യൽ മുഖംമൂടിയും നെയിംസ്ലിപ്പുകളും കുട്ടികൾക്ക് സമ്മാനിച്ച് ചാക്കോച്ചനും സുരാജും