മമ്മൂട്ടി ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ടർബോ'. വൈശാഖ് സംവിധാനം ചെയ്യുന്ന 'ടർബോ'യിൽ 'ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ ഈ സിനിമയുടെ പുത്തൻ വിശേഷങ്ങളാണ് ചർച്ചയാകുന്നത്.
സിനിമയുടെ പ്രധാന അപ്ഡേറ്റ് ഏപ്രിൽ 14ന് പുറത്തുവിടുമെന്ന് അറിയിച്ചിരിക്കുകയാണ് മമ്മൂക്ക. ഏറെ നാളത്തെ കാത്തിരിപ്പിന് ഒടുവിലാണ് താരം ടർബോയുടെ അപ്ഡേറ്റ് പങ്കുവയ്‌ക്കുന്നത്. ഏതായാലും ആരാധകരെ ആവേശത്തിലാക്കുന്ന വാർത്ത തന്നെയാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
പുതിയ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. വാഹനത്തിനുള്ളിൽ തൂക്കിയിട്ട നിലയിലുള്ള കൊന്തയുടെ ചിത്രമാണ് പോസ്റ്ററിൽ. അതേസമയം എന്താവും അപ്‌ഡേറ്റ് എന്നത് സംബന്ധിച്ച ചർച്ചകളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ നടക്കുന്നത്.
ചിത്രത്തിന്‍റെ റിലീസ് തീയതിയാകും പുറത്ത് വിടുക എന്നാണ് ഒരു കൂട്ടർ പറയുന്നത്. ടീസറാകും റിലീസ് ചെയ്യുകയെന്നും ചിലർ വാദിക്കുന്നു. എന്തായാലും ഏറെ നാളുകൾക്ക് ശേഷം എത്തിയ 'ടർബോ' അപ്ഡേറ്റ് ആവേശത്തോടെ തന്നെ ഏറ്റെടുക്കുകയാണ് ആരാധകർ.
മമ്മൂട്ടി - വൈശാഖ് കൂട്ടുകെട്ടിൽ എത്തുന്ന ചിത്രം എന്ന നിലയില്‍ പ്രഖ്യാപനം മുതല്‍ ശ്രദ്ധനേടിയ സിനിമയാണ് 'ടര്‍ബോ'. 'മധുരരാജ'യ്‌ക്ക് ശേഷമാണ് ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത്. മമ്മൂട്ടിയുടെ അടുത്തിടെ പുറത്തിറങ്ങിയ സിനിമകളെല്ലാം തന്നെ ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ചതിനാൽ ആക്ഷന്‍- കോമഡി ത്രില്ലര്‍ ജോണറിലെത്തുന്ന 'ടര്‍ബോ'യുടെ ഹൈപ്പും കൂടിയിട്ടുണ്ട്.
ഈ ചിത്രത്തിന് തിരക്കഥ ഒരുക്കിയത് മിഥുന്‍ മാനുവല്‍ തോമസ് ആണ്. തെലുഗു നടന്‍ സുനിലും കന്നഡ താരം രാജ് ബി ഷെട്ടിയും ടർബോയിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മമ്മൂട്ടി കമ്പനിയാണ് ഈ ചിത്രത്തിന്‍റെ നിർമാണം. മമ്മൂട്ടി കമ്പനി ആദ്യമായി നിര്‍മിക്കുന്ന ആക്ഷന്‍ ചിത്രവുമാണ് ടര്‍ബോ.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിനായി വിയറ്റ്നാം ഫൈറ്റേർസാണ് ആക്ഷന്‍ കൈകാര്യം ചെയ്യുന്നത്. വേഫറർ ഫിലിംസ് കേരള ഡിസ്‌ട്രിബ്യൂഷൻ നിർവഹിക്കുന്ന ഈ ചിത്രത്തിന്‍റെ ഓവർസീസ് പാർട്ണർ ട്രൂത്ത് ഗ്ലോബൽ ഫിലിംസാണ്. 'ടർബോ'യുടെ സംഗീത സംവിധാനം നിർവഹിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. ജോർജ് സെബാസ്റ്റ്യനാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ. വിഷ്‌ണു ശർമ്മ ഛായാഗ്രാഹകനായ ഈ ചിത്രത്തിന്‍റെ എഡിറ്റർ ഷമീർ മുഹമ്മദാണ്.
ലൈൻ പ്രൊഡ്യൂസർ - സുനിൽ സിങ്, പ്രൊഡക്ഷൻ കൺട്രോളർ - അരോമ മോഹൻ, കോ ഡയറക്‌ടർ - ഷാജി പാദൂർ, പ്രൊഡക്ഷൻ ഡിസൈന്‍ - ഷാജി നടുവേൽ, മേക്കപ്പ് - റഷീദ് അഹമ്മദ്, ജോർജ് സെബാസ്റ്റ്യൻ, കോസ്റ്റ്യൂം ഡിസൈനർ - സെൽവിൻ ജെ, അഭിജിത്ത്, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ - രാജേഷ് ആർ കൃഷ്‌ണൻ, ഡിജിറ്റൽ മാർക്കറ്റിങ് - വിഷ്‌ണു സുഗതൻ, പിആർഒ - ശബരി.
ALSO READ:തിയേറ്ററുകൾ ഇളക്കിമറിക്കാൻ 'ടർബോ' ജോസ്: ആവേശത്തിരയിളക്കാന്‍ സംഗീതവും, പ്രധാന അപ്‌ഡേറ്റ് പുറത്ത്