മലയാള സിനിമകൾ എക്കാലവും ഗാന സമ്പുഷ്‌ടമാണ്. യേശുദാസിനെയും ചിത്രയെയും പോലെ ഇന്ത്യ മുഴുവൻ അറിയപ്പെടുന്ന ഗായക സമ്പന്നതയും മലയാളത്തിൽ ഉണ്ട്. അതിലുപരി നമ്മുടെ സംഗീതജ്ഞർ എല്ലാം തന്നെ വിഖ്യാതരാണ്. മലയാളികൾക്ക് സിനിമകളെക്കാൾ അഭിനിവേശം സിനിമ ഗാനങ്ങളോട് പ്രകടിക്കാറുണ്ട് . പഴയ ഗാനങ്ങൾ മുതൽ പുതിയ ഗാനങ്ങൾ വരെ കാലത്തിന്‍റെ അതിർവരമ്പുകൾ ഇല്ലാതെ മലയാളി ആസ്വദിക്കുന്നു. മലയാളം ഗാനങ്ങൾ നമ്മുടെ ഗായകർ തന്നെ ആലപിക്കുന്നതാണ് പലപ്പോഴും നമുക്ക് ഇഷ്‌ടം. എങ്കിലും ഭാഷാ മികവിന്‍റെയും ശബ്‌ദ മാധുര്യത്തിന്‍റെ അടിസ്ഥാനത്തിൽ മലയാളി നെഞ്ചോട് ചേർത്ത് അന്യാഭാഷ ഗായകരും ഏറെ. അത്തരത്തിൽ ഇന്ത്യയിലെ മികച്ച അന്യഭാഷ ഗായകർ പാടിയ ഗാനങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചാലോ.
ലതാ മങ്കേഷ്‌കര്‍
1974 ൽ രാമ കാര്യാട്ട് സംവിധാനം ചെയ്‌ത ചിത്രമായിരുന്നു 'നെല്ല്'. പ്രേം നസീറും ജയഭാരതിയും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന്‍റെ സംഗീത സംവിധാനം നിർവഹിച്ചത് സാക്ഷാൽ സലിൽ ചൗധരിയാണ്.
ചിത്രത്തിലെ 'കദളി ചെങ്കദളി' എന്നു തുടങ്ങുന്ന ഗാനം മലയാളി മനസിലെ നിറം മങ്ങാത്ത ഓർമ്മയാണ്. മലയാള സിനിമയിൽ ലത മങ്കേഷ്‌കര്‍ ആലപിച്ചിട്ടുള്ള ഒരേയൊരു മലയാള ഗാനമാണിത്.
ഇളയരാജ
ഇന്ത്യൻ സിനിമയിലെ ലെജന്‍ഡറി അഭിനേതാവ് ശിവാജി ഗണേശനും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച ചിത്രമായിരുന്നു 1997ൽ പുറത്തിറങ്ങിയ 'ഒരു യാത്രാമൊഴി'. പ്രതാപ് പോത്തൻ സംവിധാനം ചെയ്‌ത ചിത്രത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഇളയരാജയാണ്.
ചിത്രത്തിലെ 'കാക്കാല കണ്ണമ്മ' എന്ന് തുടങ്ങുന്ന ഗാനം ഇപ്പോഴും ഹിറ്റ് ചാർട്ടുകൾ മുൻപന്തിയിൽ ഉണ്ട്. നിരവധി ഗാനങ്ങൾ ഇളയരാജ മലയാള സിനിമകളിൽ പാടിയിട്ടുണ്ടെങ്കിലും 'കാക്കാലക്കണ്ണമ്മ' ഇളയരാജയുടെ ശബ്‌ദത്തിൽ പിറന്ന അപൂർവങ്ങളിൽ അപൂർവമായ ഗാനങ്ങളിൽ ഒന്നാണ്. ഇളയരാജയോടൊപ്പം അരുൺ മൊഴിയും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
എ ആർ റഹ്മാൻ
മലയാളത്തിൽ ഇതുവരെ മൂന്ന് സിനിമകൾക്കാണ് എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിച്ചിട്ടുള്ളത്. മോഹൻലാൽ ചിത്രം 'യോദ്ധ', ഫഹദ് ഫാസിൽ ചിത്രം 'മലയൻ കുഞ്ഞ്', പൃഥ്വിരാജ് ചിത്രം 'ആട് ജീവിതം'.
'ആട് ജീവിത'ത്തിലെ 'പെരിയനെ' എന്ന് തുടങ്ങുന്ന ഗാനം എ ആർ റഹ്മാൻ തന്‍റെ ശബ്‌ദത്തിലൂടെയാണ് പ്രേക്ഷകരുടെ കാതുകളിൽ സൗകുമാര്യം നിറച്ചത്. 'പെരിയോനെ' എന്ന ഗാനം 'ആട് ജീവിത'ത്തിന്‍റെ പ്രമോഷൻ വീഡിയോയായി പുറത്തിറക്കിയപ്പോൾ ആ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നതും എ ആർ റഹ്മാൻ തന്നെയാണ്.
എസ് പി ബാലസുബ്രഹ്മണ്യം
എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ ശബ്‌ദത്തിൽ എത്ര മലയാളം ഹിറ്റ് ഗാനങ്ങൾ ഉണ്ടെന്ന് പെട്ടെന്ന് കണക്കെടുക്കാൻ ആകില്ല. ഏറ്റവും മികച്ച പാട്ട് ഏത് എന്ന് തിരഞ്ഞെടുക്കാൻ പറഞ്ഞാലും പ്രയാസം തന്നെ.
എങ്കിലും എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെ മലയാളം പാട്ടുകൾക്ക് ഗൂഗിൾ മ്യൂസികിൽ ലഭിച്ച ലിസണർഷിപ്പിന്‍റെ അടിസ്ഥാനത്തിൽ ഒരു ഗാനത്തെ പ്രതിനിധീകരിക്കാം.
മമ്മൂട്ടി, ശ്വേതാ മേനോൻ തുടങ്ങിയവരെ കേന്ദ്ര കഥാപാത്രമാക്കി ജോമോൻ സംവിധാനം ചെയ്‌ത ചിത്രമായിരുന്നു 'അനശ്വരം'. ഇളയരാജ സംഗീതസംവിധാനം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ എല്ലാം സൂപ്പർഹിറ്റുകളാണ്.
1991ൽ പുറത്തിറങ്ങിയ ചിത്രത്തിലെ 'താരാപഥം' എന്ന് തുടങ്ങുന്ന ഗാനം 34 വർഷമായി ഒരല്‌പം പോലും പുതുമ നഷ്‌ടപ്പെടാതെ നിലനിൽക്കുന്നു. എസ് പി ബാലസുബ്രമണ്യവും കെ എസ് ചിത്രയും ചേർന്നാണ് ഗാനം ആലപിച്ചിട്ടുള്ളത്.
അനിരുദ്ധ് രവിചന്ദര്‍
തമിഴിലെ സൂപ്പർ ഡ്യൂപ്പർ സംഗീത സംവിധായകനായ അനിരുദ്ധ് മലയാള സിനിമയിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. പൊതുവേ മലയാള സിനിമയുടെ ചെറിയ ബഡ്‌ജറ്റ് അനിരുദ്ധിനെ പോലുള്ള വലിയ സംഗീതജ്ഞരെ ഉൾക്കൊള്ളിക്കാൻ പോന്ന തരത്തിൽ സജ്ജമല്ല.
അതുകൊണ്ടുതന്നെ തമിഴിലെയും തെലുഗുവിലെയും വലിയ സംഗീത സംവിധായകരും, ഗായകരും മലയാള സിനിമയ്ക്ക് അന്യമാണ്.
2015 ൽ അൽഫോൺ പുത്രന്‍ സംവിധാനത്തിൽ പുറത്തിറങ്ങിയ സെൻസേഷണൽ ചിത്രമാണ് 'പ്രേമം'. നിവിൻ പോളിയുടെ കരിയറിൽ വലിയ മാറ്റം കൊണ്ടുവരാൻ ചിത്രത്തിന് സാധിച്ചു. അൽഫോൻസ് പുത്രനെ ഏറ്റവും വിലപിടിപ്പുള്ള സംവിധായകനാക്കി മാറ്റുന്നതിനും 'പ്രേമം' എന്ന സിനിമ വഹിച്ച പങ്ക് ചെറുതല്ല. ചിത്രത്തിൽ പാട്ടൊന്നു പാടാൻ പോരേന്ടാ എന്ന് തുടങ്ങുന്ന തമിഴ് ഗാനം ആരംഭിച്ചിരിക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. രാജേഷ് മുരുഗേശനാണ് സംഗീത സംവിധാനം.
മന്നാ ഡേ
ഇന്ത്യയിലെ വിഖ്യാത ഗായകരിൽ ഒരാളാണ് മന്നാ ഡേ. ബംഗാളി ഗായകനായ മന്നാ ദേ മലയാളത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. 60 വർഷങ്ങൾക്കു മുമ്പ് പുറത്തുവന്ന ഗാനം ഇനിയും ഒരു 60 വർഷം ഒരു കോട്ടവും തട്ടാതെ മലയാളക്കരയിൽ ജീവിക്കും.
ആ സൂപ്പർ ഹിറ്റ് ഗാനമാണ് 'ചെമ്മീൻ' എന്ന ചിത്രത്തിലെ 'മാനസ മൈനേ വരൂ'. മികച്ച മലയാള ചിത്രത്തിനുള്ള പ്രസിഡന്‍റെ ഗോൾഡ് മെഡൽ കിട്ടിയ ചിത്രം. രാമു കാര്യാട്ടിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രത്തിൽ മധുവും ഷീലയും സത്യനുമാണ് പ്രധാന താരങ്ങൾ. വയലാർ രാമവർമ്മ രചിച്ച സലിൽ ചൗധരി സംഗീത സംവിധാനം നിർവഹിച്ച ഗാനം മലയാളത്തിലെ ഏറ്റവും പ്രശസ്‌തമായ വിരഹ ഗാനങ്ങളിൽ ഒന്നാണ്.
സോനു നിഗം
ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള ഗായകരിൽ ഒരാളായ സോനു നിഗം മലയാളത്തിൽ രണ്ട് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മമ്മൂട്ടി നായകനായ 'ബോംബെ മാർച്ച് 12' എന്ന ചിത്രത്തിലും, '8: 20' എന്ന ചിത്രത്തിലും ആണ് സോനു നിഗം മലയാളത്തിൽ ഗാനമാലപിച്ചിട്ടുള്ളത്.
ബാബു ജനാർദ്ദനൻ സംവിധാനം ചെയ്‌ത ബോംബെ മാർച്ച് 12 ൽ മമ്മൂട്ടിയെ കൂടാതെ മലയാളത്തിന്റെ യുവതാരം ഉണ്ണിമുകുന്ദനും പ്രധാന വേഷത്തിൽ എത്തിയിരുന്നു. മലയാളത്തിലെ പ്രശസ്‌ത സംഗീത സംവിധായകൻ പ്രശാന്ത് പിള്ള സംഗീതം നൽകിയ 'ചക്കരമാവിൻ കൊമ്പത്ത്' എന്ന് തുടങ്ങുന്ന ഗാനമാണ് സോനു നിഗം ആദ്യം ആലപിച്ച മലയാള ഗാനം. ഗാനം ഹിറ്റ് ചാർട്ടുകളിൽ ഇടം നേടിയിരുന്നു.
അദ്‌നൻ സ്വാമി
ഇന്ത്യയിലെ അതിപ്രശസ്‌ത ഗായകനായ അദ്‌നൻ സ്വാമി ഒരു മലയാള ഗാനം ആലപിച്ചിട്ടുണ്ട്. 2005ൽ ജയരാജിന്‍റെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'മകൾക്ക്' എന്ന ചിത്രത്തിലെ 'ചാഞ്ചാടിയാടി ഉറങ്ങു നീ' എന്ന ഗാനം ആലപിച്ചു കൊണ്ടാണ് അദ്‌നൻ സ്വാമി മലയാള ഗാന ലോകത്തേക്കുള്ള അരങ്ങേറ്റം നടത്തിയത്. സുരേഷ് ഗോപി ശോഭന തുടങ്ങിയവർ പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിന് സംഗീതസംവിധാനം നിർവഹിച്ചത് രമേഷ് നാരായണൻ ആയിരുന്നു.
ലക്കി അലി ഇന്ത്യയിലെ പ്രശസ്‌ത പോപ്പ് സംഗീതജ്ഞൻ ലക്കി അലി മലയാളത്തിലെ ഒരു സൂപ്പർ ഹിറ്റ് സിനിമയിൽ ഗാനമാലപിച്ചിട്ടുണ്ട്. ഗാനം നാം കേൾക്കുന്ന സ്ഥിരം ട്രാക്കുകളിൽ ഇടം പിടിച്ചിട്ടില്ലെങ്കിലും സിനിമ റിലീസ് ചെയ്‌ത സമയത്ത് ശ്രദ്ധേയമായിരുന്നു.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ ഫഹദ് ഫാസിൽ ഇന്ദ്രജിത്ത് എന്നിവ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് 'ആമേൻ'. സിനിമയിൽ ഇന്ദ്രജിത്തിന്‍റെ കഥാപാത്രമായ ഫാദർ വിൻസന്‍റ് വട്ടോളിയുടെ ഇൻട്രോ സോങ്ങ് ആണ് ലക്കി അലി ആലപിച്ചത്. പ്രശാന്ത് പിള്ളയായിരുന്നു സംഗീതം.
കെ കെ
ഇന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള ഗായകരിൽ ഒരാളായിരുന്നു കൃഷ്ണകുമാർ കുന്നത്ത് എന്ന കെ കെ. ഡൽഹിയിൽ ജനിച്ചു വളർന്ന മലയാളി കൂടിയായ കെ കെ തമിഴ് തെലുഗു ഹിന്ദി ഭാഷകളായി നിരവധി ഹിറ്റ് ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. മലയാളത്തിൽ ചുരുക്കം ചില ഗാനങ്ങൾ മാത്രമാണ് കെ കെ ആലപിച്ചിട്ടുള്ളത്. കെ കെയുടെ ശബ്ദം മാധുര്യത്തിൽ മലയാളി ഇപ്പോഴും ആസ്വദിക്കുന്ന ഒരു ഗാനമുണ്ട്.
പൃഥ്വിരാജിനെ നായകനാക്കി ദ്വീപൻ സംവിധാനം ചെയ്ത പുതിയ മുഖം എന്ന ചിത്രത്തിലെ രഹസ്യമായി എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചത് കെ കെയാണ്. പൃഥ്വിരാജിന്റെയും പ്രിയാമണിയുടെയും കഥാപാത്രങ്ങളുടെ പ്രണയ നിമിഷങ്ങളുടെ അകമ്പടി ഗാനമാണ്" രഹസ്യമായി.
" ഗാനം റിലീസ് ചെയ്‌ത് മൂന്ന് വർഷത്തോളം എഫ് എം റേഡിയോ ടോപ് ചാർട്ട് ലിസ്സ്റ്റിൽ ഇടം പിടിച്ചിരുന്നു. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിലെ ഗാനങ്ങൾ എല്ലാം തന്നെ അക്കാലത്ത് സൂപ്പർ ഹിറ്റ് ആയിരുന്നു.
അമിത് ത്രിവേദി
ഇന്ത്യയിലെ ഇപ്പോഴത്തെ സെൻസേഷണൽ മ്യൂസിക് ഡയറക്‌ടര്‍ സിംഗർ അമിത് ത്രിവേദിയും മലയാളത്തിൽ ചുരുക്കം ചില ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
സിദ്ദിഖിന്‍റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി പുറത്തിറങ്ങിയ ചിത്രം ആയിരുന്നു 'ബിഗ് ബ്രദർ'. 2020 ൽ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴും മ്യൂസിക് ആപ്പുകളിൽ ട്രെൻഡിങ് ആയി ഗാനങ്ങൾ എല്ലാം തന്നെ നിലനിൽക്കുന്നു .
ദീപക് ദേവ് സംഗീതസംവിധാനം നിർവഹിച്ച ചിത്രത്തിലെ 'കണ്ടോ കണ്ടോ' എന്ന് തുടങ്ങുന്ന ഗാനമാണ് അമിത് ത്രിവേദി മലയാളത്തിൽ പാടി ഹിറ്റാക്കിയത്. അമിത് ത്രിവേദിക്ക് ഒപ്പം ഗൗരി ലക്ഷ്മിയും ചേർന്നാണ് ഈ ഡ്യൂയട്ട് മനോഹരമാക്കിയത്.
അർമാൻ മാലിക്
ഇന്ത്യൻ സിനിമ സംഗീത ലോകത്തെ ഇപ്പോഴത്തെ മികച്ച സംഗീതജ്ഞരിൽ ഒരാളായ അർമാൻ മാലിക് മലയാളത്തിൽ ഒരു ഗാനം അലപ്പിച്ചിട്ടുണ്ട്. 2017 ൽ സഹീദ് അറഫത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ തീരം എന്ന ചിത്രത്തിലെ ഞാൻ വരുമെ പാതയിലായ് എന്ന് തുടങ്ങുന്ന ഹിറ്റ് ഗാനമാണ് അർമാന്റെ ശബ്ദത്തിൽ അനശ്വരമായത്.
ഏഴുവർഷം മുമ്പാണ് ഗാനം പുറത്തിറങ്ങിയെങ്കിലും ഗാനം ഇപ്പോഴും ഇന്റർനെറ്റ് സെൻസേഷൻ ആണ്. പുതുമുഖം പ്രണവ് രതീഷ് നായകനായ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചത് അഫ്സൽ യൂസഫ് ആണ്.
കുമാർ സാനു
ബോളിവുഡിലെ മെലഡി കിംഗ് എന്നറിയപ്പെടുന്ന പാട്ടുകാരനാണ് കുമാർ സാനു. പശ്ചിമബംഗാൾ സ്വദേശിയായ കുമാർ സാനു മലയാളത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. മലയാളത്തിലെ ഹിറ്റ് മമ്മൂട്ടി ചിത്രം സാമ്രാജ്യത്തിന്റെ രണ്ടാം ഭാഗമായ 'സൺ ഓഫ് അലക്സാണ്ടർ' എന്ന സിനിമയിലാണ് കുമാർ സാനു ഗാനമാലപിച്ചത്.
തമിഴ് സംവിധായകൻ പേരരശ് സംവിധാനം ചെയ്‌ത ചിത്രത്തിൽ ഉണ്ണി മുകുന്ദൻ ആയിരുന്നു പ്രധാന വേഷത്തിലെത്തിയത്. ആർ എ ഷഫീർ സംഗീതസംവിധാനം നിർവഹിച്ച് വയലാർ ശരത് ചന്ദ്ര വർമ്മ എഴുതിയ സ്നേഹത്തിൻ മന്നവൻ എന്നു തുടങ്ങുന്ന ഗാനമാണ് കുമാർ സാനു ആദ്യമായി അവസാനമായും മലയാളത്തിൽ ആലപിച്ചത്.
ദലത് മെഹമൂദ്
ഇന്ത്യയിലെ ഏറ്റവും മികച്ച സിനിമ പിന്നണി ഗായകരിൽ ഒരാളാണ് ദലത് മെഹമൂദ്. ഗസൽ ഗായകൻ കൂടിയായ അദ്ദേഹത്തിനു 1992 ലാണ് രാജ്യം പത്മവിഭൂഷൺ ബഹുമതി നൽകി ആദരിക്കുന്നത്. മലയാളത്തിൽ ദ്വീപ് എന്ന ചിത്രത്തിന് വേണ്ടി ദലത് മെഹമൂദ് ഒരേയൊരു ഗാനം ആലപിച്ചിട്ടുണ്ട്.
രാമു കാര്യാട്ട് സംവിധാനം ചെയ്ത് 1977ൽ പുറത്തിറങ്ങിയ ചിത്രമാണ് ദ്വീപ്.
അക്കാലത്തെ യുവതാരങ്ങളായ ജോസും ശോഭയും ആണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രത്തിന് സംഗീതം നൽകിയതോ പകരം വയ്ക്കാൻ ഇല്ലാത്ത പ്രതിഭ എം എസ് ബാബുരാജ്. ചിത്രത്തിലെ കടലേ നീല കടലേ എന്ന് തുടങ്ങുന്ന ഗാനമാണ് ദലത് മെഹമൂദ് പാടി മലയാളികളുടെ മനം കവർന്നത്.
മുഹമ്മദ് റാഫി
ഇന്ത്യൻ സിനിമ സംഗീത ലോകത്ത് മുഹമ്മദ് റാഫിക്ക് മുൻപ് മുഹമ്മദ് റാഫിക്ക് ശേഷം എന്ന തരത്തിൽ വേർതിരിച്ചു കാണാൻ തക്കവണ്ണമുള്ള പ്രതിഭാസന്നത കാഴ്ചവച്ച സംഗീതജ്ഞൻ. മുഹമ്മദ് റാഫിയുടെ ഗാനങ്ങൾക്ക് ഇന്നും മരണമില്ല. മലബാറിന്‍റെ മണ്ണിൽ മുഹമ്മദ് റാഫിയുടെ ശബ്ദം കേൾക്കാതെ ത്രിസന്ധ്യയിൽ സൂര്യൻ പോലും മടങ്ങാറില്ല. മനുഷ്യനെ സംഗീതത്തിന്റെ പേരിൽ ഭ്രാന്ത് പിടിക്കാൻ പഠിപ്പിച്ച കലാകാരൻ.
മുഹമ്മദ് റാഫിയെ മലയാളത്തിൽ പാടിക്കാൻ ഭാഗ്യം ലഭിച്ചത് ആലപ്പുഴക്കാരൻ ആയ സംഗീത സംവിധായകൻ ജിതിൻ ശ്യാമിനാണ്. മാസ്മരിക ശബ്ദത്തിന് തിരശ്ശീലയിൽ ചുണ്ടനക്കാൻ ഭാഗ്യം ലഭിച്ചത് പ്രിയ താരം കുതിരവട്ടം പപ്പുവിനും.
മുഹമ്മദ് റഫിയോളം മലയാളികള്‍ക്ക് പ്രിയപ്പെട്ട ബോളിവുഡ് ഗായകർ വേറെയില്ലെന്ന് തന്നെ പറയാം. മലയാളി ഏറ്റവും കൂടുതൽ കേട്ട ആസ്വദിച്ച ബോളിവുഡ് ഗായകരിൽ ഒരാളാണ് മുഹമ്മദ് റാഫി. റാഫിയുടെ ഗാനങ്ങളുടെ കാസറ്റുകൾ കേരളത്തിലാണ് ഏറ്റവും കൂടുതൽ വിറ്റുപോയിട്ടുള്ളത് എന്ന് കാസറ്റ് നിർമാതാക്കളായ എച്ച് എം വി വരെ സാക്ഷ്യപ്പെടുത്തി.
ആയുഷ് കാമ വരികൾ രചിച്ച ശബാബ് ലോകെ എന്ന ഹിന്ദി ഗാനമാണ് മുഹമ്മദ് റാഫി ആദ്യമായി ഒരു മലയാള സിനിമയിൽ ആലപിക്കുന്നത്. പി ഗോപകുമാർ സംവിധാനം ചെയ്ത 'തളിരിട്ട കിനാക്കൾ' എന്ന ചിത്രത്തിലെ പാട്ടാണിത്. 1980 ൽ പുറത്തിറങ്ങിയ സിനിമയിൽ സുകുമാരനായിരുന്നു പ്രധാന വേഷത്തിൽ എത്തിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പ്രേംജി അമരൻ
സംവിധായകൻ വെങ്കട് പ്രഭുവിന്‍റെ സഹോദരനും അഭിനേതാവുമാണ് പ്രേംജി അമരൻ. വെങ്കട് പ്രഭു സംവിധാനം ചെയ്‌ത ചിത്രങ്ങളിലൂടെയാണ് പ്രേം ജി എന്ന നടൻ തമിഴ് സിനിമയിൽ സജീവമാകുന്നത്. ഒരു നടൻ എന്നതിലുപരി നല്ലൊരു സംഗീതസംവിധായകനും റാപ്പ് ഗായകനും ആണ് പ്രേം ജി അമരൻ. നിരവധി തമിഴ് തെലുഗു സിനിമകളിലെ റാപ്പ് ഗാനങ്ങൾ പ്രേംജി ആലപിച്ചിട്ടുണ്ട്.
മലയാളത്തിൽ ഒരേയൊരു ചിത്രത്തിലാണ് പ്രേംജി ഗാനം ആലപിച്ചിട്ടുള്ളത്. അതും ഒരു റാപ്പ് സംഗീതമാണ്. വിദ്യാസാഗർ സംഗീതസംവിധാനം നിർവഹിച്ച ദിലീപ് ചിത്രം സിഐഡി മൂസയിലെ ആദ്യഗാനത്തിലെ റാപ്പ് വേർഷനും പശ്ചാത്തല സംഗീതത്തിലെ റാപ്പ് പോഷനുകൾക്കും വേണ്ടിയാണ് പ്രേം ജി മലയാളത്തിൽ പിന്നണിഗായകനായി എത്തിയത്.
Also Read:ഗോവ ചലച്ചിത്ര മേളയില്‍ മലയാളത്തിന്‍റെ തിളക്കം; ഐ എഫ് എഫ് ഐ ഇന്ത്യന്‍ പനോരമയില്‍ നാല് മലയാള ചിത്രങ്ങള്‍