അരുൺ ചന്തുവിന്‍റെ സംവിധാനത്തിലൊരുങ്ങിയ ചിത്രം 'ഗഗനചാരി'യുടെ ട്രെയിലർ പുറത്ത്. അനാർക്കലി മരിക്കാർ, ഗോകുൽ സുരേഷ്, അജു വർഗീസ്, കെബി ഗണേഷ് കുമാർ, ജോൺ കൈപ്പള്ളിൽ തുടങ്ങിയവർ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയാണ് ഗഗനചാരി. ഡിസ്‌ടോപ്പിയൻ ഏലിയൻ ചിത്രമായി പതിവ് രീതികളിൽ നിന്ന് മാറി നിൽക്കുന്ന സിനിമയുടെ ഏറെ രസകരവും ഒപ്പം കൗതുകമുണർത്തുന്നതുമായ ട്രെയിലറാണ് അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. വേറിട്ട ചലച്ചിത്രാനുഭവമായിരിക്കും ഗഗനചാരി സമ്മാനിക്കുകയെന്ന ഉറപ്പ് നൽകുന്നതാണ് ട്രെയിലർ.
മലയാള സിനിമാപ്രേമികൾ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് 'ഗഗനചാരി'. അടുത്തിടെ നടന്ന പ്രിവ്യൂവിന് ശേഷം മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെപ്പറ്റി പ്രേക്ഷകർക്ക് പറയാനുണ്ടായിരുന്നത്. ആഗോള തലത്തിൽ തന്നെ വിവിധ ഫെസ്റ്റുകളിൽ ഇതിനോടകം ഈ ചിത്രം അംഗീകാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്.
കൂടാതെ കേരളത്തിൽ നടന്ന കേരള പോപ് കോണിന്‍റെ ഭാഗമായും ഗഗനചാരി പ്രദർശിപ്പിക്കപ്പെട്ടിരുന്നു. വളരെ മികച്ച പ്രതികരണമാണ് അവിടെ വച്ചും ചിത്രത്തിന് ലഭിച്ചത്. കൂടാതെ മികച്ച ചിത്രം, മികച്ച വിഷ്വൽ എഫക്‌ട്‌സ് എന്നീ വിഭാഗങ്ങളിൽ ന്യൂയോർക്ക് ഫിലിം അവാർഡ്‌സ്, ലോസ് ആഞ്ചലസ് ഫിലിം അവാർഡ്‌സ്, തെക്കൻ ഇറ്റലിയിൽ വച്ച് നടന്ന പ്രമാണ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ എന്നിവിടങ്ങളിലും അമേരിക്ക, യൂറോപ്പ്, സിംഗപ്പൂർ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ഫെസ്റ്റുകളിലും ഗഗനചാരി പ്രദർശിപ്പിച്ചിരുന്നു.
ജൂൺ 21ന് തിയേറ്ററുകളിലൂടെ ഗഗനചാരി പ്രേക്ഷകരിലേക്ക് എത്തും. അജിത് വിനായക ഫിലിംസിന്‍റെ ബാനറിൽ അജിത് വിനായകയാണ് ഈ സിനിമയുടെ നിർമാണം. 'സായാഹ്നവാർത്തകൾ', 'സാജൻ ബേക്കറി' എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ചന്തു സംവിധാനം ചെയ്യുന്ന 'ഗഗനചാരി'യുടെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ കൃഷാന്ദ് ആണ്. 'ആവാസവ്യൂഹം', 'പുരുഷപ്രേതം' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് ഇദ്ദേഹം.
അരുൺ ചന്തുവിനൊപ്പം ശിവ സായിയും ചേർന്നാണ് ഈ സിനിമക്കായി തിരക്കഥ ഒരുക്കിയത്. സുർജിത്ത് എസ് പൈ ആണ് 'ഗഗനചാരി'യുടെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ശങ്കർ ശർമയാണ് സംഗീത സംവിധാനം. വിഎഫ്എക്‌സിന് പ്രാധാന്യമുള്ള സിനിമയുടെ ഗ്രാഫിക്‌സ് ഒരുക്കിയത് മെറാക്കി സ്റ്റുഡിയോസാണ്.
കലാസംവിധാനം-എം ബാവ, ആക്ഷൻ-ഫീനിക്‌സ് പ്രഭു, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരൂർ, ഗാനരചന-മനു മഞ്ജിത് , കോസ്റ്റ്യൂം ഡിസൈനർ-ബുസി ബേബി ജോൺ, മേക്കപ്പ്- റോണക്‌സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്‌ടർ-വിഷ്‌ണു അരവിന്ദ്, അസോസിയേറ്റ് ഡയറക്‌ടർ-അഖിൽ സി തിലകൻ, അസിസ്റ്റന്‍റ് ഡയറക്‌ടർമാർ-അജിത് സച്ചു, കിരൺ ഉമ്മൻ രാജ്, ലിതിൻ കെടി, അരുൺ ലാൽ, സുജയ് സുദർശൻ, സ്റ്റിൽസ്- രാഹുൽ ബാലു വർഗീസ്, പ്രവീൺ രാജ്, പോസ്റ്റ് പ്രൊഡക്ഷൻ- നൈറ്റ് വിഷൻ പിക്‌ചേഴ്‌സ്, ക്രിയേറ്റീവ്സ്-അരുൺ ചന്തു, മ്യൂറൽ ആർട്ട്-ആത്മ, വിതരണം-അജിത് വിനായക റിലീസ്.
ALSO READ:പ്രീ ബുക്കിങ്ങിൽ 'ആർആർആറി'ന്‍റെ റെക്കോഡ് തകർത്ത് 'കൽക്കി 2898 എഡി'; സോഷ്യൽ മീഡിയയിൽ തീപടർത്തി ആദ്യ റിവ്യൂ