പ്രേക്ഷകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ - പൃഥ്വിരാജ് ചിത്രമാണ് 'എമ്പുരാന്‍'. മലയാള സിനിമ കണ്ട ഏറ്റവും വലിയ ബജറ്റില്‍ ഒരുങ്ങിയ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. ഈ സാഹചര്യത്തില്‍ 'എമ്പുരാനെ'യും ടീം അംഗങ്ങളെയും കുറിച്ചുള്ള നിര്‍മ്മാതാവ് ആന്‍റണി പെരുമ്പാവൂറിന്‍റെ വാക്കുകളാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്.
'എമ്പുരാന്‍' പൂര്‍ത്തിയാക്കിയതോടെ ആശിര്‍വാദ് സിനിമാസിന്‍റെ 25 വര്‍ഷത്തെ സ്വപ്‌നം യാഥാര്‍ത്ഥ്യം ആയെന്നാണ് ആന്‍റണി പെരുമ്പാവൂര്‍ ഫേസ്‌ബുക്കില്‍ കുറിച്ചിരിക്കുന്നത്. മോഹന്‍ലാല്‍ മികച്ച നടനാണെന്നും പൃഥ്വിരാജ് മികച്ച സംവിധായകന്‍ ആണെന്നും ഈ രണ്ട് പ്രതിഭകള്‍ ഒന്നിച്ചില്ലായിരുന്നെങ്കില്‍ 'എമ്പുരാന്‍' സംഭവിക്കില്ലായിരുന്നു എന്നാണ് ആന്‍റണി പറയുന്നത്.
ആന്‍റണി പെരുമ്പാവൂരിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ് നോക്കാം-
"L2E: എമ്പുരാന്‍ പൂർത്തിയാകുന്നതോടെ ആശിർവാദ് സിനിമാസിന്‍റെ 25 വർഷത്തെ സ്വപ്‌നം യാഥാർത്ഥ്യമായി. ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച സിനിമകളിൽ ഒന്ന് നിർമ്മിക്കുക എന്നതായിരുന്നു ഇക്കാലമത്രയും ഞങ്ങളുടെ ഏറ്റവും വലിയ ആഗ്രഹം. വ്യക്‌തിപരമായി, ഇത് എന്‍റെ ഏറ്റവും പ്രിയപ്പെട്ട അഭിലാഷമായിരുന്നു. ഈ പ്രോജക്‌ടിലൂടെ ഞങ്ങൾ ആ സ്വപ്‌നം സാക്ഷാത്കരിച്ചുവെന്ന് ഞാൻ ശരിക്കും വിശ്വസിക്കുന്നു.
മോഹൻലാൽ സാര്‍ ഏറ്റവും മികച്ച നടന്‍ ആണെന്നാണ് ഞാൻ എപ്പോഴും വിശ്വസിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്‍ രാജ്യത്തെ ഏറ്റവും മികച്ച സംവിധായകരിൽ ഒരാളും. ഈ രണ്ട് അസാമാന്യ പ്രതിഭകളെയും ഒരുമിപ്പിച്ച്, മുരളി ഗോപിയുടെ തിരക്കഥയുടെ മികവില്‍ എത്തുന്ന ചിത്രം അസാധാരണമായ ഒരു സിനിമാറ്റിക് മാസ്‌റ്റർപീസ് ആയിരിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു.
കഴിഞ്ഞ 14 മാസമായി, ഞങ്ങളുടെ ടീമിലെ ഓരോ അംഗത്തിന്‍റെയും സ്‌നേഹത്തിന്‍റെയും അർപ്പണബോധത്തിന്‍റെയും അക്ഷീണമായ കഠിനാധ്വാനത്തിന്‍റെയും ഫലമാണ് ഈ ചിത്രം. ലാൽ സാറിന്‍റെ അചഞ്ചലമായ പ്രതിബദ്ധതയ്‌ക്കും പൃഥ്വിരാജിന്‍റെ സമാനതകളില്ലാത്ത സംവിധാനത്തിനും ഞാൻ നന്ദി അറിയിക്കുന്നു. ഈ രണ്ട് പ്രതിഭകളും ഇല്ലായിരുന്നെങ്കില്‍ ഈ സിനിമ സാധ്യമാകുമായിരുന്നില്ല.
ഈ യാത്രയിൽ ഞങ്ങളോടൊപ്പം പങ്കാളി ആയതിനും ഈ സിനിമയുടെ സാധ്യതകളിൽ വിശ്വസിച്ചതിനും ലൈക്ക പ്രൊഡക്ഷൻസിനും എന്‍റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. അവസാനമായി എമ്പുരാന്‍ പ്രേക്ഷക ഹൃദയത്തിൽ എത്തുകയും അതിന്‍റെ നിയോഗം നിറവേറ്റുകയും ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. അതിനായി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു.
എന്‍റെ കുടുംബത്തിന്‍റെയും ഞങ്ങളുടെ അവിശ്വസനീയമായ ക്രൂവിന്‍റെയും ഞങ്ങളുടെ വിശ്വസ്‌തരായ പ്രേക്ഷകരുടെയും അചഞ്ചലമായ പിന്തുണയും അനുഗ്രഹവും ഇല്ലായിരുന്നുവെങ്കിൽ ഈ സ്വപ്‌നം സാധ്യമാകുമായിരുന്നില്ല. ഈ സ്വപ്‌നം സാക്ഷാത്കരിക്കപ്പെടുമ്പോൾ നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെയും ഒപ്പം കൂട്ടണമെന്ന് ഞാൻ നിങ്ങളോട് എല്ലാവരോടും വിനീതമായി അഭ്യർത്ഥിക്കുന്നു.
L2E: എമ്പുരാന്‍ വെറുമൊരു സിനിമ മാത്രമല്ല. ഈ യാത്രയുടെ ഭാഗമായതിന് നന്ദി."-ആന്‍റണി പെരുമ്പാവൂര്‍ കുറിച്ചു."-ആന്‍റണി പെരുമ്പാവൂര്‍ കുറിച്ചു.