ന്യൂഡൽഹി: ജനാധിപത്യ സംവിധാനത്തിൽ സമാധാനപരമായ പ്രതിഷേധങ്ങളിൽ ഏർപ്പെടണമെന്നും ജനങ്ങൾക്ക് അസൗകര്യം സൃഷ്‌ടിക്കുന്നതിൽ നിന്ന് പിന്തിരിയണമെന്നും കര്‍ഷകരോട് സുപ്രീം കോടതി. പ്രതിഷേധിക്കുന്ന കർഷകര്‍ ഹൈവേകൾ തടസപ്പെടുത്തുന്നതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും ഒഴിവാക്കണമെന്ന് പഞ്ചാബ് കർഷക നേതാവ് ജഗ്‌ജിത് സിങ് ദല്ലെവാളിനോട് സുപ്രീം കോടതി ആവശ്യപ്പെട്ടു. കർഷകരുടെ ആവശ്യങ്ങൾ അംഗീകരിക്കണമെന്നാവശ്യപ്പെട്ട് ഖനൗരി അതിർത്തിയിൽ ദല്ലെവാൾ മരണം വരെ നിരാഹാര സമരം നടത്തുകയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭൂയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിച്ചത്. ജനാധിപത്യ സംവിധാനത്തിൽ നിങ്ങൾക്ക് സമാധാനപരമായ പ്രതിഷേധത്തിൽ ഏർപ്പെടാം. എന്നാൽ ജനങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്ന് ദല്ലെവാളിനെ പ്രതിനിധീകരിച്ച അഭിഭാഷകനോട് ബെഞ്ച് പറഞ്ഞു. ഖനൗരി അതിർത്തി പഞ്ചാബിന്‍റെ ജീവനാഡിയാണെന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാമെന്ന് പറഞ്ഞ ബെഞ്ച് പ്രതിഷേധത്തെക്കുറിച്ച് ഒരു അഭിപ്രായവും പറയുന്നില്ലെന്നും വ്യക്തമാക്കി.
കർഷകർ ഉന്നയിച്ച പ്രശ്‌നം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും വിഷയം പരിഗണിക്കുമെന്നും ബെഞ്ച് പറഞ്ഞു. ദല്ലേവാളിനെ അനധികൃതമായി തടവില്‍ വെച്ചതിനെതിരെ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജി ബെഞ്ച് തീർപ്പാക്കി. അദ്ദേഹത്തെ വിട്ടയച്ചതായി കോടതി നിരീക്ഷിച്ചു.
നവംബർ 26 ന് നിരാഹാര സമരം ആരംഭിച്ചതിന് പിന്നാലെ ദല്ലേവാളിനെ ഖനൗരി അതിർത്തിയിൽ നിന്ന് ബലമായി നീക്കം ചെയ്യുകയും ലുധിയാനയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്‌തിരുന്നു. വെള്ളിയാഴ്‌ച വൈകുന്നേരത്തോടെയാണ് ദല്ലെവാളിനെ ഡിസ്‌ചാർജ് ചെയ്‌തത്.
പഞ്ചാബ് പൊലീസ് ഇദ്ദേഹത്തെ അനധികൃതമായി തടങ്കലിൽ വച്ചതിനെതിരെ കഴിഞ്ഞ മാസം സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. മോചിതനായതിന്‍റെ പിറ്റേ ദിവസമാണ് ദല്ലേവാൾ ഖനൗരി അതിർത്തിയില്‍ നിരാഹാര സമരം ആരംഭിച്ചത്.
സുരക്ഷാ സേന തടഞ്ഞതിനെ തുടർന്ന് ഫെബ്രുവരി 13 മുതൽ കർഷകർ പഞ്ചാബിനും ഹരിയാനയ്ക്കും ഇടയിലുള്ള ശംഭു, ഖനൗരി അതിർത്തി പോയിന്‍റുകളിൽ പ്രതിഷേധവുമായി ക്യാമ്പ് ചെയ്യുകയാണ്. എംഎസ്‌പിക്ക് നിയമപരമായ ഉറപ്പിന് പുറമെ, സ്വാമിനാഥൻ കമ്മിഷൻ ശുപാർശകൾ നടപ്പാക്കുക, കർഷകർക്കും കർഷക തൊഴിലാളികൾക്കും പെൻഷൻ, കാർഷിക കടം എഴുതിത്തള്ളൽ, 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം പുനസ്ഥാപിക്കൽ, 2020-21 കാലഘട്ടത്തിലെ സമരത്തിൽ മരിച്ച കർഷകരുടെ കുടുംബങ്ങൾക്ക് നഷ്‌ട പരിഹാരം നൽകൽ എന്നീ ആവശ്യപ്പെങ്ങളും കർഷകർ ഉയർത്തുന്നുണ്ട്.
Also Read: കർഷകരുടെ ഡൽഹി ചലോ; രാജ്യ തലസ്ഥാനത്ത് ത്രിതല സുരക്ഷാ പദ്ധതി നടപ്പിലാക്കി പൊലീസ്