തിരുവനന്തപുരം: ഉടന്‍ ഒരു കറന്‍റ് ചാര്‍ജ് വര്‍ധന സംസ്ഥാനത്തെ വൈദ്യുതി ഉപഭോക്താക്കളെ കാത്തിരിക്കുന്നു. ചാര്‍ജ് എത്ര കണ്ട് കൂട്ടണമെന്ന കാര്യത്തില്‍ തീരുമാനമായില്ലെങ്കിലും ഡിസംബര്‍ ഒന്നു മുതല്‍ മുന്‍കാല പ്രാബല്യത്തോടെ നിരക്ക് വര്‍ധന നിലവില്‍ വരുമെന്ന് സ്ഥിരീകരിക്കുകയാണ് വൈദ്യുതി മന്ത്രിയുടെ ഓഫിസ്. നിരക്കു വര്‍ധന സംബന്ധിച്ച കാര്യങ്ങള്‍ ഇപ്പോള്‍ വൈദ്യുതി റഗുലേറ്റി കമ്മിഷന്‍റെ പരിഗണനയിലാണ്. കമ്മിഷന്‍റെ ശുപാര്‍ശ കിട്ടിയാല്‍ മന്ത്രിസഭയാണ് വര്‍ധനവ് തീരുമാനിക്കുക.
നടപടി ക്രമങ്ങള്‍ ഇങ്ങിനെ
ഓരോ വര്‍ഷവും സംസ്ഥാന ഇലക്‌ട്രിസിറ്റി ബോര്‍ഡുകള്‍ അവരുടെ വരുമാനവും ചെലവും സംബന്ധിച്ച റിപ്പോര്‍ട്ട് വൈദ്യുതി റഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കണം. കൂട്ടത്തില്‍ ബോര്‍ഡിന്‍റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് നിരക്കില്‍ വരുത്തേണ്ട മാറ്റവും ആവശ്യപ്പെടാം. ബോര്‍ഡുകളില്‍ നിന്ന് ലഭിക്കുന്ന ആവശ്യത്തിന്‍റെ അടിസ്ഥാനത്തില്‍ സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്‍ പൊതുജനങ്ങളില്‍ നിന്നും ജീവനക്കാരുടെ മറ്റ് സംഘടനകളില്‍ നിന്നും തെളിവെടുപ്പ് നടത്തി നിരക്ക് വര്‍ധനക്കുള്ള ശുപാര്‍ശ സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിക്കും.
![K KRISHNAN KUTTY ELECTRICITY TARIFF INCREASE KERALA വൈദ്യുതി നിരക്ക് വർധന KSEB](https://etvbharatimages.akamaized.net/etvbharat/prod-images/02-12-2024/23023244_bill.jpg)
പിന്നീട് സര്‍ക്കാരാണ് നിരക്ക് വര്‍ധനവ് തീരുമാനിക്കുക. ഇത്തവണ കെഎസ്ഇബി നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ റഗുലേറ്ററി കമ്മിഷന്‍ പൊതുജനങ്ങളില്‍ നിന്നുള്ള തെളിവെടുപ്പ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഈ നടപടിയുടെ ഭാഗമായി കേരളത്തിലെ വൈദ്യുതി ഉപഭോക്താക്കളില്‍ നിന്ന് ഈടാക്കുന്ന വൈദ്യുതി ചാര്‍ജില്‍ ഈ വര്‍ഷം യൂണിറ്റിന് മുപ്പത്തിനാലു പൈസയുടെ വര്‍ധന വരുത്തണമെന്നാണ് കെഎസ്ഇബി ആവശ്യപ്പെട്ടിരിക്കുന്നത്.
![K KRISHNAN KUTTY ELECTRICITY TARIFF INCREASE KERALA വൈദ്യുതി നിരക്ക് വർധന KSEB](https://etvbharatimages.akamaized.net/etvbharat/prod-images/02-12-2024/23023244_cash.jpg)
ഉപഭോഗം കൂടുന്ന ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ യൂണിറ്റിന് വന്‍ തുക കൊടുത്ത് വൈദ്യുതി വാങ്ങേണ്ടി വരുന്ന സാഹചര്യത്തില്‍ പ്രത്യേക സമ്മര്‍ താരിഫ് ഈടാക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും കെഎസ്ഇബിക്കുണ്ട്.ഇത് അംഗീകരിക്കപ്പെട്ടാല്‍ ജനുവരി മുതല്‍ മെയ് വരെയുള്ള മാസങ്ങളില്‍ ഉപഭോക്താക്കള്‍ അധിക ചാര്‍ജ്ജും നല്‍കേണ്ടി വരും.
ചാർജ് വർധന ഡിസംബർ ആദ്യ ആഴ്‌ച മുതല്‍ നിലവിൽ വന്നേക്കുമെന്ന സൂചനയാണ് വൈദ്യുതി മന്ത്രിയുടെ ഓഫിസും നല്‍കുന്നത്. പൊതുജനങ്ങളിൽ നിന്ന് തെളിവെടുപ്പ് പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് നവംബറിൽ തന്നെ നിരക്ക് വർധിപ്പിച്ച് ഉത്തരവിടാനായിരുന്നു റഗുലേറ്ററി കമ്മിഷൻ ആലോചിച്ചത്. എന്നാൽ ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ ഇത് മാറ്റി വയ്ക്കുകയായിരുന്നു.
![K KRISHNAN KUTTY ELECTRICITY TARIFF INCREASE KERALA വൈദ്യുതി നിരക്ക് വർധന KSEB](https://etvbharatimages.akamaized.net/etvbharat/prod-images/02-12-2024/23023244_meeter22.jpg)
നിരക്ക് വര്‍ധനയെക്കുറിച്ച് മന്ത്രി
നിരക്ക് കൂട്ടല്‍ അനിവാര്യതയാണെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടിയും വ്യക്തമാക്കി. "സംസ്ഥാനത്ത് വൈദ്യൂതി ഡിമാന്‍ഡ് ഏറി വരികയാണ്. വരുമാനവും ചെലവും തമ്മില്‍ ഒത്തു പോകാത്തത് പ്രതിസന്ധിയാണ്. ഉല്‍പ്പാദനച്ചെലവും വിതരണവും തമ്മിലുള്ള വ്യത്യാസം കെ എസ് ഇബിക്ക് നേരിടേണ്ടി വരുന്നുണ്ട്. കെ എസ് ഇ ബി നിലനിന്നു പോവണം. വേനല്‍ക്കാലത്ത് വലിയ വില കൊടുത്താണ് വൈദ്യുതി വാങ്ങിക്കുന്നത്. യൂണിറ്റിന് 15 രൂപയൊക്കെ കൊടുത്താണ് വാങ്ങുക. എങ്കിലും പീക്ക് സമയത്ത് ആവശ്യം നേരിടാന്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ഉപഭോക്താക്കളുമായി ചര്‍ച്ച ചെയ്തായിരിക്കും വൈദ്യുതി നിരക്ക് തീരുമാനിക്കുക. ഉപഭോക്താക്കള്‍ക്ക് പോറലേല്‍ക്കാതെ തീരുമാനമെടുക്കാനാണ് ഉദ്ദേശിക്കുന്നത്.വൈദ്യുതി ബോര്‍ഡ് നിര്‍ദേശം സമര്‍പ്പിച്ചിട്ടുണ്ട്. ഇനി റെഗുലേറ്ററി കമ്മീഷനാണ് തീരുമാനമെടുക്കുക. അത് പരിഗണിച്ച് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ നയപരമായ തീരുമാനം സര്‍ക്കാര്‍ കൈക്കൊള്ളും. ഏതൊക്കെ മേഖലകളില്‍ സബ്സിഡി കൊടുക്കണം എന്നൊക്കെയുള്ള കാര്യം റെഗുലേറ്ററികമ്മീഷന്‍റെ റിപ്പോര്‍ട്ട് വന്ന ശേഷം സര്‍ക്കാരാണ് തീരുമാനിക്കുക.ആഭ്യന്തര ഉല്‍പ്പാദനം കുറഞ്ഞത് കേരളത്തിന്‍റെ ഊര്‍ജ മേഖലയ്ക്ക് വന്‍ തിരിച്ചടിയാണ്. നമ്മുടെ സംസ്ഥാനത്ത് 3000 ടിഎംസി ജലം ലഭ്യമാണെങ്കിലും അതില്‍ 300 ടിഎംസി മാത്രമാണ് വൈദ്യുതിക്കും ജലസേചനത്തിനും കുടിവെള്ളത്തിനും മറ്റുമായി ഉപയോഗിക്കാനാവുന്നത്.ബാക്കി മുഴുവന്‍ പാഴാവുകയാണ്. നിസ്സാര പരിസ്ഥിതി പ്രശ്നങ്ങള്‍ പറഞ്ഞ് പവര്‍ പ്രോജക്റ്റുകള്‍ മുടങ്ങുകയാണ്. ആഭ്യന്തര ഉല്‍പ്പാദനം കൂട്ടിയേ പറ്റു. " മന്ത്രി പറഞ്ഞു.
![K KRISHNAN KUTTY ELECTRICITY TARIFF INCREASE KERALA വൈദ്യുതി നിരക്ക് വർധന KSEB](https://etvbharatimages.akamaized.net/etvbharat/prod-images/02-12-2024/23023244_worker2.jpg)
നിലവിലെ നിരക്ക്
ഈ വര്‍ഷം ജൂണില്‍ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചിരുന്നു. പ്രതിമാസം 50 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് സൗജന്യ വൈദ്യുതിയായിരുന്നു നല്‍കിപ്പോന്നിരുന്നത്. 51 മുതല്‍ മുകളിലേക്ക് 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് 10 പൈസയാണ് യൂണിറ്റിന് കൂടിയത്. 101 യൂണിറ്റ് മുതല്‍ 150 യൂണിറ്റ് വരെയുള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 15 പൈസ കൂട്ടി.
151 മുതല്‍ 200 യൂണിറ്റ് വരെ പ്രതിമാസം വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് യൂണിറ്റിന് 20 പൈസ കൂട്ടി. നിലവില്‍ 400 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് നിരക്ക് ഏഴ് രൂപ അറുപത് പൈസയാണ് യൂണിറ്റ് ഒന്നിന് നിരക്ക് ഈടാക്കുന്നത്. അതിനിടെ നവംബറില്‍ ഉപഭോക്താക്കള്‍ക്ക് നല്‍കിപ്പോന്ന സബ്‌സിഡി നിര്‍ത്തലാക്കിക്കൊണ്ടുള്ള തീരുമാനവും വന്നിരുന്നു.
രണ്ടു മാസത്തിനിടെ 240 യൂണിറ്റിൽ താഴെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് 85 പൈസ സർക്കാർ സബ്‌സിഡി ഉണ്ടായിരുന്നു. ഇതാണ് നവംബറിൽ റഗുലേറ്ററി കമ്മിഷൻ ഒഴിവാക്കി ഉത്തരവിട്ടത്. ഓരോരുത്തർക്കും ഉപഭോഗമനുസരിച്ചു വൈദ്യുതി ചാർജ് വർധിക്കും.
![K KRISHNAN KUTTY ELECTRICITY TARIFF INCREASE KERALA വൈദ്യുതി നിരക്ക് വർധന KSEB](https://etvbharatimages.akamaized.net/etvbharat/prod-images/02-12-2024/23023244_meeter-1.jpg)
സര്‍ക്കാര്‍ വാദങ്ങള്‍
വരാനിരിക്കുന്ന വേനൽക്കാലത്ത് വൈദ്യുതി ഉത്‌പാദനം നേരിട്ടേക്കാവുന്ന പ്രതിസന്ധികൾ, വൈദ്യുതി വാങ്ങൽ ചെലവിലുള്ള വർധന, മൂലധന നിക്ഷേപ പദ്ധതികൾക്കുള്ള ചെലവ് എന്നിവ കണക്കിലെടുത്താണ് ചാർജില്‍ മുപ്പത്തിനാല് പൈസ വർധിപ്പിക്കണമെന്ന ശുപാര്‍ശ കെഎസ്ഇബി നല്‍കിയത്.
കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 6989 മില്യൺ യൂണിറ്റ് വൈദ്യുതിയായിരുന്നു സംസ്ഥാനം ആഭ്യന്തരമായി ഉത്‌പാദിപ്പിച്ചതെന്ന് കെഎസ്‌ഇബി വൃത്തങ്ങൾ അറിയിച്ചു. 24862 മില്യൺ യൂണിറ്റ് പുറത്തു നിന്നും വാങ്ങി. നിരക്ക് വർധിപ്പിക്കാനുള്ള കെഎസ്ഇബിയുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ റഗുലേറ്ററി കമ്മിഷൻ നടത്തിയ തെളിവെടുപ്പിനിടെ പൊതുജനങ്ങളും പ്രതിപക്ഷ സംഘടനകളും പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
പിന്നീട് നിരക്ക് വർധനവിനെ ശരിവച്ച് വന്ന ഹൈക്കോടതി വിധിയെ തുടര്‍ന്നാണ് കെഎസ്ഇബി ചാര്‍ജ് കൂട്ടാനുള്ള നീക്കവുമായി മുന്നോട്ട് പോയത്. ആംആദ്‌മി പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റായ വിനോദ് മാത്യു വില്‍സനാണ് വൈദ്യുതി നിരക്ക് പരിഷ്ക്കരണത്തിനെതിരെ പൊതുതാത്പര്യ ഹര്‍ജി നല്‍കിയത്. നവംബറിലാണ് ഹൈക്കോടതി ഹര്‍ജി തള്ളിയത്.
വൈദ്യതി നിരക്ക് സംബന്ധിച്ചും വൈദ്യുതി വിതരണം സംബന്ധിച്ചും ഉള്ള ചട്ടങ്ങളും നിയമങ്ങളും വൈദ്യുതി ഉപഭോക്താവിനെ മാത്രം ബാധിക്കുന്നതാണെന്ന കെഎസ്ഇബിയുടെ വാദം കോടതി അംഗീകരിക്കുകയായിരുന്നു. വിനോദ് മാത്യു വൈദ്യുതി ഉപഭോക്താവല്ലാത്ത സാഹചര്യത്തില്‍ പൊതുതാത്പര്യ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ചു കൊണ്ടാണ് കോടതി പൊതു താല്‍പ്പര്യ ഹര്‍ജി തള്ളിയത്.
ജനങ്ങള്‍ക്ക് പറയാനുള്ളത്
അതേ സമയം ഇലക്ട്രിസിറ്റി ആക്റ്റ് പ്രകാരം താരിഫ് വര്‍ധന ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കാന്‍ ആവില്ലെന്ന് പൊതു പ്രവര്‍ത്തകന്‍ ഡിജോ കാപ്പന്‍ അഭിപ്രായപ്പെട്ടു." ഇലക്ട്രിസിറ്റി ആക്റ്റ് അനുസരിച്ച് സമ്മര്‍ താരിഫ് ഏര്‍പ്പെടുത്താന്‍ പറ്റില്ല. വൈദ്യുതി നിരക്ക് വര്‍ധന ന്യായീകരിക്കാന്‍ സര്‍ക്കാര്‍ പുകമറ സൃഷ്ടിക്കുകയാണ്. 2016 ലും 2023 ലും കെ എസ് ഇബി ശമ്പള പരിഷ്കരണം നടത്തിയതാണ് ഇന്നത്തെ സാമ്പത്തിക പ്രതിസന്ധിക്ക് വഴി വെച്ചത്.നഷ്ടത്തില്‍ പ്രവൃത്തിക്കുന്ന പൊതുമേഖലാ സ്ഥാപനങ്ങളില്‍ ശമ്പള വര്‍ധന നടപ്പാക്കുമ്പോള്‍ സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി വേണമെന്ന വ്യവസ്ഥ കെ എസ് ഇ ബിയില്‍ പാലിക്കപ്പെട്ടിട്ടില്ല. മുന്‍ കൂട്ടി സര്‍ക്കാര്‍ അനുമതി വാങ്ങാതെ ശമ്പള വര്‍ധന നടപ്പാക്കിയതിന്‍റെ ഫലമായാണ് ഇപ്പോഴത്തെ നിരക്ക് വര്‍ധനക്ക് വഴി വെക്കുന്നത്. പുറത്തു നിന്ന് വാങ്ങുന്ന വൈദ്യുതിക്ക് വലിയ വില എന്നാണ് ന്യായം. ഒരു യൂണിറ്റ് വൈദ്യുതിക്ക് രണ്ടു രൂപ കൂടുതലാണ് മലയാളികള്‍ നല്‍കുന്നത്. അത് ഇനിയും കൂടുതല്‍ വേണം എന്ന് പറയുന്നത് ന്യായീകരിക്കാനാവില്ല."
Also Read: ഇലക്‌ട്രിസിറ്റി ബിൽ കണ്ട് ഞെട്ടിയോ..?? വൈദ്യുതി ലാഭിക്കാൻ ചില നുറുങ്ങുവഴികൾ ഇതാ...