പൃഥ്വിരാജ് സുകുമാരന് സര്‍പ്രൈസ് നല്‍കി ഭാര്യ സുപ്രിയ മേനോന്‍. പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'എമ്പുരാന്‍' സിനിമയുടെ ചിത്രീകരണത്തിന്‍റെ അവസാന ദിനമാണ് ലൊക്കേഷനില്‍ എത്തി സുപ്രിയ താരത്തിന് സര്‍പ്രൈസ് നല്‍കിയത്.
പൃഥ്വിരാജിന് സര്‍പ്രൈസ് നല്‍കാന്‍ മുംബൈില്‍ നിന്നും ഫ്ലൈറ്റില്‍ എത്തുകയായിരുന്നു സുപ്രിയ. വിമാനത്താവളത്തില്‍ നിന്നും മൂന്ന് മണിക്കൂര്‍ ഡ്രൈവിന് ശേഷമാണ് 'എമ്പുരാന്‍റെ' പാലക്കാടുള്ള ലൊക്കേഷനില്‍ സുപ്രിയ എത്തിയത്.
ഭര്‍ത്താവിന് നല്‍കിയ സര്‍പ്രൈസ് വീഡിയോ സുപ്രിയ തന്‍റെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. സര്‍പ്രൈസ് എന്ന് പറഞ്ഞ് കൊണ്ട് പൃഥ്വിരാജിന്‍റെ അരികില്‍ ഓടിയെത്തിയ സുപ്രിയയോട് 'നീ എന്താ ഇവിടെ' എന്നായിരുന്നു താരത്തിന്‍റെ ചോദ്യം. നീ ബോംബെയില്‍ നിന്നാണോ വരുന്നതെന്ന് പൃഥ്വിരാജ് ചോദിച്ചപ്പോള്‍ അതേ, ഒരു ഹായ് പറയാന്‍ വന്നതാണെന്ന് സുപ്രിയ മറുപടിയും നല്‍കി.
"രാജ്യത്തിന്‍റെ മറ്റൊരു കോണില്‍ നിന്ന് ഫ്ലൈറ്റ് പിടിച്ച് മൂന്ന് മണിക്കൂര്‍ ഡ്രൈവ് ചെയ്‌ത് ഷൂട്ടിന്‍റെ അവസാന ദിവസം ഡയറക്‌ടര്‍ സാറിന് സര്‍പ്രൈസ് നല്‍കാന്‍ വന്നതാണ്. പക്ഷേ, കിട്ടിയതോ, എന്തിനാ വന്നത് എന്ന ചോദ്യം." - ഇപ്രകാരമാണ് സുപ്രിയ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. അണ്‍റൊമാന്‍റിക് ഭര്‍ത്താവ് എന്ന ഹാഷ്‌ടാഗോടു കൂടിയായിരുന്നു സുപ്രിയയുടെ പോസ്‌റ്റ്.
പോസ്‌റ്റിന് താഴെ നിരവധി രസകരമായ കമന്‍റുകളാണ് പ്രത്യക്ഷപ്പെടുന്നത്. "ലേ രാജുവേട്ടൻ: സെറ്റിലേക്ക് ഒരാളേയും കയറ്റരുതെന്ന് പറഞ്ഞതല്ലേ.. സർപ്രൈസ് ആണത്രെ സർപ്രൈസ്", -ഇപ്രകാരമായിരുന്നു ഒരാളുടെ കമന്‍റ്. "ഇതിനെ ഞാൻ വീട്ടില്‍ നിർത്തിയതല്ലേ, ഓടി ഇങ്ങു വന്നാ", "ഷൂട്ടിംഗ് സെറ്റിൽ അണുബോംബ് വന്ന് വീണാൽ പോലും ഒരു കുലുക്കവും എക്കാതെ ഷൂട്ട് തുടരുന്ന മനുഷ്യനെ ആണ് സർപ്രൈസ് കൊടുക്കാൻ പോകുന്നത് എന്ന് സുപ്രിയ ചേച്ചി ഓർക്കണം ആയിരുന്നു.." -മറ്റൊരു ആരാധകന്‍ കുറിച്ചത് ഇപ്രകാരമായിരുന്നു.
"ലാ രാജു.. കഴുത്തൊന്നു വിട്.. ശ്വാസം വിടട്ടെ", "ഇടയ്‌ക്കൊക്കെ ചേച്ചി ആ ചങ്ങായിനെ നെട്ടിക്കണം... വല്ല കള്ളകളി ഇണ്ടേൽ പിടിക്കലോ", "ലെ രാജുവേട്ടൻ.. നീയെന്താ.. ഇവിടെ", "ലേ പൃഥ്വി: ആരാണ് എന്താണ്", "നാണം നോക്ക് പുള്ളീടെ" -അങ്ങനെ നീണ്ടു പോകുന്നു കമന്‍റുകള്‍.
കഴിഞ്ഞ ദിവസം രാവിലെ 5.30 ഓടുകൂടിയാണ് എമ്പുരാന്‍റെ ചിത്രീകരണം അവസാനിച്ചത്. ചിത്രീകരണം പൂര്‍ത്തിയായ വിവരം മോഹന്‍ലാലും പൃഥ്വിരാജും തങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ അറിയിച്ചിരുന്നു.
"ഇന്ന് പുലർച്ചെ 5:35ന്, മലമ്പുഴ റിസർവോയറിന്‍റെ തീരത്ത് എമ്പുരാന്‍റെ അവസാനത്തെ ഷോട്ട് ഞങ്ങൾ പൂർത്തിയാക്കി. 117 ദിവസങ്ങൾക്കുള്ളിൽ ചിത്രം തിയേറ്ററുകളിൽ കാണാം",-ഇപ്രകാരമായിരുന്നു പൃഥ്വിരാജ് ഫേസ്‌ബുക്കില്‍ കുറിച്ചത്.