കാസർകോട്: പച്ചക്കറി മാര്‍ക്കറ്റില്‍ നിന്ന് കാശ് ചോദിക്കാതെ ഇത് എടുത്ത് സഞ്ചിയിലിട്ടാല്‍ കീശ കാലിയാകും. കഴിഞ്ഞ ആഴ്‌ച വരെ 100-200 വില ഉണ്ടായിരുന്ന മുരിങ്ങയുടെ വില ഇന്ന് 500ല്‍ എത്തിയിരിക്കുകയാണ്. മലബാറിൽ മുരിങ്ങക്ക് 450 മുതൽ 550 രൂപ വരെ ഈടാക്കുന്നുണ്ട്.
തമിഴ്‌നാട്ടില്‍ നിന്നുള്ള മുരിങ്ങയുടെ വരവ് കുറഞ്ഞതോടെയാണ് ഉത്തേരേന്ത്യയില്‍ നിന്നുള്ള വിലകൂടിയ ഇനം വിപണിയിൽ എത്തിയത്.
സാമ്പാറിലും അവിയലിലും ഒഴിച്ചുകൂടാൻ പറ്റാത്തതാണ് മുരിങ്ങയുടെ സ്ഥാനം. ഇപ്പോൾ ഹോട്ടലുകളിലെ കറികളിൽ നിന്നും മുരിങ്ങ അപ്രത്യക്ഷമായി. നാടന്‍ മുരിങ്ങക്കായ വിപണിയിലെത്തിയാല്‍ വിലയില്‍ മാറ്റം പ്രതീക്ഷിക്കാമെന്ന് കാസർകോട്ടെ കച്ചവടക്കാരൻ വിജയൻ പറഞ്ഞു. ശബരിമല സീസൺ തുടങ്ങിയതും വിപണിയിൽ കുതിപ്പ് ഉണ്ടാക്കി.
ചെന്നൈയിലെ പ്രസിദ്ധമായ കോയമ്പേട് പച്ചക്കറി മാർക്കറ്റിൽ മൊത്ത വില കിലോയ്ക്ക് 350 വരെ എത്തിയിട്ടുണ്ട്. ഒരാഴ്‌ച കൊണ്ട് 100 രൂപയാണ് വർധിച്ചത്. തണുപ്പ് കാലം തുടങ്ങുന്നതോടെ മുരിങ്ങ വിളവ് കുറയും.
നവംബർ ഡിസംബർ മാസങ്ങളിൽ തമിഴ്‌നാട്ടില്‍ മുരിങ്ങക്കായ ഉണ്ടാകില്ല. മഴയുടെ ക്രമം തെറ്റിയതും വിളവിനെ ബാധിച്ചു. എന്നാൽ ഉത്തരേന്ത്യൻ മേഖലകളിൽ ഈ സീസണിലാണ് മുരിങ്ങക്കായ കൂടുതലായി ഉണ്ടാകുന്നത്.
മുരിങ്ങ കൃഷി ചെയ്യുന്ന രാജ്യങ്ങളിൽ ഇന്ത്യയാണ് ഒന്നാമത്. ആന്ധ്ര, തെലങ്കാന പ്രദേശങ്ങളിലാണ് വ്യപകമായി കൃഷി ചെയ്യുന്നത്. തമിഴ്‌മനാടും കർണ്ണാടകവുമാണ് തൊട്ടുപിന്നിൽ. ഒഡിഷയിലും ഇവ കൃഷി ചെയ്‌തിരുന്നു. കേരളത്തിലെ നാട്ടിൻ പുറങ്ങളിലും മുരിങ്ങ വളരുന്നുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കറികളിൽ മാത്രമല്ല ആരോഗ്യം സംരക്ഷണത്തിനും മുരിങ്ങ നല്ലതാണ്. മുരിങ്ങക്കായ പതിവായി കഴിക്കുന്നത് ബിപിയും പ്രമേഹവും കുറയ്ക്കാൻ സഹായിക്കുമെന്ന് പറയപ്പെടുന്നു. മുരിങ്ങക്കായില്‍ അടങ്ങിയിരിക്കുന്ന 'നിയാസിമിനിൻ' അതുപോലെ 'ഐസോതിയോസയനേറ്റ്' എന്നീ ഘടകങ്ങളാണ് ബിപി കുറയ്ക്കുന്നതിന് സഹായകമാകുന്നത്.
മുരിങ്ങക്കായില്‍ കലോറി വളരെ കുറവാണ്. അതേസമയം വൈറ്റമിനുകളും ഫൈബറും ധാതുക്കളുമെല്ലാം വളരെയധികം അടങ്ങിയിട്ടുമുണ്ട്. ഈയൊരു സവിശേഷത തന്നെ പ്രമേഹരോഗികള്‍ക്ക് ഉചിതമായ വിഭവമായി മുരിങ്ങക്കായയെ മാറ്റുന്നു.
മറ്റു നിരവധി ആരോഗ്യഗുണങ്ങളും മുരിങ്ങക്കായക്ക് ഉണ്ട്. രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്തുക, ക്യാൻസര്‍ സാധ്യത കുറയ്ക്കുക, വിവിധ അണുബാധകളെ ചെറുക്കുക, കാഴ്‌ചശക്തി വര്‍ധിപ്പിക്കുക, മുഖക്കുരു കുറയ്ക്കുക, ബീജത്തിന്‍റെ കൗണ്ട് വര്‍ധിപ്പിക്കുക എന്നിങ്ങനെ പല ഗുണങ്ങളും മുരിങ്ങയ്‌ക്കുണ്ട്. കായ മാത്രമല്ല മുരിങ്ങയുടെ ഇലയും പൂവും കായും എല്ലാം ഭക്ഷ്യയോഗ്യമാണ്.
Also Read: ചായക്ക് 20 വര്‍ഷത്തിനിടെ കൂടിയത് 9 രൂപ; ഹോട്ടൽ ഭക്ഷണം ഉപേക്ഷിക്കേണ്ടി വരുമെന്ന് ജനങ്ങൾ