ബെംഗളൂരു: കർണാടകയിൽ ആദ്യ പോസ്‌റ്റിങ്ങിനായി പോവുകയായിരുന്ന ഐപിഎസ് പ്രൊബേഷണറി ഓഫിസർ വാഹനാപകടത്തിൽ മരിച്ചു. മധ്യപ്രദേശ് സ്വദേശി ഹർഷ് ബർധനാണ് മരിച്ചത്. 2023 കർണാടക കേഡർ ഉദ്യോഗസ്ഥനായിരുന്നു ഇദ്ദേഹം.
മൈസുരുവിലെ പൊലീസ് അക്കാദമിയിൽ നാലാഴ്‌ചത്തെ പരിശീലനം പൂർത്തിയാക്കിയ ശേഷം ഹാസനിലെ എഎസ്‌പിയായി ചാർജ് എടുക്കാനായി വരുന്നതിനിടെയാണ് അപകടമുണ്ടായത്. അതേസമയം വാഹനമോടിച്ചിരുന്ന കോൺസ്‌റ്റബിൾ മഞ്ജേഗൗഡയെ ഗുരുതര പരിക്കുകളോടെ ഹാസനിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പൊലീസ് അക്കാദമിയിലെ പരിശീലനം പൂർത്തിയാക്കി ഇന്ന് (ഡിസംബർ 2) ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായി ചാർജെടുക്കാനിരിക്കെയാണ് ഹർഷ് ബർധൻ മരിച്ചതെന്ന് പൊലീസ് അധികൃതർ പറഞ്ഞു. ഹാസന് അടുത്തുള്ള കിട്ടനെയിൽ വെച്ച് ഇന്നലെ (ഡിസംബർ 1) വാഹനത്തിന്‍റെ ടയർ പൊട്ടിത്തെറിച്ച് ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതെന്നും അധികൃതർ വ്യക്തമാക്കി.
ജീപ്പ് സമീപത്തുള്ള മരത്തിലും പിന്നീട് അടുത്തുള്ള വീടിന്‍റെ മതിലിലും ഇടിച്ചാണ് നിന്നത്. അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഹർഷ് ബർധനെ വിദഗ്‌ധ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് കൊണ്ട് വരാനിരിക്കെയാണ് മരണം സംഭവിച്ചത്. സീറോ ട്രാഫിക് സജ്ജീകരണങ്ങളോടെ ട്രാഫിക് കോറിഡോർ ഉണ്ടാക്കി അദ്ദേഹത്തെ ബെംഗളൂരുവിൽ എത്തിക്കാനായിരുന്നു തീരുമാനം. എന്നാൽ ആരോഗ്യനില ഗുരുതരമായി മരണം സംഭവിക്കുകയായിരുന്നു എന്നും പൊലീസ് ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മധ്യപ്രദേശിലെ സിംഗ്‍രോളിയിലുള്ള ദോസർ സ്വദേശിയാണ് ഹർഷ് ബർധൻ. എഞ്ചിനീയറിങ് ബിരുദം പൂർത്തിയാക്കിയ അദ്ദേഹം 2022-23 കർണാടക കേഡർ ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു. യുപിഎസ്‌സി പരീക്ഷയിൽ 153ാം റാങ്ക് കരസ്ഥമാക്കിയ അദ്ദേഹം ആദ്യ ശ്രമത്തിൽ തന്നെ സിവിൽ സർവീസ് പരീക്ഷ പാസായി.
ഹസൻ പൊലീസ് സൂപ്രണ്ട് മുഹമ്മദ് സുജീത, അസിസ്‌റ്റന്‍റ് പൊലീസ് സൂപ്രണ്ട് വെങ്കിടേഷ് നായിഡു എന്നിവർ ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ചിരുന്നു. ഐജിപ് ബോറലിംഗയ്യയും ഹർഷ് ബർദന്‍റെ മൃതദേഹം സന്ദർശിച്ച് അനുശോചനം അറിയിച്ചു.