മള്‍ട്ടിപ്ലെക്സ് ശൃംഖലയായ പിവിആർ സിനിമാസും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള പ്രശ്‌നത്തിന് ഒടുവിൽ പൂര്‍ണ പരിഹാരം. കൊച്ചി ഫോറം മാളിലും കോഴിക്കോട് പിവിആർ സ്‌ക്രീനുകളിലും മലയാള ചിത്രങ്ങളുടെ പ്രദർശനം തുടങ്ങി. നേരത്തെ ഓൺലൈൻ യോഗത്തിലൂടെ ഭൂരിപക്ഷം കേന്ദ്രങ്ങളുടെയും തർക്കം പരിഹരിച്ചിരുന്നു.
എന്നാൽ ഈ രണ്ടു കേന്ദ്രങ്ങളുടെ കാര്യങ്ങളിൽ മാത്രമായിരുന്നു വ്യക്തത വരുത്താതിരുന്നത്. ഇപ്പോൾ അതിനും പരിഹാരമായിരിക്കുകയാണ്. ഇതോടെ ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനുകളിലും മലയാളം സിനിമകൾ പ്രദർശിപ്പിക്കാനും തീരുമാനമായി.
കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം കുറിപ്പ് പുറത്തുവിട്ടിരുന്നു. പിവിആർ തിയേറ്റർ ഗ്രൂപ്പും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനുമായി തർക്കത്തിലായിരുന്ന വിപിഎഫ് (VPF) പ്രശ്‌നം പരിഹരിച്ചെന്നും ശനിയാഴ്‌ച മുതൽ (ഏപ്രിൽ 20) കൊച്ചിയിലെ ഫോറം മാളിലും കാലിക്കറ്റ് മിറാഷിലും മലയാള സിനിമകൾ പ്രദർശിപ്പിക്കുമെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ബി രാകേഷ് വ്യക്തമാക്കി. 2025 ജനുവരി മുതൽ വിപിഎഫ് പരിപൂർണമായി നിർത്തലാക്കുമെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ അറിയിക്കുന്നതായും അദ്ദേഹം കുറിപ്പിലൂടെ അറിയിച്ചു.
ഇന്ത്യയിലെ മുഴുവൻ സ്‌ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ് ഏപ്രിൽ 11നാണ് പിവിആർ ബഹിഷ്‌കരിച്ചത്. ഏറ്റവും ഒടുവിൽ പ്രദർശനത്തിനെത്തിയ 'ആടുജീവിതം, വർഷങ്ങൾക്കു ശേഷം, ആവേശം, ജയ് ഗണേഷ്' ഉൾപ്പടെയുള്ള മലയാള സിനിമകളുടെ പിവിആറിലെ ഷോകള്‍ ഇതോടെ മുടങ്ങി. ഡിജിറ്റല്‍ കണ്ടന്‍റ് പ്രൊഡക്ഷനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നായിരുന്നു പിവിആറിന്‍റെ മലയാള സിനിമകളുടെ ബഹിഷ്‌കരണം.
എന്നാൽ ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി ചലച്ചിത്ര മേഖലയിലെ സംഘടനകൾ രംഗത്തെത്തി. ചലച്ചിത്ര തൊഴിലാളികളുടെ സംഘടനയായ ഫെഫ്‌ക പരസ്യമായ പ്രതിഷേധം അറിയിച്ചിരുന്നു. പിന്നാലെ നടന്ന സംവിധായകരുടെയും നിർമാതാക്കളുടെയും പ്രതിനിധികളുമായി നടത്തിയ ഓൺലൈൻ യോഗത്തിൽ പിവിആർ മലയാള സിനിമികൾ പ്രദർശിപ്പിക്കില്ലെന്ന തിരുമാനത്തിൽ നിന്ന് പിന്മാറി. പക്ഷേ കൊച്ചി ഫോറം മാളിലും കോഴിക്കോട് പിവിആർ സ്‌ക്രീനുകളിലും സിനിമകൾ പ്രദർശിപ്പിച്ചില്ല.
അതേസമയം സംസ്ഥാനമൊട്ടാകെ 44 സ്ക്രീനുകളാണ് പിവിആറിനുള്ളത്. കൊച്ചി നഗരത്തിൽ മാത്രം 22 സ്ക്രീനുകളുണ്ട്. തെക്കേ ഇന്ത്യയിൽ നൂറിടങ്ങളിലായി 572 സ്‌ക്രീനുകളും പിവിആറിനുണ്ട്.
ALSO READ:പിവിആർ തിയേറ്റർ സമരം; എസി റൂമിലിരിക്കുന്നവരുടെ ധാർഷ്ട്യമാണ് സമരത്തിന് കാരണമെന്ന് ബ്ലസി