മലയാള സിനിമ നിർമ്മാണം നിർത്തിവയ്ക്കാനൊരുങ്ങി കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. ഉയർന്ന വിനോദ നികുതി, സിനിമ നിർമ്മാണ ചെലവ് വർദ്ധന എന്നീ കാരണങ്ങളാലാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് നീങ്ങാൻ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെ പ്രേരിപ്പിക്കുന്നത്.
താരങ്ങളുടെ ഉയർന്ന പ്രതിഫലവും നിര്‍മ്മാണ ചെലവ് വര്‍ദ്ധിക്കുന്നതിന് പ്രധാന കാരണമായി നിർമ്മാതാക്കളുടെ സംഘടന ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രസ്‌തുത വിഷയവുമായി ബന്ധപ്പെട്ട് കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വൈസ് പ്രസിഡന്‍റ് സിയാദ് കോക്കറുമായി ഇടിവി ഭാരത് സംസാരിച്ചു.
സിനിമ നിർമ്മാണം നിർത്തിവയ്ക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സംഘടന ചർച്ച ചെയ്‌ത് വരികയാണെന്നും പ്രസ്‌തുത നീക്കത്തിന് പിന്തുണ ലഭിക്കുന്നതിനായി ഫിലിം ചേംബറിനെ സമീപിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
സിനിമ മേഖലയിലെ എല്ലാ സംഘടനകളുമായും നിർമ്മാതാക്കളുടെ സംഘടന ചർച്ച നടത്തുമെന്നും അതിന് ശേഷം മാത്രമാകും സിനിമ നിർമ്മാണം പൂർണ്ണമായി നിർത്തിവയ്‌ക്കണോ വേണ്ടയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കുകയെന്നും അദ്ദേഹം അറിയിച്ചു. അതേസമയം ചലച്ചിത്ര നിർമ്മാണം ഉടൻ നിർത്തിവയ്‌ക്കാൻ പോകുന്നു എന്ന തരത്തിലുള്ള വാർത്തകൾ അഭ്യൂഹങ്ങളാണെന്നും സിയാദ് കോക്കർ വ്യക്‌തമാക്കി.
Also Read: മമ്മൂട്ടിയെ കൊണ്ട് മമ്മൂട്ടിയെ കളിയാക്കിച്ചു.. ധ്രുവനച്ചത്തിരം റിലീസ് എപ്പോള്‍? നായികയുടെ കാലിൽ തൊടാൻ വിസമ്മതിച്ച താരം; ഗൗതം വാസുദേവ് മേനോന്‍ പറയുന്നു - GAUTHAM VASUDEV MENON INTERVIEW