മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നാണ് കഥ പറയുമ്പോൾ. ശ്രീനിവാസനും മീനയും പ്രധാന വേഷത്തിൽ എത്തിയ ചിത്രത്തിൽ നിർണായക വേഷത്തിൽ മലയാളത്തിൻ്റെ മെഗാ താരം മമ്മൂട്ടിയും എത്തിച്ചേരുന്നുണ്ട്. സംവിധായകൻ എം.മോഹനൻ്റെ ആദ്യ ചിത്രം കൂടിയായിരുന്നു കഥ പറയുമ്പോൾ.
നടൻ ശ്രീനിവാസനുമായുള്ള സൗഹൃദത്തിൻ്റെ അടിസ്ഥാനത്തിലാണ് മമ്മൂട്ടി ആ സിനിമയിൽ സൂപ്പർസ്റ്റാർ അശോക് രാജ് ആയി വേഷമിടാൻ സമ്മതിക്കുന്നത്. തമിഴിൽ കുസേലൻ എന്ന പേരിലും ഹിന്ദിയിൽ ബില്ലു ബാർബർ എന്ന പേരിലും ചിത്രം റീമേക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ മലയാളത്തിൽ കഥ പറയുമ്പോൾ നേടിയ വിജയം റീമേക്കുകൾക്ക് നേടാനായില്ല. ബാർബർ ബാലനെയും അശോക് രാജിനെയും മലയാളികൾ നെഞ്ചേറ്റിയിട്ട് 17 വർഷങ്ങൾ പിന്നിടുന്നു.
ശ്രീനിവാസനാണ് കഥ പറയുമ്പോൾ എന്ന സിനിമ രചിച്ചിരിക്കുന്നത്. ഇപ്പോഴിതാ കഥ പറയുമ്പോൾ എന്ന സിനിമയെ കുറിച്ച് ചില കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് സംവിധായകൻ എം.മോഹനൻ. അദ്ദേഹത്തിൻ്റെ ഏറ്റവും പുതിയ ചിത്രമായ ഒരു ജാതി ജാതകത്തിൻ്റെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിലാണ് ബാർബർ ബാലനും സൂപ്പർസ്റ്റാർ അശോക് രാജും വീണ്ടും ഓർമ്മകളിലേക്ക് കടന്നുവന്നത്.
"കഥ പറയുമ്പോൾ... മലയാളത്തിൽ മാത്രമാണ് ആ സിനിമ വലിയ ഹിറ്റായത്. തമിഴിലും ഹിന്ദിയിലും ഒക്കെ ആ സിനിമ റീമേക്ക് ചെയ്‌തിരുന്നു. പക്ഷേ റീമേക്ക് ചെയ്‌ത ഭാഷകളിലെല്ലാം തന്നെ ആ ചിത്രങ്ങൾ വലിയ പരാജയമായി. മലയാളത്തിൽ ആ സിനിമ പ്രേക്ഷകരോട് വളരെ വൈകാരികമായാണ് സംവദിച്ചത്. ബാർബർ ബാലൻ്റെയും സൂപ്പർസ്റ്റാർ അശോക് രാജിൻ്റെയും സൗഹൃദം മലയാളിക്ക് കൃത്യമായി മനസിലായി. അവർ ഇരുവരും ഒരുമിക്കുമ്പോഴുള്ള നിമിഷങ്ങൾ മലയാളിയുടെ കണ്ണിൽ ആനന്ദാശ്രു പൊഴിച്ചു. കഥ പറയുമ്പോൾ എന്ന സിനിമയിലെ ക്ലൈമാക്‌സ് രംഗം തന്നെയാണ് ആ സിനിമയുടെ വിജയ ഘടകം.
ആ രംഗത്തിൽ മമ്മൂട്ടി വളരെ വൈകാരികമായി അഭിനയിച്ചത് പോലെ ഈ സിനിമയുടെ റീമേക്കുകളിൽ അഭിനയിച്ച താരങ്ങൾക്ക് പെർഫോം ചെയ്യാൻ സാധിച്ചിട്ടില്ല. അവരൊന്നും മോശം നടന്മാർ എന്നല്ല ഞാൻ അർഥമാക്കുന്നത്. മമ്മൂട്ടിയോളം ആ കഥാപാത്രത്തെ ഉൾക്കൊള്ളാൻ അവർക്ക് ആയോ എന്ന് സംശയമാണ്. റീമേക്കുകൾ പരാജയപ്പെട്ടതിന് പ്രധാന കാരണം കഥ പറയുമ്പോൾ പോലെ റീമേക്ക് സിനിമകൾ പ്രേക്ഷകരോട് വൈകാരികമായി കണക്‌ട് ആയിട്ടില്ല. എത്ര മികച്ച മേക്കിങ് ഉണ്ടെങ്കിലും സിനിമയ്‌ക്ക് ഒരു വൈകാരികത ഇല്ലെങ്കിൽ ആ ചിത്രം പരാജയപ്പെടും"