മേജർ രവി ഇടിവി ഭാരതിനോട് (ETV Bharat) തിരുവനന്തപുരം : പദ്‌മവിഭൂഷൻ റാമോജി റാവുവിന്‍റെ വിയോഗം ഒരു യുഗാന്ത്യമെന്ന് പ്രശസ്‌ത ചലച്ചിത്ര സംവിധായകനും നടനുമായ മേജർ രവി. ഒരു സ്വപ്‌ന ഭൂമി പോലെയാണ് റാമോജി ഫിലിം സിറ്റിയെ താനെന്നും നോക്കി കണ്ടിരുന്നത് എന്നും മേജര്‍ രവി പ്രതികരിച്ചു.
'1996-97 കാലഘട്ടത്തിൽ പുക്കാർ എന്ന ചിത്രത്തിന്‍റെ ഷൂട്ടിനായിരുന്നു ആദ്യം അവിടേക്ക് എത്തുന്നത്. അന്ന് മുതൽക്ക് തന്നെ ആരാണ് ഈ സ്വപ്‌ന തുല്യമായ സംവിധാനത്തിന് പിന്നിലെന്ന് എന്‍റെ മനസിൽ ചോദ്യം ഉയർന്നിരുന്നു. പിന്നീടാണ് റാമോജി സാറിനെ കുറിച്ച് അറിയുന്നത്.
ഈ കാലയളവിൽ തന്നെ ദൂരെ നിന്നും അദ്ദേഹം ഒരു കാറിൽ നിന്ന് ഇറങ്ങി പോകുന്നത് താൻ കണ്ടിട്ടുണ്ട്. ഹൈദരാബാദ് നഗരത്തിന്‍റെ വളർച്ച പൂർണ വേഗം കൈവരിച്ച് വരുന്ന അക്കാലത്ത് നഗരത്തിൽ നിന്നും അറുപതിലധികം കിലോമീറ്റർ മാറി ഇത്തരത്തിൽ ഒരു ഫിലിം സിറ്റി സ്ഥാപിക്കാൻ അദ്ദേഹം കാണിച്ച ചങ്കൂറ്റം അത്രമാത്രമാണ്.
ജനങ്ങൾ അവിടെയെത്തുമെന്ന് അദ്ദേഹം അന്ന് തന്നെ ഒരു ചലച്ചിത്ര പ്രവർത്തകൻ എന്ന നിലയിൽ മുൻകൂട്ടി കണ്ടിരുന്നു. അദ്ദേഹത്തിന്‍റെ വിയോഗ വാർത്ത അറിഞ്ഞത് മുതൽ ഒരു യുഗാന്ത്യമാണ് സംഭവിച്ചതെന്ന് ഞാൻ മനസിലാക്കുന്നു. ബാക്കിയായത് അദ്ദേഹത്തിന്‍റെ സ്വപ്‌നങ്ങൾ മാത്രമാണ്. റാമോജി ഫിലിം സിറ്റിയുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചിട്ടുള്ള എല്ലാ ചലച്ചിത്ര പ്രവർത്തകർക്കും അദ്ദേഹത്തിന്‍റെ വിയോഗം തീരാനഷ്‌ടമാണെ'ന്നും മേജർ രവി അനുസ്‌മരിച്ചു.
ALSO READ:'ഒരു യഥാർഥ ഇതിഹാസത്തെ നമുക്ക് നഷ്‌ടപ്പെട്ടു'; റാമോജി റാവുവിന്‍റെ നിര്യാണത്തിൽ പൃഥ്വിരാജ്