തിരുവനന്തപുരം: മാലിന്യത്തിലേക്ക് തള്ളിവിടാതെ നീക്കം ചെയ്യുന്ന ഫ്ളെക്‌സ് ബോർഡുകള്‍ റീസൈക്കിള്‍ ചെയ്യാൻ മാർഗം കണ്ടെത്തി തിരുവനന്തപുരം നഗരസഭ. മുട്ടത്തറയില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീയുടെ സ്റ്റിച്ചിങ് യൂണിറ്റിലേക്ക് ഫ്ളെക്‌സ് ബോർഡുകള്‍ എത്തിച്ച് നൽകും. ഇവിടെ എത്തുന്ന ഫ്ളെക്‌സുകള്‍ ചാക്കുകളാക്കി മാറ്റുമെന്ന് നഗരസഭ ആരോഗ്യ ഓഫീസര്‍ ഡോ.ഗോപകുമാര്‍ ഇ ടി വി ഭാരതിനോട് പറഞ്ഞു.
ചാക്കുകള്‍ പൊതു വിപണിയിലെത്തിക്കാനാണ് തീരുമാനമെന്നും എന്നാൽ എത്ര ചാക്കുകള്‍ നിര്‍മിക്കാനാകുമെന്ന് ഇപ്പോള്‍ വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയുടെ പിന്തുണയില്‍ കുടുംബശ്രീയുടെ സ്റ്റിച്ചിങ് യൂണിറ്റുകള്‍ വട്ടിയൂര്‍ക്കാവ്, നെട്ടയം, ചാല എന്നിവിടങ്ങളിലും പ്രവര്‍ത്തിക്കുന്നുണ്ട്.
പൊതുവിടത്തില്‍ ഫ്ളെക്‌സ് ബോര്‍ഡ് സ്ഥാപിക്കരുതെന്ന ഹൈക്കോടതി വിധി നിലനില്‍ക്കുന്നുണ്ടെങ്കിലും ഇത് നിരന്തരം ലംഘിക്കപ്പെടുന്ന ജില്ലയാണ് തിരുവനന്തപുരം. വര്‍ഷം മുഴുവന്‍ പൊതുപരിപാടികളും സമരങ്ങളും സജീവമാകുന്ന തിരുവനന്തപുരം നഗര വീഥികളിലെ അനധികൃത ഫ്ളെക്‌സ് ബോര്‍ഡുകള്‍ നഗരസഭക്കും വലിയ തലവേദനയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ബോര്‍ഡുകള്‍ നീക്കാന്‍ അൽപമൊന്നു താമസിച്ചാല്‍ മാധ്യമങ്ങളും പിന്നാലെ കോടതിയും ഇടപെടും. സ്‌കൂള്‍ കലോത്സവത്തിന് ആതിഥേയത്വം വഹിക്കാനുള്ള തയാറെടുപ്പുകള്‍ തുടങ്ങുന്ന സമയത്താണ് ഫ്ളെക്‌സ് പുനരുൽപാദനത്തെ കുറിച്ചു ചിന്തിച്ചതെന്ന് തിരുവനന്തപുരം നഗരസഭ സെക്രട്ടറി ജഹാംഗീര്‍ ഇ ടി വി ഭാരതിനോട് പറഞ്ഞു.
സെക്രട്ടറിയേറ്റിന് മുന്നിലെ സ്ഥിരം സമരങ്ങള്‍, ക്രിസ്‌മസ് പുതുവത്സര ആഘോഷം, ചലച്ചിത്ര മേള എന്നിങ്ങനെ ഒന്നിന് പിറകെ മറ്റൊന്നായി നഗരത്തില്‍ പൊതു പരിപാടികളും ഫ്ളെക്‌സ് ബോര്‍ഡുകളും ഡിസംബര്‍, ജനുവരി മാസങ്ങളില്‍ നിറഞ്ഞു. കലോത്സവത്തിന് മുന്‍പായി 2024 ഡിസംബറില്‍ അനധികൃത ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ നഗരസഭയുടെ പ്രത്യേക എന്‍ഫോഴ്‌സ്മെൻ്റ് ഡ്രൈവ് കൂടിയായതോടെ ടണ്‍ കണക്കിന് അനധികൃത ബോര്‍ഡുകള്‍ നഗരസഭാ ആസ്ഥാനത്തും സോണല്‍ ഓഫീസുകളിലും കുന്നു കൂടി.
നഗരത്തില്‍ നിയമനുസൃതമായി ഫ്‌ലക്‌സ് വെയ്‌ക്കേണ്ടതെങ്ങനെ ..?
ഫ്ളെക്‌സിൻ്റെ വലിപ്പത്തിനനുസരിച്ചുള്ള തുക ഫീസായി നഗരസഭയുടെ റവന്യു വകുപ്പില്‍ അടച്ച ശേഷം ലഭിക്കുന്ന സീരിയല്‍ നമ്പര്‍ പ്രദര്‍ശിപ്പിച്ചു വേണം നഗരത്തില്‍ ഫ്ളെക്‌സ് ബോര്‍ഡ് സ്ഥാപിക്കേണ്ടത് എന്നാണ് ചട്ടം. നിശ്ചിത ദിവസത്തിന് ശേഷം ഫ്ളെക്‌സ് സ്ഥാപിച്ചവര്‍ തന്നെ ഇതു നീക്കണമെന്നും തിരുവനന്തപുരം നഗരസഭ സ്റ്റാൻ്റിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ ഗായത്രി ബാബു ഇടിവി ഭാരതിനോട് പറഞ്ഞു.
ബോര്‍ഡ് മാറ്റിയില്ലെങ്കില്‍ പിഴ ചുമത്താന്‍ നഗരസഭക്ക് അധികാരമുണ്ട്. എന്നാല്‍ ചില വിരുതര്‍ അനുമതി പോലും വാങ്ങാതെ ബോര്‍ഡ് സ്ഥാപിക്കും. വഴിയടച്ചും അപകടകരമായും ഇത്തരത്തില്‍ സ്ഥാപിക്കുന്ന ബോര്‍ഡിലെ വിശദാംശങ്ങള്‍ നോക്കിയാണ് നടപടി. കലോത്സവത്തിന് മുന്‍പായി ഫ്ളെക്‌സ് ബോര്‍ഡുകള്‍ വ്യപകമായി നീക്കേണ്ട സാഹചര്യം വന്നതോടെയാണ് ചാക്ക് നിര്‍മാണമെന്ന കുടുംബശ്രീയുടെ ആശയത്തിനായി ഫ്ളെക്‌സുകള്‍ വിട്ടു നല്‍കാനുള്ള തീരുമാനത്തിലെത്തിയതെന്നും ഗായത്രി ബാബു പറഞ്ഞു.