മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മള്‍ട്ടിസ്‌റ്റാര്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തിരിതെളിഞ്ഞു. മലയാള സിനിമയില്‍ പുതുചരിത്രം കുറിച്ച് കൊണ്ടാണ് മഹേഷ് നാരായണന്‍ ചിത്രത്തിന് ശ്രീലങ്കയില്‍ തുടക്കം കുറിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിക്കുന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍, നയന്‍താര എന്നിവരും അണിനിരക്കുന്നുണ്ട്.
ചടങ്ങില്‍ മോഹന്‍ലാലാണ് ഭദ്രദീപം കൊളുത്തിയത്. കോ പ്രൊഡ്യൂസര്‍മാരായ സുഭാഷ് ജോര്‍ജ് മാനുവല്‍ സ്വിച്ച് ഓണ്‍ കര്‍മ്മവും സി.ആര്‍ സലിം ഫസ്‌റ്റ് ക്ലാപ്പും അടിച്ചു. സലിം ഷാര്‍ജ, രാജേഷ് കൃഷ്‌ണ, അനുര മത്തായി, തേജസ് തമ്പി എന്നിവര്‍ തിരിതെളിയിച്ചു.
സിനിമയുടെ ചിത്രീകരണത്തിനായി മോഹന്‍ലാല്‍ ആദ്യം തന്നെ ശ്രീലങ്കയില്‍ എത്തിയിരുന്നു. പിന്നാലെ മമ്മൂട്ടിയും കുഞ്ചാക്കോ ബോബനും എത്തിയതോടെ മഹേഷ് നാരായണന്‍ ചിത്രത്തിന് തുടക്കമായി. ശ്രീലങ്കയില്‍ ആരംഭിക്കുന്ന സിനിമയുടെ ചിത്രീകരണം ഹൈദരാബാദ്, ഡൽഹി, അസർബൈജാൻ, യുഎഇ തുടങ്ങിയിടങ്ങളില്‍ നടക്കും.
സംവിധായകന്‍ മഹേഷ് നാരായണന്‍ തന്നെയാണ് സിനിമയുടെ കഥയും തിരക്കഥയും ഒരുക്കുന്നത്. ആന്‍റോ ജോസഫ് ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം. സി.ആര്‍ സലി, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവര്‍ കോ പ്രൊഡ്യൂസര്‍മാരുമാണ്. രാജേഷ് കൃഷ്‌ണ, സിവി സാരഥ എന്നിവര്‍ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരുമാണ്. ബോളിവുഡിലെ പ്രശസ്‌ത ഛായാഗ്രാഹകന്‍ മനുഷ് നന്ദനാണ് സിനിമയുടെ ഛായാഗ്രഹണം നിര്‍വ്വഹിക്കുക.