സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിയ രണ്ട് ഡാൻസ് നമ്പർ ഗാനങ്ങൾക്ക് ശേഷം, തെലുഗു സൂപ്പർ താരം റാം പൊത്തിനേനി നായകനായി എത്തുന്ന ഡബിൾ ഐ സ്‌മാർട്ടിലെ മൂന്നാമത്തെ ഗാനമെത്തി. തെലുഗു സൂപ്പർ ഹിറ്റ് സംവിധായകൻ പുരി ജഗനാഥ് രചിച്ച് സംവിധാനം ചെയ്‌ത ചിത്രം ഈ വർഷം ഓഗസ്‌റ്റ് 15 നാണ് ആഗോള റിലീസായി എത്തുന്നത്.
ചിത്രത്തിലെ മനോഹരമായ പ്രണയ ഗാനമാണ് ഏറ്റവും പുതിയതായി അണിയറ പ്രവർത്തകർ റിലീസ് ചെയ്‌തിരിക്കുന്നത്. 'ക്യാ ലഫ്‌ഡ' എന്ന വരികളോടെ തുടങ്ങുന്ന ഈ ഗാനം രചിച്ചിരിക്കുന്നത് ശ്രീ ഹർഷ ഇമാനിയാണ്. റാം പൊത്തിനേനി, കാവ്യ ഥാപ്പർ എന്നിവരുടെ മനോഹരമായ പ്രണയ നിമിഷങ്ങൾ ഉൾപ്പെടുത്തിയ ഈ ഗാനത്തിന്‍റെ ലിറിക് വീഡിയോയാണ് പുറത്തിറക്കിയിരിക്കുന്നത്. മണി ശർമ്മ സംഗീത സംവിധാനം നിർവഹിച്ച ഈ ഗാനം ധനുജ്ഞയ് സീപന, സിന്ധുജ ശ്രീനിവാസൻ എന്നിവർ ചേർന്നാണ് ആലപിച്ചിരിക്കുന്നത്.
ഈ ചിത്രത്തിലെ ഗാനങ്ങളായ 'സ്‌റ്റെപ് മാർ', 'മാർ മുന്താ ചോട് ചിന്ട' എന്നിവയുടെ ലിറിക് വീഡിയോകൾ നേരത്തെ തന്നെ റിലീസ് ചെയ്യുകയും സമൂഹ മാധ്യമങ്ങളിൽ വമ്പൻ ഹിറ്റായി മാറുകയും ചെയ്‌തിരുന്നു. ഈ വർഷം ഓഗസ്‌റ്റ് 15 നാണ് ആഗോള റിലീസായി ഡബിൾ ഐ സ്‌മാർട്ട് പ്രേക്ഷകരുടെ മുന്നിലെത്തുക.