കേരളം

kerala

ETV Bharat / entertainment

"ഭര്‍ത്താവ് ഓണ്‍ ഡ്യൂട്ടി! എന്‍റെ പ്രിയേ, ഇതിനായി നീ എത്രമാത്രം കൊതിച്ചെന്ന് എനിക്കറിയാം", കുറിപ്പുമായി കുഞ്ചാക്കോ ബോബന്‍ - HUSBAND ON DUTY POST

"നീ എന്‍റെ ഏറ്റവും വലിയ വിമര്‍ശകയാണ്, ആരാധികയാണ്, സുഹൃത്താണ്, ടെന്‍ഷന്‍ ബ്രേക്കറാണ്, നിരന്തരമായ പിന്തുണയും നല്‍കുന്നു. ഈ വിജയം എന്നേക്കാള്‍ കൂടുതൽ അർഹത ഉള്ളത് നിനക്കാണ്. നിന്‍റെ ഓഫീസറില്‍ നിന്നും സ്നേഹവും സല്യൂട്ടും നല്‍കുന്നു.."

KUNCHACKO BOBAN  OFFICER ON DUTY  ഭര്‍ത്താവ് ഓണ്‍ ഡ്യൂട്ടി  കുഞ്ചാക്കോ ബോബന്‍
Kunchacko Boban (ETV Bharat)

By ETV Bharat Entertainment Team

Published : Feb 26, 2025, 11:00 AM IST

കുഞ്ചാക്കോ ബോബന്‍റേതായി ഏറ്റവും ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയ ചിത്രമാണ് 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'. ഫെബ്രുവരി 20ന് തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ഈ വിജയത്തില്‍ സന്തോഷം പങ്കുവച്ച് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുകയാണ് കുഞ്ചാക്കോ ബോബന്‍.

സോഷ്യല്‍ മീഡിയയിലൂടെ രസകരമായൊരു ചിത്രത്തിനൊപ്പമാണ് താരം പോസ്‌റ്റ് പങ്കുവച്ചിരിക്കുന്നത്. തോളോടു തോള്‍ ചാരിക്കിടക്കുന്ന തന്‍റെയും ഭാര്യ പ്രിയയുടെയും ചിത്രമാണ് കുഞ്ചോക്കോ ഫേസ്‌ബുക്കിലും ഇന്‍സ്‌റ്റഗ്രാമിലും പങ്കുവച്ചിരിക്കുന്നത്. ഭാര്യ തന്‍റെ തോളിലേക്ക് ചാരിക്കിടന്ന് ഉറങ്ങുന്നതിനിടെ താരം എടുത്ത സെല്‍ഫിയായിരുന്നു ഇത്. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയുടെ വിജയത്തിലടക്കം പ്രിയയുടെ പങ്കാളിത്വം എപ്രകാരമായിരുന്നു എന്ന് വ്യക്‌തമാക്കുന്നതാണ് നടന്‍റെ പോസ്‌റ്റ്.

"തന്‍റെ സുന്ദരിയുടെ കൂടെ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയാണ്. എന്‍റെ പ്രിയേ, ഈ സ്വീകാര്യതയ്ക്കായി നീ എത്രമാത്രം കൊതിച്ചിരുന്നുവെന്ന് എനിക്കറിയാം!! നീ എന്‍റെ ഏറ്റവും വലിയ ആരാധികയാണ്, വിമര്‍ശകയാണ്, സുഹൃത്താണ്, ടെന്‍ഷന്‍ ബ്രേക്കറാണ്. നീ എനിക്ക് നിരന്തരമായ പിന്തുണയും നല്‍കുന്നു.

ഈ വിജയം എന്നേക്കാള്‍ കൂടുതൽ അർഹത ഉള്ളത് നിനക്കാണ് !! നിന്‍റെ ഓഫീസറില്‍ നിന്നും സ്നേഹവും സല്യൂട്ടും നല്‍കുന്നു.. അല്ലെങ്കിൽ, ഭര്‍ത്താവ് ഓണ്‍ ഡ്യൂട്ടി എന്ന് പറയാം. ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിയെ എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ വിജയമാക്കിയ ഓരോരുത്തര്‍ക്കും ഒരു വലിയ നന്ദി" -കുഞ്ചാക്കോ ബോബന്‍ കുറിച്ചു.

കഴിഞ്ഞ ദിവസം പഴയ ആരാധികയ്‌ക്കൊപ്പമുള്ള കുഞ്ചാക്കോയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. 'ഓഫീസര്‍ ഓണ്‍ ഡ്യൂട്ടി'യുടെ പ്രെമോഷന്‍റെ ഭാഗമായി കുഞ്ചാക്കോ ബോബനും മറ്റ് അണിയറപ്രവർത്തകരും തിരുവനന്തപുരം വുമൺസ് കോളേജിൽ എത്തിയപ്പോഴാണ് അപൂർവ്വമായൊരു നിമിഷത്തിന് സാക്ഷ്യം വഹിച്ചത്.

കോളേജില്‍ പരിപാടി നടക്കുന്നതിനിടെ വേദിയിൽ നിന്നുകൊണ്ട് താഴെ നിൽക്കുന്ന കുട്ടികളുടെ ഫോൺ വാങ്ങി കുഞ്ചാക്കോ ബോബന്‍ സെൽഫികൾ എടുത്തു നൽകി. ഇക്കൂട്ടില്‍ കുഞ്ചാക്കോ ബോബന്‍റെ കടുത്ത ഒരു ആരാധിക തന്‍റെ ഫോണിലെ ഒരു ചിത്രം താരത്തെ കാണിച്ചു. ആരാധികയുടെ ഫോണിലെ ചിത്രം കണ്ട് കുഞ്ചാക്കോ ബോബന്‍ അക്ഷരാർത്ഥത്തിൽ ഞെട്ടി.

27 വർഷങ്ങൾക്ക് മുമ്പുള്ള ഒരു ചിത്രമായിരുന്നു അത്. 1998ല്‍ തിരുവനന്തപുരം വുമൺസ് കോളേജ് സംഘടിപ്പിച്ച ആർട്‌സ്‌ ഫെസ്‌റ്റിവലിൽ കുഞ്ചാക്കോ ബോബന്‍ അതിഥിയായി എത്തിയപ്പോൾ എടുത്ത ചിത്രം. സിന്ധു എന്ന് പേരുള്ള ആരാധികക്കൊപ്പമുള്ള ചിത്രമായിരുന്നു അത്.

കുഞ്ചാക്കോയുടെ തോളോട് തോൾ ചേർന്ന് നിൽക്കുന്ന സിന്ധുവിനെയാണ് ചിത്രത്തില്‍ കാണാനാവുക. വിദ്യാർത്ഥി കൂട്ടത്തിനിടയിൽ നിൽക്കുന്ന സിന്ധുവിന്‍റെ ഫോൺ വാങ്ങി ആ പഴയ ചിത്രം ചാക്കോച്ചൻ തന്‍റെ ഫോണിലേക്ക് പകർത്തി. ശേഷം തന്‍റെ ആരാധികയ്‌ക്കൊപ്പം വീണ്ടും ഒരു സെൽഫി എടുത്തു.

ഈ ദൃശ്യങ്ങള്‍ പൃഥ്വിരാജിന്‍റെ പേഴ്‌സണല്‍ ഫോട്ടോഗ്രാഫറായ ശ്യാം ആണ് തന്‍റെ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ശ്യാം പങ്കുവച്ച ഈ പോസ്‌റ്റ് നിമിഷ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയായിരുന്നു.

Also Read: 27 വർഷങ്ങൾക്ക് ശേഷം പഴയ ആരാധികയെ വീണ്ടും കണ്ടപ്പോള്‍.. കുഞ്ചാക്കോ ബോബന് കൗതുകമായി; വീഡിയോ വൈറല്‍ - KUNCHACKO BOBAN MET OLD FAN GIRL

ABOUT THE AUTHOR

...view details