എറണാകുളം:‘ഗർർർ’ സിനിമയുടെ ലൊക്കേഷൻ വീഡിയോ സോഷ്യൽ മീഡിയയില്‍ പങ്കുവച്ച് നടൻ കുഞ്ചാക്കോ ബോബൻ. ചിത്രത്തിൽ തനിക്കൊപ്പം അഭിനയിക്കുന്ന സിംഹത്തെ ഗ്രാഫിക്‌സ് ഉപയോഗിച്ച് സൃഷ്‌ടിച്ച് എടുത്തതാണെന്ന് വിചാരിച്ചവർക്ക് തെറ്റുപറ്റി. വീഡിയോക്കൊപ്പം 'ഒറിജിനൽ സിംഹത്തിന്‍റെ മാന്ത് കിട്ടിയത് എനിക്കല്ലേ' എന്ന കുറിപ്പും അദ്ദേഹം പങ്കിട്ടു. ജൂൺ 14ന് ഗർർർ റിലീസ് ചെയ്യാനിരിക്കെ പ്രമോഷൻ എന്ന നിലയിലാണ് സിംഹവുമായുള്ള ലൊക്കേഷൻ വീഡിയോ കുഞ്ചാക്കോ ബോബന്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്‌റ്റ് ചെയ്‌തത്.
'സിംഹം ഗ്രാഫിക്‌സ് ആണത്രേ ഗ്രാഫിക്‌സ്'. അതും മാന്ത് കിട്ടിയ എന്നോട്. ഗർർർ ജൂൺ 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും'. എന്ന ക്യാപ്ഷനോടെയാണ് ചാക്കോച്ചന്‍ ഇന്‍സ്‌റ്റാഗ്രാമില്‍ വീഡിയോ പോസ്‌റ്റ് ചെയ്‌തത്. വീഡിയോയില്‍ സുരാജും ചാക്കോച്ചനും തമ്മിലുള്ള സിനിമയിലെ ഹാസ്യ സംഭാഷണങ്ങളും കേള്‍ക്കാം.
മൃഗശാലയിലെ സിംഹക്കൂട്ടിലേക്ക് മദ്യപിച്ച് കയറിച്ചെല്ലുന്ന യുവാവ് ആയാണ് കുഞ്ചാക്കോ ബോബൻ ഈ ചിത്രത്തില്‍ വേഷമിടുന്നത്. എസ്രയ്ക്ക് ശേഷം ജെയ് കെ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗർർർ. ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ് സിംഹം. മോജോ എന്നാണ് സിംഹത്തിന്‍റെ പേര്. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ 'ദര്‍ശന്‍' എന്ന പേരിലാണ് ഗര്‍ര്‍ര്‍-ലെത്തുന്നത്.