കുഞ്ചാക്കോ ബോബന്‍റെ ഏറ്റവും പുതിയ റിലീസാണ് 'ഓഫീസർ ഓൺ ഡ്യൂട്ടി'. ജിത്തു അഷറഫ് സംവിധാനം ചെയ്‌ത ചിത്രം ഫെബ്രുവരി 20നാണ് തിയേറ്ററുകളില്‍ എത്തിയത്. അഞ്ച് ദിനം പിന്നിടുമ്പോഴും തിയേറ്ററുകളില്‍ ചിത്രം മികച്ച രീതിയില്‍ മുന്നേറുകയാണ്.
ഇപ്പോഴിതാ സിനിമയുടെ പ്രെമോഷന്‍റെ ഭാഗമായി കുഞ്ചാക്കോ ബോബനും മറ്റ് അണിയറപ്രവർത്തകരും കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിക്കുകയാണ്. പ്രൊമോഷന്‍റെ ഭാഗമായി തിരുവനന്തപുരം വുമൺസ് കോളേജിൽ എത്തിയ കുഞ്ചാക്കോ ബോബനും ടീമും അപൂർവ്വമായ ഒരു നിമിഷത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. തിരുവനന്തപുരം വിമൻസ് കോളേജിലാണ് അത്യപൂർവ്വമായ ആ സംഭവം അരങ്ങേറിയത്.
കോളേജില്‍ പരിപാടി നടക്കുന്നതിനിടെ കുഞ്ചാക്കോ ബോബന് ഹസ്‌തദാനം നല്‍കാനും കൂടെ നിന്ന് ഫോട്ടോ എടുക്കാനും വിദ്യാർഥികൾക്ക് തിടുക്കമായി. വേദിയിൽ നിന്നുകൊണ്ട് തന്നെ താഴെ നിൽക്കുന്ന കുട്ടികളുടെ ഫോൺ വാങ്ങി കുഞ്ചാക്കോ ബോബന്‍ സെൽഫികൾ എടുത്തു നൽകി. ഇക്കൂട്ടില്‍ കുഞ്ചാക്കോ ബോബന്‍റെ കടുത്ത ആരാധികയായ സിന്ധു എന്ന് പേരുള്ള യുവതി തന്‍റെ ഫോണിലെ ഒരു ചിത്രം താരത്തെ കാണിച്ചു.
സിന്ധുവിന്‍റെ ഫോണിലെ ആ ചിത്രം കണ്ട് കുഞ്ചാക്കോ ബോബന്‍ അക്ഷരാർത്ഥത്തിൽ ഞെട്ടി. 27 വർഷങ്ങൾക്ക് മുമ്പുള്ള ഒരു ചിത്രമായിരുന്നു അത്. 1998ല്‍ തിരുവനന്തപുരം വുമൺസ് കോളേജ് സംഘടിപ്പിച്ച ആർട്‌സ് ഫെസ്‌റ്റിവലിൽ കുഞ്ചാക്കോ ബോബന്‍ അതിഥിയായി എത്തിയപ്പോൾ എടുത്ത ചിത്രമായിരുന്നു അത്.
കുഞ്ചാക്കോയുടെ തോളോട് തോൾ ചേർന്ന് നിൽക്കുന്ന സിന്ധുവിനെയാണ് ചിത്രത്തില്‍ കാണാനാവുക. സിന്ധുവിന്‍റെ ഫോണിലെ ചിത്രം കണ്ടതും ചാക്കോച്ചന് കൗതുകമായി. വിദ്യാർത്ഥി കൂട്ടത്തിനിടയിൽ നിൽക്കുന്ന സിന്ധുവിന്‍റെ ഫോൺ വാങ്ങി ആ പഴയ ചിത്രം ചാക്കോച്ചൻ തന്‍റെ ഫോണിലേക്ക് പകർത്തി. ശേഷം തന്‍റെ ആരാധികയ്‌ക്കൊപ്പം വീണ്ടും ഒരു സെൽഫി എടുത്തു.
ഈ ദൃശ്യങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. പൃഥ്വിരാജിന്‍റെ പേഴ്‌സണല്‍ ഫോട്ടോഗ്രാഫർ കൂടിയായ ശ്യാം ആണ് ഈ ദൃശ്യങ്ങള്‍ തന്‍റെ ക്യാമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ശ്യാം പങ്കുവച്ച ഈ പോസ്‌റ്റ് നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.