കെ ജി മാര്‍ക്കോസ് ഇടിവി ഭാരതിനോട് എറണാകുളം :വെള്ളിത്തിരയിലെ സംഗീതം കെ ജി മാർക്കോസ് എന്ന ഗായകനെ അടയാളപ്പെടുത്തിയിട്ട് നാല്‍പത് വർഷങ്ങൾ പൂർത്തിയാകുന്നു. വിവിധ ഭാഷകളിൽ വിവിധ ഭാവങ്ങളിൽ മാർക്കോസ് പാടിത്തന്ന പാട്ടുകൾ ഇപ്പോഴും അതേ ഇമ്പത്തോടെ സംഗീത ആസ്വാദകരുടെ കാതുകളിൽ അലയടിക്കുന്നുണ്ട് (Malayalam Play back Singer KG Markose).
കരിയറിൽ ഒരിക്കൽ പോലും ഒരു സിനിമാഗാനവും തന്നെ ഗായകൻ എന്നുള്ള നിലയിൽ പരീക്ഷിച്ചിട്ടില്ലെന്ന് കെ ജി മാർക്കോസ് പറയുന്നു. നിരവധി വിവാദങ്ങളും വിമർശനങ്ങളും അവഗണനകളും അദ്ദേഹത്തിനു നേരിടേണ്ടിവന്നു. ഇടിവി ഭാരതിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്‍റെ വെളിപ്പെടുത്തല്‍.
കെ ജി മാർക്കോസിന്‍റെവാക്കുകളിലേക്ക്..
"സിനിമ ഗാനങ്ങൾ തന്നെ ബുദ്ധിമുട്ടിച്ചില്ലെങ്കിലും ചില ഓണപ്പാട്ടുകളും, മാപ്പിളപ്പാട്ടുകളും പാടുന്നതിന് ഒരുപാട് കഷ്‌ടതകൾ നേരിട്ടിട്ടുണ്ട്. ശബ്‌ദം സംരക്ഷിക്കാൻ പ്രത്യേകം മാർഗങ്ങൾ ഒന്നും തന്നെ സ്വീകരിക്കുന്നില്ല. ആദ്യകാലങ്ങളിൽ മിക്കപ്പോഴും തന്നെ ജലദോഷം അലട്ടിയിരുന്നു. തൈര് ഭക്ഷണത്തിൽ നിന്ന് ഒഴിവാക്കിയപ്പോൾ ആ പ്രശ്‌നം മാറി.
ഒന്ന് തുമ്മുമ്പോഴോ, ചുമയ്ക്കുമ്പോഴോ തൊണ്ടയിൽ പോറൽ വീഴുന്നത് ഒരു ഗായകന് അത്ര നല്ല കാര്യമല്ല. വറുത്തതും, പുളിയുള്ളതും, തണുത്തതുമായ ഭക്ഷണം പൊതുവേ ഒഴിവാക്കും. എരിവും കഴിക്കാറില്ല. സമയം കിട്ടുമ്പോൾ സാധകം ചെയ്യും(Malayalam Play back Singer KG Markose).
ഒരു ശബ്‌ദ സംരക്ഷണവും നോക്കാത്ത ആളാണ് എസ് പി ബാലസുബ്രഹ്മണ്യം. ഒരിക്കൽ കലൂർ സ്റ്റേഡിയത്തിൽ അദ്ദേഹത്തിന് ഒപ്പം പാടുവാനുള്ള അവസരം ലഭിച്ചു. വേദിയിലേക്ക് കയറുന്നതിനു മുമ്പ് ഒരു ബോട്ടിൽ തണുത്ത വെള്ളം കുടിക്കുന്നത് താൻ നേരിൽ കണ്ടതാണ്. അങ്ങനെയുള്ള ചില അനുഗ്രഹീത ജന്മങ്ങൾ ഉണ്ട്.
എത്രയൊക്കെ ഭക്തിഗാനങ്ങളും സിനിമാഗാനങ്ങളും പാടിയിട്ടുണ്ടെന്ന് പറഞ്ഞാലും എന്നെ കണ്ടാൽ 'ഇസ്രായേലിന്‍ നാഥനായി' എന്നു തുടങ്ങുന്ന ഭക്തിഗാനം പാടുമോ എന്ന് ചോദിക്കാത്ത മലയാളിയില്ല". കെ ജി മാർക്കോസ് പറയുന്നു (Malayalam Play back Singer KG Markose).
പി ഭാസ്‌കരൻ മാഷുമായി കെ ജി മാർക്കോസ് സ്വര ചേർച്ചയിൽ ആയിരുന്നു എന്ന വാർത്ത കേൾക്കാനിടയായി. അത് തികച്ചും അടിസ്ഥാന രഹിതമാണ്. പലരുമായും ഇക്കാലത്തിനിടയിൽ ചില വാക്കു തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്. അതൊന്നും ഓർത്തുവയ്‌ക്കാൻ തക്കവണ്ണം വലിയ വഴക്കുകൾ ഒന്നുമല്ലെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.