തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരാതിരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തി പരാജയപ്പെട്ട ശേഷം, ഒടുവില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ നിന്ന് രഹസ്യമായി 129 ഖണ്ഡികകള്‍ വെട്ടിമാറ്റിയെന്ന് ആരോപണമുയരുന്നു. വിവരാവകാശ കമ്മിഷന്‍ പുറത്തുവിടാന്‍ നിര്‍ദ്ദേശിക്കുകയും പുറത്തു വിടുമെന്ന് സാംസ്‌കാരിക വകുപ്പ് അപേക്ഷകരെ അറിയിക്കുകയും ചെയ്‌ത പേജുകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്.
സ്വകാര്യത വെളിപ്പെടുത്തുന്ന 21 ഖണ്ഡികകള്‍ ഒഴിവാക്കണമെന്നും കൂടുതല്‍ എന്തൊക്കെ ഒഴിവാക്കാമെന്ന് സര്‍ക്കാരിന് തീരുമാനിക്കാമെന്നും വിവരാവകാശ കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതനുസരിച്ച് ഒഴിവാക്കുന്ന പേജുകളെ സംബന്ധിച്ച വിവരം വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയവരെ സാംസ്‌കാരിക വകുപ്പ് അറിയിക്കുകയും ചെയ്‌തു.
എന്നാല്‍ ഇതില്‍ പറയാത്ത 49 മുതല്‍ 53 വരെയുള്ള പേജുകളാണ് ഇപ്പോള്‍ സര്‍ക്കാര്‍ വെട്ടിമാറ്റിയതായി റിപ്പോര്‍ട്ട് ലഭിച്ച അപേക്ഷകര്‍ കണ്ടെത്തിയത്. 42,43 പേജുകളിലെ 85-ാം ഖണ്ഡികയും 59-79 പേജുകളിലെ 44 കണ്ഡികകളും ഇത്തരത്തില്‍ ഒഴിവാക്കുമെന്നുമാണ് സാംസ്‌കാരിക വകുപ്പ് അറിയിച്ചത്. എന്നാല്‍ 49 മുതല്‍ 53 വരെയുള്ള പേജുകള്‍ ഒഴിവാക്കുന്ന കാര്യം മുന്‍കൂട്ടി അറിയിച്ചിരുന്നില്ല.