നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു. ബാല്യകാല സുഹൃത്തും ദീര്‍ഘകാല കാമുകനുമായ ആന്‍റണി തട്ടിലാണ് വരന്‍ എന്നാണ് സൂചന. 15 വര്‍ഷത്തെ പ്രണയത്തിനൊടുവിലാണ് കീര്‍ത്തിയും ആന്‍റണിയും തമ്മിലുള്ള വിവാഹമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരു ദേശീയ മാധ്യമമാണ് കീര്‍ത്തിയുടെ വിവാഹ വാര്‍ത്ത പുറത്തുവിട്ടത്.
ഡിസംബര്‍ 11,12 തീയതികളില്‍ ഗോവയില്‍ വച്ചുള്ള സ്വകാര്യ ചടങ്ങില്‍ വിവാഹം ഉണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരിക്കും വിവാഹത്തില്‍ പങ്കെടുക്കുക. അതേസമയം വിവാഹ വാര്‍ത്തയോട് കീര്‍ത്തിയോ കുടുംബാംഗങ്ങളോ പ്രതികരിച്ചിട്ടില്ല.
എന്നാല്‍ വിവാഹത്തെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് വിവരം. അതേസമയം താന്‍ പ്രണയത്തിലാണെന്ന സൂചന അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ കീര്‍ത്തി നല്‍കിയിരുന്നു. പ്രണയത്തിലാണോ എന്ന ചോദ്യത്തിന് താന്‍ സിംഗിളാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്നായിരുന്നു കീര്‍ത്തിയുടെ മറുപടി. ആരെയാണ് പ്രണയിക്കുന്നതെന്ന വിവരവും കീര്‍ത്തി വെളിപ്പെടുത്തിയിരുന്നില്ല.
കീര്‍ത്തി ഹൈസ്‌കൂളില്‍ പഠിക്കുന്ന കാലത്താണ് ആന്‍റണിയെ പരിചയപ്പെടുന്നതെന്നും അന്ന് ആന്‍റണി കൊച്ചിയില്‍ കോളേജില്‍ പഠിക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടുണ്ട്. ആന്‍റണി തട്ടില്‍ ദുബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വ്യവസായിയാണെന്നും സൂചനയുണ്ട്.
നേരത്തെ സുഹൃത്ത് ഫര്‍ഹാന്‍ ബിന്‍ ലിഖായത്തുമായി കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന് വ്യാജ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനോട് കീര്‍ത്തിയും കീര്‍ത്തിയുടെ പിതാവും പ്രതികരിച്ചിരുന്നു. ഫര്‍ഹാന്‍ കീര്‍ത്തിയടെ നല്ലൊരു സുഹൃത്താണെന്നാണ് സുരേഷ് കുമാര്‍ വ്യക്‌തമാക്കിയത്.
"തന്‍റെ മകള്‍ കീര്‍ത്തി സുരേഷ്, ഫര്‍ഹാന്‍ എന്ന ഒരു പയ്യനുമായി ഡേറ്റ് ചെയ്യുന്നു, കല്യാണം കഴിക്കാന്‍ പോകുന്നു, എന്നൊക്കെയുള്ള വാര്‍ത്ത തീര്‍ത്തും വ്യാജമാണ്. ആ പയ്യന്‍ കീര്‍ത്തിയുടെ ഒരു നല്ല സുഹൃത്താണ്. അവന്‍റെ പിറന്നാളിന് കീര്‍ത്തി പോസ്‌റ്റ് ചെയ്‌ത ചിത്രമാണ് ഏതോ ഒരു ഓണ്‍ലൈന്‍ തമിഴ് മാസിക വാര്‍ത്തയാക്കിയത്. അതാണ് മറ്റുള്ളവര്‍ ഏറ്റുപിടിച്ചത്. ഇത് വളരെ മോശം പ്രവണതയാണ്. ഇത്തരം അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്" -ഇപ്രകാരമായിരുന്നു മകളുടെ വ്യാജ വിവാഹ വാര്‍ത്തയോട് സുരേഷ് കുമാര്‍ പ്രതികരിച്ചത്.
ഫര്‍ഹാനുമായുള്ള വിവാഹ വാര്‍ത്തയില്‍ കീര്‍ത്തി സുരേഷും പ്രതികരിച്ചിരുന്നു. ആരാണ് കീര്‍ത്തിയുടെ ജീവിതത്തിലെ മിസ്‌റ്ററി മാന്‍? -എന്ന തലക്കെട്ടില്‍ സോഷ്യല്‍ മീഡിയയില്‍ ഒരു ലേഖനം പങ്കുവച്ചു കൊണ്ടാണ് കീര്‍ത്തി പ്രതികരിച്ചത്. സമയം ആകുമ്പോള്‍ യഥാര്‍ഥ മിസ്‌റ്ററി മാനെ താന്‍ പരിചയപ്പെടുത്തുമെന്നും കീര്‍ത്തി സുരേഷ് പറഞ്ഞിരുന്നു.
'ഗീതാഞ്ജലി' എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പമാണ് കീര്‍ത്തി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചത്. മലയാളത്തില്‍ തുടക്കം കുറിച്ച കീര്‍ത്തി വളരെ പെട്ടെന്ന് തമിഴിലേയ്‌ക്കും തെലുങ്കിലേയ്‌ക്കും ചുവടുമാറിയിരുന്നു. തെലുങ്കില്‍ ദുല്‍ഖര്‍ സല്‍മാനൊപ്പം 'മഹാനടി' എന്ന ചിത്രം ചെയ്‌തതോടെ കീര്‍ത്തിയുടെ കരിയറില്‍ വഴിത്തിരിവായി.
'മഹാനടി'യിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും താരത്തിന് ലഭിച്ചിരുന്നു. നിലവില്‍ 'ബേബി ജോണ്‍' എന്ന ചിത്രത്തിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിക്കാനൊരുങ്ങുകയാണ് താരം. ഡിസംബര്‍ 25ന് 'ബേബി ജോണ്‍' തിയേറ്ററുകളില്‍ എത്തും.
പഴയകാല നടി മേനകയുടെയും നിര്‍മ്മാതാവ് സുരേഷ് കുമാറിന്‍റെയും ഇളയമകളാണ് കീര്‍ത്തി സുരേഷ്.
Also Read: 'വളരെ കഷ്‌ടമാണ്, ദയവ് ചെയ്‌ത് ജീവിക്കാന്‍ സമ്മതിക്കണം': ഫര്‍ഹാനുമായുള്ള വിവാഹ വാര്‍ത്തയില്‍ പ്രതികരിച്ച് കീര്‍ത്തിയും സുരേഷ് കുമാറും