ഉണ്ണി മുകുന്ദന്‍ കേന്ദ്ര കഥാപാത്രമായി എത്തിയ 'മാര്‍ക്കോ' ഗംഭീര അഭിപ്രായവുമായി തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ക്രിസ്‌മസ് 'മാര്‍ക്കോ'യ്ക്ക് സ്വന്തമെന്നാണ് പ്രേക്ഷകരുടെ വിലയിരുത്തല്‍. സിനിമയുടെ തുടക്കം മുതല്‍ അവസാനം വരെ ചോരക്കളിയെന്നാണ് സിനിമ കണ്ട ഓരോരുത്തരും പറയുന്നത്.
ഗംഭീര ആക്ഷനും ഉണ്ണി മുകുന്ദന്‍റെ മിന്നുന്ന പ്രകടനവുമാണ് ചിത്രത്തിന്‍റെ ഹൈലൈറ്റായി പറയുന്നത്. ഹോളിവുഡ് ചിത്രം 'ജോണ്‍ വിക്കു'മായി പലരും 'മാര്‍ക്കോ'യെ താരതമ്യം ചെയ്യുന്നുണ്ട്. അതേസമയം കൊറിയന്‍ പടങ്ങളില്‍ കാണുന്നതിനേക്കാള്‍ മാരകമായ വയലന്‍സാണ് ഈ ചിത്രത്തിലുള്ളതെന്നാണ് പലരും പറയുന്നത്. ഹനീഫ് അദേനിയാണ് മാര്‍ക്കോ സംവിധാനം ചെയ്‌തിരിക്കുന്നത്.
ക്യൂബ്‌സ് എന്റർടെയ്ൻമെന്റ്‌സ്, ഉണ്ണി മുകുന്ദന്‍ ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിലെ മോസ്റ്റ് വയലന്‍റ് ഫിലിം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. ആ വിശേഷണത്തോട് നൂറ് ശതമാനം നീതി പുലര്‍ത്തിയെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
വലിയ ഹൈപ്പോടെ എത്തിയ ഈ ചിത്രം മികച്ച കളക്ഷനാണ് നേടുന്നത്. നാലാം ദിനത്തിലേക്ക് എത്തുമ്പോള്‍ ആഗോളതലത്തില്‍ 21 കോടി രൂപ നേടി ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ് മാര്‍ക്കോ . കേരളത്തില്‍ നിന്ന് മികച്ച കളക്ഷനാണ് മാര്‍ക്കോയ്ക്ക് ലഭിക്കുന്നത്. നാലാം ദിവത്തിലേക്ക് എത്തുമ്പോള്‍ 14.35 കോടിയാണ്. 5.43 കോടി രൂപയാണ് മൂന്നാം ദിനത്തില്‍ മാത്രം നേടിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് 14.93 കോടി രൂപയാണ് നേടിയത്. ആദ്യദിനത്തില്‍ നേടിയിരുന്നത് 10 കോടി രൂപയാണ്. പ്രധാന അനലിസ്‌റ്റായ സാക്‌നികല്‍സ് നല്‍കുന്ന വിവരമാണിത്.
ക്രിസ്‌മസ് ദിനത്തിൽ റിലീസ് ചെയ്യുന്ന മോഹൻലാലിൻ്റെ ബറോസും വരുൺ ധവാൻ്റെ ബേബി ജോണും ആയിരിക്കും ബോക്‌സ് ഓഫീസിൽ മാർക്കോയുമായി ഇനി ഏറ്റുമുട്ടാന്‍ പോകുന്നത്. ബറോസ് കുട്ടികളുടെ 3D ഫാൻ്റസി ചിത്രമാണെങ്കിൽ, ബേബി ജോൺ ഒരു ആക്ഷൻ എൻ്റർടെയ്‌നറാണ് എന്നതാണ് വെല്ലുവിളി. നിലവില്‍ ആഷിഖ് അബു സംവിധാനം ചെയ്‌ത റൈഫിള്‍ ക്ലബാണ് മാര്‍ക്കോയ്ക്ക് മല്‍സരിക്കാനുള്ളത്.
സിനിമയുടെ കുതിപ്പ് തുടര്‍ന്നാല്‍ ഉണ്ണി മുകുന്ദന്‍റെ കരിയറിലെ ആദ്യ 100 കോടി ചിത്രമാകും മാര്‍ക്കോ എന്നാണ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. രണ്ട് മണിക്കൂര്‍ 25 മിനിറ്റാണ് സിനിമയുടെ ദൈര്‍ർഘ്യം.
ചിത്രത്തിലെ പശ്ചാത്തല സംഗീതവും പ്രേക്ഷകര്‍ ഏറ്റെടുത്തിട്ടുണ്ട്. ‘കെജിഎഫ്’, ‘സലാർ’ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ സംഗീതം പകരുന്ന ആദ്യ മലയാള സിനിമയാണിത്.
ഷമ്മി തിലകന്‍റെ മകന്‍ അഭിമന്യുവിന്‍റെ അരങ്ങേറ്റ ചിത്രം കൂടിയാണ് മാര്‍ക്കോ. വില്ലന്‍ വേഷത്തിലെത്തിയ അഭിമന്യു മികച്ച പ്രകടനം തന്നെയാണ് ചിത്രത്തില്‍ കാഴ്‌ചവച്ചിരിക്കുന്നത്. ജഗദീഷ് അവതരിപ്പിച്ച ടോണി ഐസക് എന്ന കഥാപാത്രത്തിന്‍റെ മകന്‍ റസല്‍ ആയാണ് അഭിമന്യു എത്തിയത്. അഭിനയം മാത്രമല്ല ശബ്‌ദവും അതി ഗംഭീരമായിരുന്നുവെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.
സംഘട്ടനങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രമുഖ ആക്ഷൻ ഡയറക്‌ടർ കലൈ കിങ്ങ്സ്റ്റണാണ്. ചിത്രത്തിനായി ഏഴോളം ഫൈറ്റ് സീക്വൻസുകളാണ് കലൈ കിങ്ങ്സ്റ്റൺ ഒരുക്കിയിരിക്കുന്നത്. നിരവധി ചിത്രങ്ങളുടെ ആക്ഷൻ കോറിയോഗ്രാഫി നിർവഹിച്ച കലൈ കിങ്ങ്സ്റ്റണ്‍ ഒരു കംപ്ലീറ്റ് ആക്ഷൻ ചിത്രത്തിന്‍റെ ഫൈറ്റ് മാസ്റ്ററായി പ്രവർത്തിക്കുന്നത് ഇതാദ്യമായാണ്.
ഉണ്ണി മുകുന്ദനോടൊപ്പം സിദ്ദിഖ്, ജഗദീഷ്, ആൻസൺ പോൾ, കബീർ ദുഹാൻസിങ് (ടർബോ ഫെയിം), അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഒട്ടേറെ പുതുമുഖ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ നായിക കഥാപാത്രവും മറ്റ് സുപ്രധാന വേഷങ്ങളും ബോളിവുഡ് താരങ്ങളാണ് അവതരിപ്പിക്കുന്നത്.
Also Read:രണ്ടാം ദിനത്തിലും ബോക്‌സ് ഓഫീസില്‍ കുതിച്ച് 'മാര്‍ക്കോ'; ആഗോളതലത്തിലും തരംഗം സൃഷ്‌ടിച്ച് ചിത്രം