വൃന്ദാവനത്തിന്‍റെ പേരില്‍ 'വഴക്കിട്ട' കൃഷ്‌ണനും രാധയും, പെട്ടന്നൊരിക്കല്‍ 'അടിച്ചുകേറി വന്ന ദുബായ് ജോസ്, ബേസില്‍ ജോസഫിന്‍റെ 'കളിയാക്കലും' ടൊവിനോയുടെ 'പ്രതികാരവും', 'നെനച്ച വണ്ടി'ക്കായി കാത്തുനില്‍ക്കുന്ന ഉണ്ണിക്കണ്ണനും...
അങ്ങനെ 'എന്തൊക്കെയാണ്' ഇക്കഴിഞ്ഞുപോയ 2024ല്‍ ഈ സോഷ്യല്‍ മീഡിയയില്‍ നടന്നത്... പാട്ടുപാടിയും ഡാൻസ് കളിച്ചും പലരും റീല്‍സിലൂടെയും ഷോര്‍ട്ട് വീഡിയോകളിലൂടെയും നമ്മളെ അമ്പരിപ്പിച്ചു, ചിലര്‍ ചിരിപ്പിച്ചു. ട്രോള്‍ വീഡിയോകളും 'കുത്തിപ്പൊക്കലും' എല്ലാം കാഴ്‌ചക്കാരെ രസിപ്പിച്ചു. ഇങ്ങനെ തരംഗമായി വന്ന പല പാട്ടും ഡയലോഗുമെല്ലാം ഉപയോഗിക്കാത്തവരായി അധികമാരും തന്നെയുണ്ടാകില്ല. അതിനി നേരിട്ടായാലും ഓണ്‍ലൈനില്‍ ആയാലും ഒരിക്കലെങ്കിലും അവയെ പ്രയോഗിച്ച് പരീക്ഷിച്ചിട്ടുള്ളവരാകും നാം.
'വൃന്ദാവനം കണ്ടെത്തിയത് ഞാനാണ്'
'അതിനുള്ള ധനം നല്‍കിയത് ഞങ്ങളാണ്'
'ഞാൻ ബര്‍സാനയ്‌ക്ക് ഒരുപാട് സഹായങ്ങള്‍ ചെയ്‌തിട്ടുണ്ട് രാധേ'
'ഞാൻ നിന്നെ ഒരുപാട് സ്നേഹിച്ചിട്ടുണ്ട് കൃഷ്‌ണാ...'
'കണ്ണന്‍റെ രാധ' എന്ന മലയാളത്തിലേക്ക് ഡബ്ബ് ചെയ്‌ത ഹിന്ദി ടെലിവിഷൻ സീരിയല്‍. വൃന്ദാവനത്തിന്‍റെ പേരില്‍ കണ്ണനും രാധയും വഴക്കിടുന്ന ചെറിയൊരു ഭാഗം സോഷ്യല്‍ മീഡിയയില്‍ തീര്‍ത്ത ഓളം തെല്ലും ചെറുതൊന്നുമായിരുന്നില്ല. കൃഷ്‌ണനും രാധയുമായി വേഷമിടാൻ പലരും മത്സരിച്ചു, ചിലര്‍ ഒറ്റയ്‌ക്കും മറ്റുചിലര്‍ കൂട്ടമായ് വന്നും ഈ ഭാഗം അഭിനയിച്ച് നമ്മളെ രസിപ്പിച്ചു, ചിരിപ്പിച്ചു. എന്തായാലും കണ്ണന്‍റെയും രാധയുടെയും ചെറിയൊരു സൗന്ദര്യ പിണക്കം സോഷ്യല്‍ മീഡിയ അങ്ങ് കളറാക്കിക്കൊടുത്തു എന്നുവേണം പറയാൻ.
ബേസില്‍ 'ശാപം': കൈ കൊടുക്കാൻ ശ്രമിച്ച് പല പ്രമുഖരും 'ചമ്മിപ്പോയ' ഒരു വര്‍ഷമാണ് കടന്നുപോകുന്നത്. 'മരണമാസ്' സിനിമയുടെ പൂജ ചടങ്ങുകള്‍ക്കിടെ പൂജാരി നീട്ടിയ ആരതിക്കായി ടൊവിനോ കൈ നീട്ടിയത് മുതലാണ് ചമ്മല്‍ ശാപം തുടങ്ങുന്നത്. കൈ നീട്ടിയിട്ടും തന്നെ മൈൻഡ് ചെയ്യാതെ പൂജാരി ആരതിയുമായി പോയതോടെ ടൊവിനോയെ ബേസില്‍ ജോസഫ് കളിയാക്കി ചിരിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു.
വൈകാതെ, പ്രഥമ സൂപ്പര്‍ ലീഗ് ഫൈനലിനിടെ ബേസില്‍ ജോസഫിനും ഇത്തരത്തിലൊരു പണിയങ്ങ് കിട്ടി. സമ്മാനദാനത്തിനിടെ ബേസില്‍ കൈ നീട്ടിയിട്ടും ഒരു കളിക്കാരൻ അത് കാണാതെ പോകുകയായിരുന്നു. ഇതോടെ ബേസിലും എയറിലായി, ബേസില്‍ ജോസഫിനെ എയറിലാക്കാൻ ടൊവിനോയും ട്രോളൻമാരും ഇറങ്ങിയെന്ന് വേണം പറയാൻ. ഈ വീഡിയോയില്‍ നിന്നുണ്ടായ മീമുകളെല്ലാം സോഷ്യല്‍ മീഡിയ കയ്യടക്കി.
ബേസില്‍ ജോസഫിന് പിന്നാലെ, സുരാജ് വെഞ്ഞാറമൂട് ഗ്രേസ് ആന്‍റണിക്ക് കൈ കൊടുത്തും ചമ്മി. ഭാവനയ്‌ക്കൊപ്പം നിന്ന് രമ്യ നമ്പീശനും എയറിലായി. അക്ഷയ് കുമാറിനെ എയറിലാക്കി ബേസില്‍ ശാപത്തെ ലാലേട്ടൻ പാൻ ഇന്ത്യൻ ലെവലിലേക്ക് എത്തിച്ചു. ഏറ്റവും ഒടുവിലായി മെഗാസ്റ്റാര്‍ മമ്മൂട്ടിയും കൈ കൊടുത്ത് ചമ്മിയവരുടെ ലിസ്റ്റില്‍ ഇടം പിടിക്കുകയായിരുന്നു.
'അടിച്ചു കേറി വാ...': 20 വര്‍ഷം മുന്‍പ് ഇറങ്ങിയ ഒരു സിനിമ, ആ സിനിമയിലെ ഒരു കഥാപാത്രത്തേയും ആ കഥാപാത്രത്തിന്‍റെ ഡയലോഗിനെയും സോഷ്യല്‍ മീഡിയ ആഘോഷമാക്കിയ വര്‍ഷം. പറഞ്ഞുവരുന്നത് 'ജലോത്സവം' എന്ന സിനിമയില്‍ റിയാസ് ഖാൻ അവതരിപ്പിച്ച ദുബായ് ജോസിനെ കുറിച്ചും ജോസിന്‍റെ 'അടിച്ചു കേറി വാ...' ഡയലോഗിനെ കുറിച്ചുമാണ്.
സിനിമ ഇറങ്ങിയപ്പോള്‍ അധികം ആരും ശ്രദ്ധിക്കാതെ പോയ ഒരു ഡയലോഗായിരുന്നു അടിച്ചു കേറി വാ എന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷം ആ ഒരൊറ്റ ഡയലോഗ് സമൂഹമാധ്യമങ്ങളില്‍ തരംഗമായി മാറി. ആ ഡയലോഗിന്‍റെ ചുവടുപിടിച്ച് ട്രോളും വീഡിയോകളുമിറങ്ങി. തന്‍റെ കഥാപാത്രത്തെ ഫേമസാക്കിയ വ്യക്തിയെ കണ്ടെത്തി റിയാസ് ഖാൻ സമ്മാനം കൊടുത്തതുമെല്ലാം സോഷ്യല്‍ മീഡിയ ആഘോഷിച്ചു.
'കണ്‍വിൻസിങ് സ്റ്റാര്‍': ഡെത്ത് സ്റ്റാര്‍, ചെന്നൈ സ്റ്റാര്‍, ചീറ്റിങ് സ്റ്റാര്‍, സ്മൈലിങ് സ്റ്റാര്‍ അങ്ങനെ സൈബര്‍ താരലോകത്ത് ഇക്കൊല്ലം ഏറെ തരംഗം തീര്‍ത്ത ഒന്നായിരുന്നു സുരേഷ് കൃഷ്ണയുടെ കണ്‍വിൻസിങ് സ്റ്റാര്‍. 'നീ പൊലീസിനെ പറഞ്ഞ് മനസിലാക്ക്, ഞാൻ വക്കീലുമായി വരാം' എന്ന് പറഞ്ഞ് ക്രിസ്ത്യൻ ബ്രദേഴ്‌സിലെ നായകൻ മോഹൻലാലിനെ പോലും കണ്‍വിൻസ് ചെയ്ത് മുങ്ങിയ സുരേഷ് കൃഷ്‌ണയുടെ കഥാപാത്രത്തെ സോഷ്യല്‍ മീഡിയ ഈ വര്‍ഷം ആഘോഷമാക്കി. ബാങ്കിലെ ഒരു സാധാരണ ജീവനക്കാരനായ ക്രിസ്റ്റിയെ ഒരു അധോലോക രാജാവാക്കി മാറ്റിയത് പോലും ജോര്‍ജ് കുട്ടിയുടെ ഈ ഡയലോഗായിരുന്നു.
ആളുകളെ പറഞ്ഞ് വിശ്വസിപ്പിക്കുന്നതില്‍ സുരേഷ് കൃഷ്‌ണയുടെ കഥാപാത്രങ്ങള്‍ക്ക് സൂപ്പര്‍ പവറുണ്ടെന്ന് പോയവര്‍ഷം സോഷ്യല്‍ മീഡിയ കണ്ടെത്തി. ഇതോടെയാണ് താരത്തിന് കണ്‍വിൻസിങ് സ്റ്റാര്‍ പട്ടവും സൈബറിടം ചാര്‍ത്തിക്കൊടുത്തത്.
ക്രിസ്റ്റ്യൻ ബ്രദേഴ്‌സിന് മുന്‍പ് തന്നെ സുരേഷ് കൃഷ്ണ കണ്‍വിൻസിങ് ഫീല്‍ഡിലുണ്ടെന്ന് ഇക്കൊല്ലം സോഷ്യല്‍ മീഡിയ കണ്ടെത്തി കാര്യസ്ഥൻ, തുറുപ്പുഗുലാൻ, താന്തോന്നി, കരുമാടി കുട്ടൻ, ചെസ് തുടങ്ങിയ ചിത്രങ്ങളിലെല്ലാം പലരെയും പലതും പറഞ്ഞ് കണ്‍വിൻസ് ചെയ്ത് പല നേട്ടങ്ങളും സ്വന്തമാക്കാൻ സുരേഷ് കൃഷ്‌ണയുടെ കഥാപാത്രങ്ങള്‍ക്കായിട്ടുണ്ട്.
'ഉണ്ണിക്കണ്ണന്‍റെ നെനച്ച വണ്ടി': ഇൻസ്റ്റഗ്രാം റീല്‍സിലും കൂട്ടുകാര്‍ കൂട്ടത്തോടെ ഇരിക്കുമ്പോഴുമെല്ലാം 'കടന്നുകയറിയ' ഒന്നായിരുന്നു ഉണ്ണിക്കണ്ണൻ എന്ന വിജയ് ആരാധകന്‍റെ 'നെനച്ച വണ്ടി' പ്രയോഗം. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ വിജയ് പറഞ്ഞ ഡയലോഗ് ഉണ്ണിക്കണ്ണൻ ഒരു ഓണ്‍ലൈൻ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയാൻ ശ്രമിച്ചിരുന്നു. ആ ഡയലോഗ് കൃത്യമായി പറയാൻ ഉണ്ണിക്കണ്ണന് സാധിച്ചിരുന്നില്ല. ഇതോടെയാണ് ഇത് ട്രോളന്മാരും ഏറ്റെടുത്തത്. ഉണ്ണിക്കണ്ണന്‍റെ നെനച്ച വണ്ടി ഡയലോഗ് വച്ച് നിരവധി റീല്‍സും ട്രോളും പിറന്നു. സംഗതി തരംഗമായതിന് പിന്നാലെ തെറ്റാതെ നെനച്ച വണ്ടി ഡയലോഗ് പറയുന്ന ഉണ്ണിക്കണ്ണന്‍റെ വീഡിയോക്കും സോഷ്യല്‍ മീഡിയ കയ്യടിച്ചിരുന്നു. ഇതുകൂടാതെ ഉണ്ണിക്കണ്ണന്‍റെ വെറേയും ചില അഭിമുഖങ്ങളിലെ ഭാഗങ്ങള്‍ സോഷ്യല്‍ മീഡിയയെ ഈ വര്‍ഷം കത്തിച്ചുവെന്ന് വേണം പറയാൻ.
'പോപ്പിൻസ് ഡാൻസ്': ഒരു ബ്ലൂപ്പര്‍ വീഡിയോ, അത് കണ്ടത് 51 മില്യണിലധികം ആളുകള്‍...! പറഞ്ഞുവരുന്നത് 'ഹൂഫിറ്റ് ഡാൻസ് കമ്പനിയിലെ നാല്‍വര്‍ സംഘത്തെ കുറിച്ചാണ്. റോഡരികില്‍ 'ഓ...പില്ലഗാ..' എന്ന് തെലുങ്ക് പാട്ടിന് ചുവടുവെച്ച് കൊണ്ടുള്ള നാല് പിള്ളേരുടെ റീല്‍സ് പിടിത്തം ആഗോളതലത്തിലായിരുന്നു തരംഗമായത്. റീല്‍ ചിത്രീകരണത്തിനിടെ വരുന്ന ബസ് ഹോണടിക്കുന്നതും കൂട്ടത്തിലൊരാള്‍ പേടിച്ച് ചാടിമാറുന്നതെല്ലാം പതിഞ്ഞ വീഡിയോയാണ് സമൂഹമാധ്യമങ്ങളിലും കത്തിക്കയറിയത്.
ബ്ലൂപ്പര്‍ വീഡിയോക്ക് പിന്നാലെ പൂര്‍ത്തിയാക്കിയ ഡാൻസിന്‍റെ വീഡിയോയും ഹൂഫിറ്റ് ഡിസി തങ്ങളുടെ പേജില്‍ പോസ്റ്റ് ചെയ്‌തിരുന്നു. 25 മില്യണില്‍ അധികം ആളുകള്‍ ഈ വീഡിയോയും കണ്ടു. ഡാൻസിനുള്ള നാല് പേരുടെ കോസ്റ്റ്യൂമിലൂടെയാണ് അവര്‍ക്ക് പോപ്പിൻസ് എന്ന വിളിപ്പേരും ലഭിച്ചത്.
സോഷ്യല്‍ മീഡിയയിലെ മറ്റ് കാഴ്‌ചകള്‍....
- 'ശുഭദിനം'
- മകളുടെ കല്ല്യാണത്തിന് അച്ഛന്‍റെ ഡാൻസ്
- ഹേ ബനാനേ ഒരു പൂ തരാമോ...
- ക്യൂട്ട് മേക്കപ്പ് ആര്‍ട്ടിസ്റ്റ്
- സച്ചിൻ ടെണ്ടുല്‍ക്കറെയും അമ്പരപ്പിച്ച കൊച്ചുമിടുക്കി
Smooth, effortless, and lovely to watch! Sushila Meena’s bowling action has shades of you, @ImZaheer.
— Sachin Tendulkar (@sachin_rt) December 20, 2024
Do you see it too? pic.twitter.com/yzfhntwXux
- വഴി കാത്ത് നിന്ന പെൻഗ്വിൻ
- നഫീസുമ്മയുടെ മണാലി യാത്ര
- ഹനുമാൻകൈൻഡിനെ നോക്കി മോദി പറഞ്ഞു 'ജയ് ഹനുമാൻ'
VIDEO | PM Modi (@narendramodi) welcomed by music artists Hanumankind, Aditya Gadhvi and Devi Sri Prasad (@ThisIsDSP) onstage at the Community Event at Nassau Coliseum in New York earlier today. #PMModiUSVisit
— Press Trust of India (@PTI_News) September 22, 2024
(Source: Third Party) pic.twitter.com/thZKkxDEw2
- ഹാഷിറിന്‍റെ ഡാൻസ്
Also Read: മഞ്ഞുമ്മല്‍ ബോയ്‌സ് മുതല്‍ ആടുജീവിതം വരം; 2024ലെ മികച്ച മലയാളം ചിത്രങ്ങള്‍ - YEAR ENDER 2024