എറണാകുളം : കേരളത്തിൽ നിന്നുള്ള മാലിന്യങ്ങൾ തമിഴ്‌നാട് തിരുനെൽവേലിയിൽ നിക്ഷേപിച്ച സംഭവത്തിൽ നടപടിയുമായി കേരളാ ഹൈക്കോടതി. വിഷയത്തെക്കുറിച്ച് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ ഡിവിഷൻ ബെഞ്ച് നിർദേശിച്ചു. തദ്ദേശ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കണം. പ്രത്യേക സിറ്റിങ് നടത്തിയാണ് ഹൈക്കോടതി ഇടപെടൽ.
തമിഴ്‌നാട് തിരുനെൽവേലിയിൽ ആശുപത്രി മാലിന്യം തള്ളിയ സംഭവത്തിൽ തദ്ദേശ വകുപ്പ് സെക്രട്ടറി ജനുവരി 10നകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഹൈക്കോടതിയുടെ നിർദേശം. ജസ്‌റ്റിസുമാരായ ബച്ചു കുര്യൻ തോമസ്, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്‍റേതാണ് നടപടി.
ആർസിസി, ഉള്ളൂരിലെ മറ്റൊരു ആശുപത്രി എന്നിവിടങ്ങളിൽ നിന്നുമുള്ള മാലിന്യമായിരുന്നു തിരുനെൽവേലിയിലെ വിവിധയിടങ്ങളിൽ തള്ളിയത്. ഈ മാലിന്യം കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിൽ നിന്നും ഉദ്യോഗസ്ഥരെത്തി നീക്കം ചെയ്‌തിരുന്നു. മാലിന്യം തളളിയ സംഭവത്തിൽ സ്വീകരിച്ച നടപടികളടക്കമാണ് തദ്ദേശ വകുപ്പ് സെക്രട്ടറി റിപ്പോർട്ട് സമർപ്പിക്കേണ്ടത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
അതേസമയം എറണാകുളം പൊന്നുരുന്നിയിലെ അങ്കണവാടിയിലെ കുഞ്ഞുങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ കൊച്ചി കോർപ്പറേഷനോടും ഹൈക്കോടതി റിപ്പോർട്ട് തേടി. അതിനെക്കുറിച്ച് കൊച്ചി കോർപ്പറേഷൻ സെക്രട്ടറി റിപ്പോർട്ട് നൽകണം. അമിക്കസ് ക്യൂറി സ്ഥലം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി ഹൈക്കോടതിയെ അറിയിക്കണമെന്നും നിർദേശിച്ചു.
സ്വമേധയാ ഹർജി ഫയലിൽ സ്വീകരിച്ചാണ് ഈ വിഷയത്തിലും ഹൈക്കോടതിയുടെ നടപടി. രണ്ട് ദിവസം മുമ്പാണ് പൊന്നുരുന്നിയിലെ അങ്കണവാടിയിൽ 12 കുഞ്ഞുങ്ങൾക്ക് ഭക്ഷ്യവിഷബാധയേറ്റത്. കുടിവെള്ളത്തിൽ നിന്നാണ് രോഗവ്യാപനമെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.
Also Read: വണ്ടിപ്പെരിയാർ പോക്സോ കേസിൽ അപൂർവ നടപടിയുമായി ഹൈക്കോടതി; കുറ്റവിമുക്തനായ പ്രതി കോടതിയില്‍ ഹാജരാകണം